രാജാക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പേർ ശാന്തമ്പാറ പൊലീസിന്റെ പിടിയിലായി. പൂപ്പാറ സ്വദേശികളായ ജെയ്സൺ (35), രാംകുമാർ (18), വിഘ്നേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. പരിചയത്തിലുള്ള 14 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ ഒന്നര വർഷത്തോളമായി മൂന്ന് പേരും പല സ്ഥലങ്ങളിലെത്തിച്ച് ശാരീരികമായി പീഡിപ്പിച്ചതായും പ്രതികൾ തമ്മിൽ പരസ്പരം പരിചയമില്ലെന്നും പൊലീസ് പറഞ്ഞു. കേസിൽ മറ്റൊരു പ്രതി കൂടിയുണ്ടെന്നും തമിഴ്നാട് സ്വദേശിയായ ഇയാൾക്ക് വേണ്ടി അന്വഷണമാരംഭിച്ചതായും ശാന്തൻപാറ പൊലീസ് പറഞ്ഞു. സംഭവത്തിൽ വ്യത്യസ്തമായ നാല് കേസുകളാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് എടുത്തിരിക്കുന്നത്. ഒരാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാലങ്ങളായി നടന്നുവന്നിരുന്ന പീഡനവിവരം പെൺകുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ വെളിപ്പെടുത്തുകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |