കാസർകോട്: വിപ്ളവമുറങ്ങുന്ന കയ്യൂരിലെ രക്തസാക്ഷി കുടീരത്തിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കാസകോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്‌ണൻ. ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരത്ത് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രചാരണത്തിന് തുടക്കമിട്ടത്.
കയ്യൂർ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിലെത്തി പുഷ്‌പചക്രം സമർപ്പിച്ചായിരുന്നു തുടക്കം. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി കൺവീനർ കെ.പി.സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി പി.ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്ഥാനാർത്ഥിയും സംസാരിച്ചു.സി.പി.എം സാബു അബ്രഹാം സ്വാഗതം പറഞ്ഞു. നേതാക്കളായ പി. ജനാർദനൻ, വി.വി.രമേശൻ, വി.പി.പി മുസ്‌തഫ, സി ജെ.സജിത്ത്, കെ.സുധാകരൻ, ഇ.കുഞ്ഞിരാമൻ, കരീം ചന്തേര, സി ബാലൻ,ടി. വി വിജയൻ, കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ, പി.പി.രാജു അരയി, കെ.എം.ബാലകൃഷ്ണൻ, അസീസ് കടപ്പുറം, ശംസുദ്ധീൻ അരിയിഞ്ചിറ , സുരേഷ് പുതിയേടത്ത് എന്നിവരും സംബന്ധിച്ചു.
കയ്യൂരിലെ ചീമേനി രക്തസാക്ഷി സ്‌മൃതി മണ്ഡപം, ചൂരിക്കാടൻ കൃഷ്‌ണൻ നായർ സ്‌മൃതിമണ്ഡപം എന്നിവിടങ്ങൾ സന്ദർശിച്ച സ്ഥാനാർത്ഥി പുഷ്‌ചചക്രം സമർപിച്ചു. ചീമേനി, മുനയൻകുന്ന്, കോറോം, പെരളം, കരിവെള്ളൂർ രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിലും പുഷ്പചക്രം സമർപ്പിച്ചായിരുന്നു ആദ്യദിനത്തെ പര്യടനം. ഡി. വൈ. എഫ്. ഐ പ്രവർത്തകർ ബൈക്കുകളുമായി സ്ഥാനാർത്ഥിക്ക് അകമ്പടി സേവിച്ചു. ഇന്ന് കല്യാശേരി നിയോജ മണ്ഡലത്തിലായിരിക്കും പര്യടനം നാളെ കാസർകോട് നിയോജകമണ്ഡലത്തിലും എം.വി.ബാലകൃഷ്ണൻ പര്യടനം നടത്തും.
പയ്യന്നൂരിൽ പഴയകാല നേതാക്കളെ സന്ദർശിച്ചു
പ്രഖ്യാപനത്തിന് പിന്നാലെ പയ്യന്നൂർ നിയോജകമണ്ഡലത്തിൽ എത്തിയ എം.വി.ബാലകൃഷ്ണൻ രക്തസാക്ഷി കുടീരങ്ങളിൽ പുഷ്‌പചക്രങ്ങൾ അർപ്പിച്ചും പഴയകാല നേതാക്കളെയും കുടുംബങ്ങളെയും സന്ദർശിച്ചും പ്രചാരണത്തിന് തുടക്കമിട്ടു.
പയ്യന്നൂർ മങ്ങണംചാലിലെ കോറോം രക്തസാക്ഷി പി.പൊക്കൻ സ്‌മരക സ്‌തൂപം, കരിവെള്ളൂർ പുത്തൂരിലെ പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ സ്‌മൃതി കുടീരം, കുണിയനിലെ കരിവെള്ളൂർ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി പുഷ്‌പ ചക്രങ്ങൾ അർപ്പിച്ചത്. കരിവെള്ളൂർ സമരനായകരായ എ.വി.കുഞ്ഞമ്പു, പയങ്ങപ്പാടൻ കുഞ്ഞിരാമൻ, കോളിയാടൻ നാരായണൻ മാസ്‌റ്റർ എന്നിവരുടെയും പയ്യന്നൂരിൽ കമ്മ്യൂണിസ്‌റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ നിന്നു പ്രവർത്തിച്ച എൻ.സുബ്രഹ്മണ്യ ഷേണായി, മുൻ എം.പി ടി.ഗോവിന്ദൻ, പി.കണ്ണൻ നായർ എന്നിവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. എൽ.ഡി.എഫ്. നേതാക്കളായ സി കൃഷ്‌ണൻ, പി.സന്തോഷ്, പി. ശശിധരൻ, എം.രാഘവൻ, കെ.വിജീഷ്, കെ.നാരായണൻ, പി.ഗംഗാധരൻ, കെ.പി.ജ്യോതി, കെ.വി.ബാബു, പി.ജയൻ, കെ. ഹരിഹർകുമാർ, ഒ.ടി.സുകേഷ്, എം രാമകൃഷ്‌ണൻ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |