തിരുവനന്തപുരം: കെഎസ്‌യു ആഹ്വാനം ചെയ‌്ത വിദ്യാഭ്യാസ ബന്ദിനെ പ്രതിരോധിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കാൻ പൊലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കാൻ പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു. കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടായിക്കൂടാ. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണം''.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ‌്തിട്ടുള്ളത്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്.
എന്നാൽ ഇന്ന് നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, സർവകലാശാലാ തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൂടാതെ സെക്രട്ടറിയേറ്റിലേക്ക് ഇന്ന് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ചും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |