@കിലോ - 512, കർഷകർക്ക് പ്രതീക്ഷ
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിളവെടുപ്പ് കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി കറുത്ത പൊന്നിന്റെ വില ഉയരുന്നു. കിലോയ്ക്ക് 490 ൽ താഴെയായിരുന്നത് ഇപ്പോൾ 512 രൂപയായി. കിലോഗ്രാമിന് ശരാശരി 22 രൂപയുടെ വർദ്ധനയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത്. ഗുണമേന്മയനുസരിച്ച് 510 മുതൽ 520 രൂപ വരെ ഒരു കിലോഗ്രാമിന് ലഭിക്കുന്നുണ്ട്. ദിനംപ്രതി 10 മുതൽ 15 രൂപ വരെ വിലക്കയറ്റമാണുണ്ടാകുന്നത്. ചേട്ടന് 527ഉം, വയനാടന് 537മാണ് നിലവിലെ വില. അന്താരാഷ്ട്രതലത്തിൽ റംസാൻ, വിഷു വിപണി സജീവമാകുന്നതോടെ കുരുമുളക് വില 600 കടക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
മാസങ്ങൾക്ക് മുമ്പ് കുരുമുളക് വില കുത്തനെയിടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. വിലയിടിഞ്ഞ് കിലോയ്ക്ക് 450വരെ എത്തിയിരുന്നു. ജനുവരിയിൽ കിലോയ്ക്ക് 550ഉം ഫെബ്രുവരിയിൽ 500ഉം ആയിരുന്നു. വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കർഷകരെയാണ് കൂടുതലായും ബാധിച്ചത്. മോഹവിലയ്ക്ക് കുരുമുളക് വാങ്ങി സ്‌റ്റോക്ക് ചെയ്ത വ്യാപാരികളും അതോടെ വെട്ടിലായി.
സംസ്ഥാനത്ത് ഈ വർഷത്തെ കുരുമുളക് വിളവെടുപ്പ് പൂർത്തിയായതും ഉത്പ്പാദനമേഖലയിൽനിന്ന് മുഖ്യ വിപണിയിലേക്കുള്ള ചരക്കുവരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്ന് കർഷകർ പറയുന്നു. ഈസ്റ്റർ വേളയിൽ ചരക്ക് പ്രവാഹം അന്തർസംസ്ഥാന വാങ്ങലുകാർ പ്രതീക്ഷിച്ചെങ്കിലും അത് സംഭവിക്കാഞ്ഞതിനാൽ ഉത്പ്പന്ന വില ക്വിന്റലിന് 2400 രൂപ പോയവാരം ഉയർന്നു.
@വിലയുണ്ട്, പക്ഷേ ഉത്പ്പാദനം കുറഞ്ഞത് തിരിച്ചടി
കുരുമുളകിന് ന്യായമായ വിലയാണുള്ളതെങ്കിലും ഉത്പാദനക്കുറവ് മൂലം കാര്യമായ നേട്ടങ്ങൾ കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നു പോകുന്നത്. രോഗബാധ തോട്ടങ്ങളെ കീഴടക്കിയതോടെ ഉത്പാദനം പതിന്മടങ്ങായി കുറഞ്ഞു. വിളവെടുക്കും മുമ്പെ ചെടികൾ പഴുപ്പ് ബാധിച്ച് വ്യാപകമായി കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം കറുത്തപൊന്നും പതിയെ തോട്ടങ്ങളിൽ നിന്നും പടിയിറങ്ങുകയാണ്.
ചെടിയിൽ തിരിയിടുന്ന സമയത്ത് വേണ്ട രീതിയിൽ മഴ ലഭിക്കാതിരുന്നത് ഉത്പാദനത്തിൽ ഗണ്യമായ ഇടിവുണ്ടായി. ഇടക്കാലത്തുണ്ടായ പ്രതിസന്ധികൾ കർഷകരെ ഈ കൃഷിയിൽ നിന്നും പിന്നോട്ടടുപ്പിച്ചു. സർക്കാർ സഹായം ഉണ്ടായാൽ മാത്രമേ ഇനി കർഷകർക്ക് നിലനിൽപ്പുള്ളൂ. കുരുമുളക് പുനർകൃഷിക്കായുള്ള പദ്ധതികൾ ഇന്നും ഫലം കണ്ടിട്ടില്ല.
കിലോയ്ക്ക് വില (25 മുതൽ 31 വരെ)
@ 30ന് - കുരുമുളക് നാടൻ 510, ചേട്ടൻ 525, വയനാടൻ 535
@ 29ന് - കുരുമുളക് നാടൻ 505, ചേട്ടൻ 520, വയനാടൻ 530
@ 28ന് - കുരുമുളക് നാടൻ 500, ചേട്ടൻ 515, വയനാടൻ 525
@ 27ന് - കുരുമുളക് നാടൻ 500, ചേട്ടൻ 515, വയനാടൻ 525
@ 26ന് - കുരുമുളക് നാടൻ- 493, ചേട്ടൻ 508, വയനാടൻ 518
@ 25ന് - കുരുമുളക് നാടൻ- 488, ചേട്ടൻ -503, വയനാടൻ- 513
''വിളവെടുപ്പ് സമയമായതിനാൽ വില കൂടുന്നത് ആശ്വാസകരമാണ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് കരുതുന്നത്''
ജയപ്രകാശ്
കുരുമുളക് കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |