തൃശൂർ: വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നതിനാൽ പീച്ചി ഇടത് - വലതുകര കനാലുകൾ തുറക്കാൻ തീരുമാനം. മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തൃശൂർ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഗവ. മെഡിക്കൽ കോളേജിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലത്തിന്റെ കരുതൽ ശേഖരം നിലനിറുത്തിക്കൊണ്ട് പീച്ചി ഡാമിൽ നിന്നും കുടിവെള്ള ആവശ്യത്തിനായി ഇന്ന് മുതൽ ഇടതുകര കനാലിലൂടെയും വലതുകര കനാലിലൂടെയും വെള്ളം തുറന്നുവിടുന്നതിന് കളക്ടർ വി.ആർ. കൃഷ്ണ തേജ ഉത്തരവിറക്കി.
ഡാമിൽനിന്നും വെള്ളം പുറത്തേക്കൊഴുക്കുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അലേർട്ടുകൾ നൽകുന്നുണ്ടെന്ന് ഇറിഗേഷൻ എക്‌സിക്യുട്ടിവ് എൻജിനിയർ ഉറപ്പുവരുത്തണം.
കനാലിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും കനാലിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പാടശേഖരങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ടെങ്കിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |