കണ്ണൂർ:പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഫാർമസിസ്റ്റ് തസ്തികകളിൽ നടക്കുന്നത് താൽക്കാലിക നിയമനം. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയാണ് താൽക്കാലിക നിയമനങ്ങൾ നടക്കുന്നത്. അധികൃതരുടെ നടപടിക്കെതിരെ വ്യാപക പരാതിയാണ് ഉദ്യോഗാർത്ഥികൾക്കിടയിൽ നിന്നും ഉയരുന്നത്.
2021 മാർച്ചിലാണ് ഗ്രേഡ് രണ്ട് ഫാർമസിസ്റ്റ് തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മൂന്ന് വർഷമാണ് ലിസ്റ്റിന്റെ കാലാവധി. കണ്ണൂർ ജില്ലയിൽ 149 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെ ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചത് വെറും എട്ടുപേർക്ക് മാത്രം.കൂടുതലും സ്ത്രീകൾ ഉൾപ്പെട്ട ലിസ്റ്റിൽ പലർക്കും അവസാന അവസരമാണു താനും
ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും
2023 മാർച്ചിൽ എല്ലാ ജില്ലകളിലെ മെഡിക്കൽ ഓഫിസുകളും അതാത് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രൊപ്പോസലുകൾ അയക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രൊപ്പോസലുകൾ നൽകുകയും ചെയ്തു. എന്നാൽ ഒരു വർഷമായിട്ടും ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ അടുത്ത പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ ഇതിനിടെ വന്നിട്ടുമുണ്ട്. ജൂൺ-ആഗസ്ത് മാസങ്ങളിൽ പരീക്ഷ നടത്താനാണ് സാദ്ധ്യത. നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പോലും നിയമനം നൽകാതെ വീണ്ടും പരീക്ഷ നടത്തുന്നതിലെ യുക്തിയില്ലായ്മ ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.ജില്ലയിൽ ഇതിന് മുമ്പുള്ള റാങ്ക് ലിസ്റ്റിൽ 74 നിയമനങ്ങൾ നടന്നിടത്താണ് കേവലം എട്ടുപേരെ എടുക്കുന്നതിനായി ലക്ഷങ്ങൾ ചിലവിട്ട് പരീക്ഷ നടത്തിയത്.
ഫാർമസികൾക്ക് മുന്നിൽ വൻതിരക്ക്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറിയെങ്കിലും ഇവിടങ്ങളിലൊന്നും ആനുപാതികമായി ഫാർമസിസ്റ്റുകളില്ല. മിക്കയിടത്തും ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഡോക്ടറെ വേഗത്തിൽ കാണാനായാലും മരുന്നിനായി ക്യൂവിൽ നിന്ന് വലയുകയാണ് രോഗികൾ. ഈ പ്രശ്നത്തിന് പരിഹാരമായാണ് താൽക്കാലിക നിയമനം നടത്തുന്നത്. ഇരിക്കൂർ ഗവൺമെന്റ് ആശുപത്രി, പെരിങ്ങോം താലൂക്ക് ആശുപത്രി, മാടായി കുടുംബാരോഗ്യ കേന്ദ്രം, മട്ടന്നൂർ ആരോഗ്യ കേന്ദ്രം, കുറ്റിയാട്ടൂർ പഞ്ചായത്ത് എച്ച്.സി, പയ്യന്നൂർ താലൂക്ക് എച്ച്.എം.സി തുടങ്ങിയ ആശുപത്രികളിലെല്ലാം താൽക്കാലിക ഫാർമസിസ്റ്റുകളാണുള്ളത്.
ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റ് 2021
സംസ്ഥാനത്ത് ആകെ 2032
നിയമനം ലഭിച്ചത് 250
കണ്ണൂരിൽ 149
നിയമനം 8
മറ്റ് ജില്ലകളിലെ നിയമനം
വയനാട് 9
മലപ്പുറം 8,
തിരുവനന്തപുരം 9
ഇടുക്കി 9
തൃശൂർ 4
കൊല്ലം 35
പത്തനംതിട്ട 14
ആലപ്പുഴ 34
കോട്ടയം 10
എറണാകുളം 19
പാലക്കാട് 5
കാസർകോട് 12
റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ അധികൃതരുടെ നടപടി തികച്ചും അനധികൃതമാണ്.പലരുടെയും അവസാനത്തെ അവസരം കൂടിയാണ് ഈ റാങ്ക് ലിസ്റ്റ്.സർക്കാർ നടപടിയെടുത്തേ മതിയാകു
ഒരു ഉദ്യോഗാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |