തൃശൂർ: കെ.പി.സി.സിയുടെ സമരാഗ്‌നി യാത്രയുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തെ ജനകീയ ചർച്ചയിൽ ആദ്യം ഉയർന്നത് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇരകളായവരുടെ കണ്ണീര്. കോൾക്കർഷകരുടെ പ്രശ്നങ്ങൾ, മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യമില്ലായ്മ, കോൾക്കർഷകരുടെ പ്രശ്നങ്ങളെല്ലാം ചർച്ചയിൽ ഉയർന്നു.
മാപ്രാണം ഏറാട്ടുപറമ്പിൽ ദേവസി, താനും ഭാര്യയും ജോലി ചെയ്തുണ്ടാക്കിയ 24 ലക്ഷം രൂപയുടെ നിക്ഷേപം കരുവന്നൂർ ബാങ്കിലുണ്ടായിട്ടും ഭാര്യയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകാൻ കഴിയാത്തതിന്റെ സങ്കടം പങ്കുവച്ചു. നൂറുകണക്കിന് നിർദ്ധന രോഗികളുടെ ആശാ കേന്ദ്രമായ മെഡിക്കൽ കോളേജിലെ അടിസ്ഥാനപ്രശ്നങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്ന മറ്റൊരു വിഷയം. ആവശ്യത്തിന് ഡോക്ടർമാരില്ല, ആശുപത്രി വികസന ഫണ്ടിൽ 90 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയില്ല എന്നീ വിഷയങ്ങളാണ് ഷീല പ്രസാദ് ജനകീയ ചർച്ചയിൽ ഉയർത്തിയത്.
സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് അധികൃതരുടേതെന്നും ആരോപണമുണ്ടായി. ആശുപത്രി വളപ്പിലെ ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം പൊളിച്ചതിൽ നടപടിക്രമം പാലിച്ചില്ലെന്നും കാരുണ്യ ഫാർമസി ഇവിടെ ആരംഭിക്കണമെന്ന നിർദ്ദേശം ചെവികൊണ്ടില്ലെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ആശുപത്രിയിൽ പിൻവാതിൽ നിയമനം നടക്കുന്നതായി പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ ആരോപിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതും വിവിധ റെഗുലേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കാത്തതുമെല്ലാം കർഷകർ ചർച്ചയിൽ ഉയർത്തി. അറ്റകുറ്രപ്പണി ഇല്ലാത്തതിനാൽ ഉപ്പ് വെള്ളം കയറി ഏക്കർ കണക്കിന് നെൽക്കൃഷി നശിക്കുകയാണെന്നും ഇത് നെല്ലിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കുമെന്നും കോൾ കർഷകർ പറഞ്ഞു.
കരുവന്നൂരിൽ ഇരകളോടൊപ്പമെന്ന് കോൺഗ്രസ്
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായവരുടെ പ്രശ്‌നങ്ങൾ കോൺഗ്രസും യു.ഡി.എഫും ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പറഞ്ഞു. മറ്റ് പ്രശ്‌നങ്ങളിൽ രാഷ്ട്രീയപരമായും നിയമപരമായും ഇടപെടും. ചർച്ചാ സദസിന് ചെയർമാൻ പഴംകുളം മധു അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ടി.ജെ.സനീഷ് കുമാർ, സജീവ് ജോസഫ്, എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി.വിൻസന്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിഹാരം തേടുന്ന മറ്റ് പരാതികൾ
ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള 62 കിലോമീറ്റർ നാലുവരിപ്പാതയുടെ നിർമ്മാണച്ചെലവ് 721 കോടി
കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിരിച്ചത് 1350 കോടി
വനവിഭവങ്ങൾ ശേഖരിക്കുന്നതിൽ ആദിവാസികൾക്കുള്ള അവകാശം പുന:സ്ഥാപിക്കണം
ആദിവാസികളുടെ പാർപ്പിട പ്രശ്‌നം പരിഹരിക്കുക
വനാതിർത്തി ഗ്രാമങ്ങളിലെ വന്യജീവി ആക്രമണം ഫലപ്രദമായി തടയുക.
ടെക്‌സ്‌റ്റൈൽ മേഖലയിലെ തൊഴിലാളികളുടെ ഇൻക്രിമെന്റും പെൻഷനും ഉറപ്പാക്കുക
തൃശൂർ പൂരം വർണ്ണാഭമാക്കാൻ ആനകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുക
കോർപ്പറേഷൻ കണ്ടിൻജൻസി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക
മത്സ്യത്തൊഴിലാളികളുടെ ഇന്ധന സബ്‌സിഡി വർദ്ധിപ്പിക്കുക
മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ നിന്ന് ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |