ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നത് ഇപ്പോൾ സാധാരണ കാര്യമായി മാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'ഇന്ത്യ' മുന്നണി ഇതിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിമർശകരോട് പോരാടുകയും ധൈര്യത്തോടെ നേരിടുകയും ചെയ്യുന്നതാണ് ജനാധിപത്യമെന്നും അധികാരം ഉപയോഗിച്ച് ഒരാളുടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നത് എല്ലാ തത്വങ്ങൾക്കും എതിരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളുടെ പ്രതികാര ദുരുപയോഗത്തെ ശക്തമായി അപലപിക്കുന്നതായി എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ അധികാരത്തിനായി ബി.ജെ.പി എത്രത്തോളം താഴുമെന്നതിന് തെളിവാണിത്. ഈ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ 'ഇന്ത്യ" ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ കേന്ദ്രത്തിന്റെ പാവകളായെന്ന് സി.പി.എം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |