ആലത്തൂർ: പൊതുജനത്തെ ദ്രോഹിക്കുന്ന നടപടിയിൽ മികവിലാണ് മോട്ടോർ വാഹന വകുപ്പ്. ഒരു വാഹനം സംബന്ധിച്ച എന്തെങ്കിലും ആവശ്യത്തിന് ആർ.ടി.ഒ ഓഫീസിൽ പോകുമ്പോഴാണ് പലരും കോമ്പൗണ്ടിംഗ് ഫീസ് എന്ന പേരിൽ മുൻകാലത്തെ കാമറ അടക്കമുള്ള ഫൈൻ അടയ്ക്കേണ്ടതായി അറിയുക. ഈ തുക അടക്കാതെ മറ്റ് സർവീസുകളൊന്നും ലഭിക്കില്ല.
നിർബന്ധമായും പിഴത്തുക അടച്ചാലും ഓൺലൈനിൽ മറ്റ് ഇടപാടുകൾ നടത്താനാകില്ല. വാഹനത്തിന്റെ രേഖകളിൽ നിന്ന് ഓൺലൈനായി ഫൈൻ നീക്കം ചെയ്യാത്തതാണ് പ്രശ്നമാകുന്നത്. അതത് പ്രദേശത്തെ ആർ.ടി.ഒ ഓഫീസിൽ ചെന്ന് അന്വേഷിച്ചാൽ എറണാകുളത്തെയോ കോഴിക്കൊട്ടെയോ റീജിയണൽ ഓഫീസിലേക്ക് വിളിക്കാൻ നിർദേശിക്കും. പലർക്കും ഈ നമ്പരുകളിൽ പലപ്രാവശ്യം വിളിച്ചാലും ലഭിക്കില്ല. റീജിയണൽ ഓഫീസിൽ നിന്ന് ഫൈൻ അടച്ചെന്ന് ഉറപ്പുവരുത്തി രേഖയിൽ നിന്ന് നീക്കം ചെയ്താലേ പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ്, കൈമാറ്റം തുടങ്ങിയ ഇടപാടുകൾ നടക്കുകയുള്ളൂ.
ഫൈൻ അടച്ചാലുടൻ രേഖയിൽ നിന്ന് നീക്കണം
മാസങ്ങളോളം പിഴ അടച്ചിട്ടും പരിവാഹനിലെ രേഖയിൽ നിന്ന് മാറാൻ കഴിയാത്തത് മൂലം ആയിരക്കണക്കിന് പേർ ഇത്തരം നടപടി ക്രമങ്ങളിൽ നട്ടം തിരിയുകയാണ്. പെർമിറ്റോ ഫിറ്റ്നസോ തെറ്റിയാൽ ഭീമമായ പിഴ വീണ്ടും പുറകെ വരും. ഫൈൻ അടച്ചാലുടൻ തന്നെ വാഹനത്തിന്റെ രേഖകളിൽ ഈ വിവരം ഉൾപ്പെടുത്താനും മറ്റ് ഇടപാടുകൾ നടത്താനും അവസരം ലഭിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. അല്ലെങ്കിൽ അതത് സബ് ആർ.ടി.ഒ ഓഫീസുകൾക്ക് ഇത്തരത്തിൽ രേഖകൾ കൈകാര്യം ചെയ്യുന്നതിനും മാർഗമുണ്ടാക്കണം.
പ്രശ്നം കേരളത്തിൽ മാത്രം
അന്യ സംസ്ഥാന വാഹന ഉടമകൾ പറയുന്നത് കേരളത്തിലൊഴികെ മറ്റൊരിടത്തും ഇത്തരത്തിൽ സങ്കീർണ്ണമായ സംവിധാനമില്ലെന്നാണ്. പുതിയ വകുപ്പ് മന്ത്രിയെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വാഹന ഉടമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |