കോഴിക്കോട്: സ്ഥിതി വ്യവസ്ഥയുടെ അധികാരഘടന ചോദ്യം ചെയ്യുന്ന കലാപത്തിന്റെ കനൽ കവിതയിൽ വേണമെന്ന് കവി പ്രഭാവർമ. കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിച്ച 'എഴുത്തുകാരനൊപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാൻ പോകുന്ന കാലത്തെ ദീർഘദർശനം ചെയ്യാൻ കവിക്ക് കഴിയണം. അത് ദിവ്യശക്തിയല്ല. യുക്തിപരമായ ചർച്ചയാണ്. കവിതയുടെ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്റെ രാഷ്ട്രീയവും നിലപാടുകളും നോക്കിയാണോ അയാളുടെ രചനകൾ വിലയിരുത്തേണ്ടത് എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. എഴുത്തുകാരന്റെ രാഷ്ട്രീയവും നിലപാടുകളും നോക്കിയാണ് അയാളുടെ രചനകൾ വിലയിരുത്തുന്നതെങ്കിൽ ലോകത്തിലെ പല പ്രമുഖരുടെയും കൃതികൾ വായിക്കാൻ പറ്റാത്തതാകും. പരസ്യമായി ഫാഷിസത്തെ പിന്തുണച്ചവരായിരുന്നു യൂറോപ്പിലെ പ്രമുഖരായ പല സാഹിത്യകാരൻമാരും. എന്നാൽ അവരുടെ കൃതികളാകട്ടെ വിഖ്യാതവും. കുട്ടിക്കാലത്ത് അച്ഛൻ ചൊല്ലിക്കേട്ട നാമജപങ്ങളിൽ നിന്നുമാണ് താൻ കവിതാ ലോകം തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരൻ കെ.പി രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |