സംസ്ഥാനത്തെ ആദ്യ ഹാപ്പിനസ് മണ്ഡലമാകാൻ ഒരുങ്ങുന്ന തളിപ്പറമ്പിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ ഇന്നലെ. രാവിലെ 8.30ന് അടുവാപ്പുറത്ത് നിന്നാരംഭിച്ച പര്യടനം വളരെ വൈകി കൂനത്താണ് സമാപിച്ചത്.രാവിലെ തലക്കോട്, അടിച്ചേരി, അടൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം മയ്യിൽ ഐ.ടി.എം കോളേജിലെത്തി. പാവന്നൂർക്കടവ്, കുറ്റിയൂട്ടൂർ ഗ്രാമപഞ്ചായത്ത്, ചട്ടുകപ്പാറ ഗവ.ഹയർസെക്കൻഡറി, കമ്പിൽ ഹയർസെക്കൻഡറി സ്കൂളുകൾ അക്ഷര കോളേജ് എന്നിവിടങ്ങളും സന്ദർശിച്ച് കമ്പിൽ കെ.എൽ.ഐ.സി ആശുപത്രിയിലെത്തി. ഉച്ചകഴിഞ്ഞ് മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ, കയരളം മെട്ട, മുല്ലക്കൊടി, ആന്തൂർ, മൊറാഴ, ബക്കളം, എന്നിവിടങ്ങളിലും സ്ഥാനാർത്ഥിയെത്തി. തളിപ്പറമ്പ് സൗത്ത്, പൂമംഗലം, കൂനം എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. പാവന്നൂർ, കയരളം, മുല്ലക്കൊടി, പറശ്ശിനിക്കടവ്, മൊറാഴ എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കളായ കെ.ചന്ദ്രൻ, എൻ.അനിൽകുമാർ, പി.കെ .ശ്യാമള എന്നിവരും പങ്കെടുത്തു. രാത്രി കണ്ണൂർ നഗരത്തിൽ എൽ.ഡി.എഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേദഗതിക്കെതിരായ നൈറ്റ് മാർച്ചിലും പങ്കെടുത്തു.
വിവിധ കോളേജുകളിലെത്തി യുവ വോട്ടർമാരെ നേരിൽക്കണ്ടും റോഡ് ഷോയുമായി പ്രചരണം രംഗം കൊഴുപ്പിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. ന്യൂജനറേഷൻ വോട്ടർമാർ ഇത്തവണ യു.ഡി.എഫിനൊപ്പം നിൽകുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാവിലെ പള്ളിക്കുന്ന് കെ.എം.എം ഗവ.വുമൺസ് കോളേജിലെത്തിയ സുധാകരനെ കോളേജ് യൂണിയൻ ചെയർ പേഴ്സൺ തീർത്ഥ നാരായണന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾ സ്വീകരിച്ചു .തുടർന്ന് കോളേജ് ഓഫ് കൊമേഴ്സ്,ജാമിയ ഹംദാർദ് യൂണിവേഴ്സിറ്റി ക്യാമ്പസ്, ലീഡേഴ്സ് കോളേജ് കടലായി,എസ്.എസ്.കോളേജ് തോട്ടട, എസ്.എൻ.ജി കോളേജ്,വാരം സി.എച്ച് അറബിക് കോളേജ്,കേനന്നൂർ ടെക്‌സെറ്റൽ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.അഡ്വ. ടി ഒ മോഹനൻ,അഡ്വ:എം.പി.മുഹമ്മദലി ,അമൃത രാമകൃഷ്ണൻ എന്നിവർ കൂടെയുണ്ടായിരുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥ് കണ്ണൂർ നിയോജകമണ്ഡലത്തിലായിരുന്നു ഇന്നലെ. രാവിലെ 10ന് ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിലെത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ക്ഷേത്രം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭാരവാഹികൾ സ്ഥാനാർത്ഥിയെ അറിയിച്ചു. ഇവിടെ നിന്ന് ചാലക്കുന്ന് ശബരി കോട്ടൺസിൽ എത്തിയ രഘുനാഥിനെ മാനേജ്‌മെന്റും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. ചാലക്കുന്ന് ചിന്മയ ബാലഭവൻ, ചിന്മയ വിദ്യാലയ, ചിൻടെക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചു. മലബാർ ഇംഗ്ലീഷ് സ്‌കൂൾ, ചെമ്പിലോട് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷം കണ്ണൂർ നഗരത്തിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലും രഘുനാഥ് എത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം മോഹനൻ മാനന്തേരി, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പ്രഭാകരൻ മാങ്ങാട്, ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം രൂപ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |