SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.04 PM IST

'ഇത്തവണ മത്സരിക്കാനില്ല'; വ്യക്തിപരമായ  തീരുമാനം  പാർട്ടിയെ  അറിയിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ

k-surendran

ന്യൂഡൽഹി: വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ വ്യക്തിപരമായ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിയതായിരുന്നു സുരേന്ദ്രൻ.

കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എൻഡിഎ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഓരോ ലോക്‌സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി തയ്യാറാക്കി വരുന്നുണ്ട്. ഘടകകക്ഷികളുടെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുളള ചർച്ചകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദേശീയ കൗൺസിൽ യോഗം അവസാനിച്ചാലുടൻ സ്ഥാനാർത്ഥികളുടെ വിവരങ്ങളടങ്ങിയ അന്തിമ പട്ടിക ഡൽഹിയിലേക്ക് കൈമാറുന്നതാണ്. മികച്ച സ്ഥാനാർത്ഥികളെയാണ് എല്ലാ മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. നരേന്ദ്രമോദിയെ വിശ്വസിച്ച് ജനങ്ങൾ മുന്നോട്ടുവരും'- സുരേന്ദ്രൻ പറഞ്ഞു.

സോഷ്യൽമീഡിയ പോരിലും ബിജെപി മുന്നിൽ

മലപ്പുറം: പരമ്പരാഗത പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്ത് സോഷ്യൽ മീഡിയയിലൂടെയും ലോക്സഭാ തിരഞ്ഞെടുപ്പ് പോര് കനപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. ന്യൂജെൻ വോട്ടർമാരെ അടക്കം പാട്ടിലാക്കാൻ ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ പ്രത്യേക ക്യാമ്പയിൻ നടത്തും. വാട്സാപ്പിലൂടെയും സന്ദേശങ്ങൾ കൈമാറും. എതിരാളികളുടെ ആരോപണങ്ങളെ വസ്തുതകളും കണക്കും നിരത്തി പ്രതിരോധിക്കും. പ്രചാരണം കൊഴുപ്പിക്കാൻ പ്രൊഫഷണൽ ടീമുകളുടെ സഹായവും തേടും. പടയൊരുക്കത്തിൽ ബിജെപിയാണ് ഇപ്പോൾ മുന്നിൽ. 20,000 ബൂത്തുകളിൽ സോഷ്യൽ മീഡിയ കൺവീനറെ നിയോഗിച്ചു. നിയോജക മണ്ഡലങ്ങളിൽ അഞ്ചും ലോക്‌സഭാ മണ്ഡലത്തിൽ പത്തും പേരടങ്ങുന്ന ടീമും സജ്ജമാക്കി.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിങ്ങനെ നാല് സോണുകളാക്കി പ്രത്യേക ടീമുമുണ്ട്. ഇവർ സ്റ്റേറ്റ് ടീം തയ്യാറാക്കുന്ന കണ്ടന്റുകൾ പാർട്ടി ഗ്രൂപ്പുകളിലേക്ക് കൈമാറി പ്രചാരണം ഉറപ്പാക്കും. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.സിപിഎം ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഏറെ മുന്നിലുള്ള സിപിഎം നിലവിലുള്ള സൈബർ പോരാളികളുടെ മൂർച്ചകൂട്ടും. എല്ലാ ബൂത്തിലും ഒരുപ്രവർത്തകനെങ്കിലും ഐടി പരിശീലനം ഉറപ്പാക്കും. യുവജന, പ്രവാസി സംഘടനകളാവും സോഷ്യൽമീഡിയ പ്രചാരണത്തിന്റെ നെടുംതൂൺ. ഓരോ പ്രദേശത്തേയും പ്രധാന വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവപ്രവർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കും. സർക്കാരിനും പാർട്ടിക്കുമെതിരായ വിമർശനങ്ങളെ പ്രതിരോധിക്കും. സ‌ർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടും.


കോൺഗ്രസ് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന് കീഴിൽ 25 പേരടങ്ങുന്ന സ്റ്റേറ്റ് ടീമിനെ സജ്ജമാക്കി. ഓരോ വാർഡിലും മൂന്നുപേ‌രെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ജില്ലാ, നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സോഷ്യൽ മീഡിയ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ലോക്‌സഭ മണ്ഡലത്തിലും രൂപീകരിക്കും. പാർട്ടിയുടെ റിസർച്ച് ആന്റ് പോളിസി വിഭാഗവുമായി സഹകരിച്ച് മികച്ച കണ്ടന്റുകൾ തയ്യാറാക്കും. സിറ്റിംഗ് എംപിമാ‌ർക്കെതിരായ നെഗറ്റീവ് ക്യാമ്പയിനുകളെ വസ്തുതകൾ ഉയർത്തിക്കാട്ടി പ്രതിരോധിക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടും.

സോഷ്യൽ മീഡിയ ഫോളോവേഴ്സ്

ഫേസ്ബുക്ക്

സിപിഎം...................... 7,66,000

കോൺഗ്രസ്................. 3,33,000

ബി.ജെ.പി...................... 7,37,000

ഇൻസ്റ്റഗ്രാം

സി.പി.എം.......................3,24,000

കോൺഗ്രസ്................. 1,36,000

ബി.ജെ.പി...................... 65,900

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION, PARTY, ANNOUNCES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA