കണ്ണൂർ: കഴിഞ്ഞ തവണ കൈവിട്ട കണ്ണൂരും കാസർകോടും തിരിച്ചുപിടിക്കാൻ ഇക്കുറി സി പി.എം നിയോഗിക്കുന്നത് പാർട്ടി ജില്ലാസെക്രട്ടറിമാരെ. കണ്ണൂരിൽ എം.വി.ജയരാജനെയും കാസർകോട്ട് എം.വി.ബാലകൃഷ്ണനെയും സ്ഥാനാർത്ഥികളാക്കാനാണ് തീരുമാനം.എം.വി.ജയരാജൻ നേരത്തെ എടക്കാട് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജയിക്കുകയും കണ്ണൂരിൽ നിന്ന് കെ.സുധാകരനോട് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കാസർകോട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളാണ് ജനപ്രതിനിധിയെന്ന നിലയിൽ എം.വി.ബാലകൃഷ്ണൻ വഹിച്ചിട്ടുള്ളത്.
ഇന്ത്യയിൽ സി.പി.എമ്മിന് ഏറ്റവും കരുത്തുള്ള ജില്ലയെന്ന നിലയിൽ അറിയപ്പെടുന്ന കണ്ണൂർ പക്ഷെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പലകുറി വലത്തോട്ട് തിരിഞ്ഞ അനുഭവമാണുള്ളത്. സിറ്റിംഗ് എം.പിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ.ശ്രീമതിയെ തോൽപ്പിച്ച് കഴിഞ്ഞ തവണ കെ.സുധാകരൻ കണ്ണൂർ യു.ഡി.എഫിലേക്ക് വീണ്ടും അടുപ്പിക്കുകയായിരുന്നു. മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 94559 വോട്ടിനായിരുന്നു സുധാകരന്റെ ജയം. ഇക്കുറി മത്സരത്തിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സുധാകരൻ നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന തരത്തിൽ നിലപാട് മാറ്റിയിട്ടുണ്ട്.ഇതു പരിഗണിച്ചാണ് കരുത്തനായ സ്ഥാനാർത്ഥി എന്ന നിലയിൽ സി.പി.എം ജില്ലാസെക്രട്ടറിയായ ഈ അറുപത്തിമൂന്നുകാരനെ പരിഗണിക്കുന്നത്. ജില്ലാ കമ്മിറ്റിയും ജില്ല സെക്രട്ടേറിയറ്റും ഐക്യകണ്‌ഠേന ജയരാജന്റെ പേര് നിർദേശിച്ചപ്പോൾ സംസ്ഥാന കമ്മറ്റി അത് അംഗീകരിക്കുകയായിരുന്നു.കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം കൂടി നേടിയ ശേഷമായിരിക്കും സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
പ്രധാനാദ്ധ്യാപകനിൽ നിന്ന് ജില്ലാസെക്രട്ടറിയിലേക്ക്
വി.പി.പി മുസ്തഫ, മുൻ കല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവരുടെ പേരുകൾ പറഞ്ഞുകേട്ടിരുന്നെങ്കിലും ഒടുവിൽ ജില്ലാസെക്രട്ടറിയുടെ പേര് തന്നെ ജില്ലാകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയ്ക്ക് അയക്കുകയായിരുന്നു.
കെഎസ്.വൈ.എഫിലൂടെയാണ് രാഷ്ട്രീയപ്രവേശം. നിലവിൽ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം കൂടിയായ ഇദ്ദേഹം 1984ലാണ് പാർട്ടി ജില്ലാകമ്മിറ്റിയംഗമായത്. 1996 മുതൽ ജില്ലാസെക്രട്ടറിയറ്റംഗമായും പ്രവർത്തിച്ചുവരുന്നു. ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനായിരിക്കെ ജോലി രാജിവച്ചാണ് പൂർണസമയ പ്രവർത്തകനായി. ഖാദി ബോർഡ് വൈസ് ചെയർമാൻ, കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
കയ്യൂർ ചീമേനി ലോക്കൽ സെക്രട്ടറിയായിരിക്കെയാണ് ചീമേനിയിൽ അഞ്ച് സി.പി.എം പ്രവർത്തകർ കൂട്ടക്കൊലയ്ക്കിരയായത്. കുത്തിയും തീവച്ചും മൃഗീയമായുള്ള കൂട്ടക്കൊലയ്ക്കെതിരായ കടുത്ത പ്രതിഷേധത്തിന് നേതൃത്വം നൽകി..കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.12 വർഷം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു ഈ 72കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |