സന്തോഷ് ട്രോഫി: കേരളം ഇന്ന് ക്വാർട്ടറിൽ മിസോറമിനെ നേരിടും
ഇറ്റാവ : സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് മിസോറമിനെ നേരിടും. രാത്രി 7 മുതൽ യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലെത്തിയത്. അഞ്ച് കളികളിൽ നിന്ന് 2 വിതം ജയവും സമനിലയുമടക്കം എട്ട് പോയിന്റാണ് കേരളൺ പ്രാഥമിക റൗണ്ടിൽ നേടിയത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് മിസോറം ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. 5 കളികളിൽ നിന്ന് 2 വിതം ജയവും തോൽവിയും 1 സമനിലയുമാണ് പ്രാഥമിക റൗണ്ടിൽ മിസോറമിന്റെ സമ്പാദ്യം. അവസാന മത്സരത്തിൽ റയിൽവേസിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയാണ് മിസോറാം ക്വാർട്ടർ ഉറപ്പിച്ചത്.അതേസമയം നേരത്തേ തന്നെ ക്വാർട്ടർ ഉറപ്പിച്ച കേരളം അവസാന മത്സരത്തിൽ കരുത്തരായ സർവീസസിനെ 1-1ന് സമനിലയിൽ കുരുക്കിയിരുന്നു. നിലവിലെ ചാമ്പ്യൻമാരായ കർണാടകയും റണ്ണറപ്പുകളായ മേഘാലയയും ഒന്നാം റൗണ്ട് കടക്കാതെ ഇടറി വീണ ടൂർണമെന്റാണിത്.
മുഖാമുഖം
2010 മുതൽ ഇരുടീമും മുഖാമുഖം വന്ന 6 മത്സരങ്ങളിൽ മൂന്ന് വീതം ജയം നേടിയിട്ടുണ്ട്. ഇതിൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും കേരളത്തിനായിരുന്നു ജയം. അവസാനം ഇരു ടീമും നേർക്കു നേർ വന്നത് 2023ലെ സന്തോഷ് ട്രോഫിയിൽ കോഴിക്കോട്ടു വച്ചാണ് അന്ന് 5-1നായിരുന്നു കേരളത്തിന്റെ ജയം.
മണിപ്പൂർ -ആസാം
ഇന്ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ മണിപ്പൂരും ആസാമും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം.
മണിപ്പൂർ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ആസാം എ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരുമാണ്. മണിപ്പൂർ തോൽവി അറിയാതെയാണ് ക്വാർട്ടറിൽ എത്തിയത്.
ലൈവ് : ഫിഫ പ്ലസിലും അരുണാചൽ പ്രദേശ് ഫുട്ബാൾ അസോസിയേഷൻ യൂട്യൂബ് ചാനലിലലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |