കൽപ്പറ്റ: വന്യമൃഗങ്ങളെ കാണാനായി ആളുകൾ ടിക്കറ്റെടുത്ത് മൃഗശാലകളിൽ എത്തുന്നത് പതിവാണ്. എന്നാൽ വയനാട്ടിലെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് ടിക്കറ്റ് എടുക്കാതെ തന്നെ വന്യമൃഗങ്ങളെ കാണാൻ കഴിയും. മൃഗശാലകളിൽ അടച്ചുറപ്പുള്ള കൂടുകളിലാണ് കരടിയും കാട്ടാനയും കടുവയുമെക്കെ പ്രദർശനത്തിനുള്ളതെങ്കിൽ വയനാട്ടിൽ സ്വൈര്യ വിഹാരം നടത്തുന്ന വന്യമൃഗങ്ങളെയാണ് കാണാനാകുക. ചിലപ്പോൾ മനുഷ്യരുടെ ജീവൻ തന്നെ അപകടത്തിൽ പെട്ടെന്നും വരാം. വയനാട്ടിൽ വന്യമൃഗ ശല്യം തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ ഇത്രയും രൂക്ഷമായ സ്ഥിതി ഈ അടുത്തകാലത്ത് വയനാട് നേരിട്ടിട്ടില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കടുവയുടെയും കാട്ടാനയുടെയും ആക്രമണത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. കടുവയും കാട്ടാനയും പുലിയുമായിരുന്നു വയനാട്ടിലെ വനാതിർത്തി പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്നത്. കരടി ജനവാസമേഖലയിൽ ഇറങ്ങുന്നത് വയനാട്ടിൽ പതിവില്ല. വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ മാത്രമാണ് കരടിയെ കാര്യമായി കണ്ടിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കരടി ഇറങ്ങിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധഭാഗങ്ങളിൽ കരടി വിലസുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ കരടി നാട് ചുറ്റാൻ തുടങ്ങിയതോടെ വനപാലകരും നാട്ടുകാരും ഒരുപോലെ പ്രതിസന്ധിയിലായി. കിലോമീറ്ററുകൾ താണ്ടിയാണ് കരടി വിഹരിക്കുന്നത്. കഴിഞ്ഞദിവസം വള്ളിയൂർക്കാവ് പരിസരത്താണ് ആദ്യം കരടിയെ കാണുന്നത്. സിസി.ടി.വി ദൃശ്യത്തിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കരടിയെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കിലോമീറ്റർ അകലെ മാനന്തവാടി ടൗൺ പരിസരത്ത് കരടിയെത്തി. ചൊവ്വാഴ്ച പകലാണ് കരടി കൂടുതൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ കരടി വെളിച്ചെണ്ണയും പഞ്ചസാരയും ഭക്ഷിച്ചാണ് മടങ്ങിയത്. പീച്ചങ്കോട് ഗവ.എൽ പി സ്‌കൂളിന്റെ അടുക്കളയിലും കരടി കയറി. ഇതേ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലും കരടി കയറിയിട്ടുണ്ട്. ഇതിനിടയിലാണ് ഉച്ചയ്ക്ക് 12 മണിയോടെ തരുവണയ്ക്ക് സമീപം കരടിയെ കണ്ടത്. കക്കടവ് വയൽ പ്രദേശത്ത് ഇറങ്ങിയ കരടി വയലിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. പൊലീസും ആർ.ആർ.ടി സംഘവും സ്ഥലത്തെത്തിയിരുന്നു. മയക്കുവെടി വയ്ക്കാനായി പലതവണ ശ്രമം നടത്തിയെങ്കിലും വെടിവയ്ക്കാൻ കഴിഞ്ഞില്ല. കരടിയെ കാണാൻ നൂറുകണക്കിന് പ്രദേശവാസികൾ തടിച്ചുകൂടിയതും പ്രതിസന്ധിയായി. പടക്കം പൊട്ടിച്ച് ജനവാസമേഖലയിൽ നിന്നും കാടുകയറ്റാനുള്ള ശ്രമവും വിജയിച്ചില്ല. രാത്രിയിലും പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുകയാണ്. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |