SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.08 PM IST

കൊറിയയിലെ ലക്ഷക്കണക്കിന് സൈനികരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരൻ; കേണൽ ഡോക്‌ടർ രംഗരാജ് എന്ന പട്ടാളക്കാരനെ ഓർമ്മയുണ്ടോ?

war

കൊറിയൻ ഗാനങ്ങൾക്കും ചിത്രങ്ങൾക്കും നടന്മാർക്കുമെല്ലാം ധാരാളം ആരാധകരുള്ള നാടാണ് നമ്മുടെ ഇന്ത്യ. പക്ഷെ ലക്ഷക്കണക്കിന് കൊറിയക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ച ഒരു ഇന്ത്യക്കാരനെക്കുറിച്ച് നാം ഓർത്തിട്ടുണ്ടാകില്ല. അത്തരത്തിൽ ഒരാളുടെ ജീവിതകഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്. 2020 ജൂലായ് മാസത്തിൽ ദക്ഷിണ കൊറിയൻ സർക്കാർ 'കൊറിയൻ വാർ ഹീറോ ഓഫ് ദി മന്ദ്' എന്ന അംഗീകാരം മരണാനന്തരം കേണൽ ഡോ. എ.ജി രംഗരാജിന് സമർപ്പിച്ചു. ഹവിൽദാർ മേജർ മഥുര സിംഗിനും ഒപ്പം അംഗീകാരമേകി. കൊറിയൻ യുദ്ധകാലത്തെ ആതുരസേവനത്തിനാണ് ഈ ഉന്നത ബഹുമതി അദ്ദേഹത്തിന് ലഭിച്ചത്.

war

കൊറിയൻ യുദ്ധം

1950ൽ സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ സൈനിക ദൗത്യം നടന്നത് കൊറിയൻ യുദ്ധത്തിലാണ്. 1950 മുതൽ 1953 വരെ നീണ്ടുനിന്ന ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലെ യുദ്ധമാണ് കൊറിയൻ യുദ്ധം. കൊറിയയിലെ യു.എൻ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാൻ ഒരു യൂണിറ്റിനെ അയക്കാൻ ഇന്ത്യൻ പാർ‌ലമെന്റ് തീരുമാനിച്ചു. വിദേശകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ ഉത്തരവിൽ അങ്ങനെ 60ാം പാരച്യൂട്ട് ഫീൽഡ് ആംബുലൻസ് യൂണിറ്റിനെ 1950 ജൂലായ് 31ഓടെ ദക്ഷിണ കൊറിയയിലേക്ക് അയച്ചു. കേണൽ ഡോ.എ ജി രംഗരാജിനായിരുന്നു യൂണിറ്റിന്റെ ചുമതല.

1945ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ അന്നുവരെ കൊറിയൻ പ്രദേശങ്ങളെ കൈക്കലാക്കിയ ജപ്പാന്റെ ശക്തി കുറഞ്ഞു. ഉത്തര-ദക്ഷിണ കൊറിയകളുടെ ഭാഗത്ത് നിലയുറപ്പിച്ച സോവിയറ്റ് യൂണിയൻ-അമേരിക്ക എന്നിവർ ഒരു ശീതയുദ്ധത്തിലായിരുന്നു. ഇത് പിന്നീട് നേരിട്ടുള്ള യുദ്ധമായതോടെയാണ് കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

60ാം പാരച്യൂട്ട് ഫീൽഡ് ആംബുലൻസ് യൂണിറ്റ്

346 പേരടങ്ങുന്ന ശക്തമായ മെഡിക്കൽ ടീമുമായാണ് കേണൽ ഡോ.എ ജി രംഗരാജിന്റെ 60ാം പാരച്യൂട്ട് ഫീൽഡ് ആംബുലൻസ് യൂണിറ്റ് ദക്ഷിണ കൊറിയയിലെത്തിയത്. 27ാം കോമൺവെൽത്ത് ബ്രിട്ടീഷ് ബ്രിഗേഡിനെ സഹായിക്കാനായിരുന്നു ഇത്. മൂന്ന് വർഷവും ഒരു മാസവും നീണ്ട ശക്തമായ യുദ്ധത്തിനിടെ രണ്ട് ലക്ഷത്തോളം കേസുകൾ ഡോക്‌ടർ രംഗരാജും സംഘവും പരിഹരിച്ചു. ഇക്കാലയളവിൽ 23,000 ശസ്‌ത്രക്രിയകൾ ചെയ്‌തു. ലക്ഷക്കണക്കിന് പേരുടെ ജീവനുകൾ രക്ഷിച്ചു. യുദ്ധത്തിലെ സൈനികരുടേതുൾപ്പടെ. പലപ്പോഴും അതീവ ദുർഘടമായ സാഹചര്യങ്ങളെയും രംഗരാജിനും മറ്റ് ഇന്ത്യൻ സൈനികർക്കും നേരിടേണ്ടിവന്നു.

അമേരിക്കൻ സൈന്യം നടത്തിയ ഓപ്പറേഷൻ ടോമഹക്ക് പോരാട്ട സമയത്ത് അമേരിക്കൻ സൈനികരെ രംഗരാജും സംഘവും നന്നായി ശുശ്രൂഷിച്ചു. 103ഓളം ശസ്‌ത്രക്രിയകൾ ഈ സമയം നടത്തി. അൻപതിലധികം സൈനികരുടെ ജീവൻ രക്ഷിച്ചു. കഠിനമായ സാഹചര്യത്തിൽ പലപ്പോഴും ചായയും ബിസ്‌കറ്റും കഴിച്ചാണ് ഇവർ ജോലി ചെയ്‌തത്.

doctor

സൈനിക സേവന കാലഘട്ടം

1917ൽ ഇന്നത്തെ തമിഴ്‌നാട്ടിലെ ആർകോട്ടിലാണ് രംഗരാജ് ജനിച്ചത്. 1941ൽ ഇന്ത്യൻ മെഡിക്കൽ സർവീസിൽ ചേർന്ന് സൈനിക സേവനത്തിൽ ഏർപ്പെട്ട അദ്ദേഹം രണ്ടാം ലോക മഹായുദ്ധം നടക്കുന്ന അക്കാലത്ത് മണിപ്പൂരിലും അന്നത്തെ ബർമ്മയിലും ജപ്പാൻ സൈന്യം കടന്നുകയറ്റം നടത്തിയപ്പോൾ നിരവധി സൈനികരുടെ ജീവൻ രക്ഷിച്ചു.

പിന്നീട് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യൻ മെഡിക്കൽ സർവീസ് പിരിച്ചുവിട്ടു. അതോടെയാണ് ഡോ. രംഗരാജ് 60ാം പാരച്യൂട്ട് ഫീൽഡ് ആംബുലൻസ് യൂണിറ്റിലേക്ക് അദ്ദേഹം എത്തിയത്. 1947-48 കാലത്തെ പാകിസ്ഥാൻ യുദ്ധത്തിൽ കാശ്‌മീരിൽ അദ്ദേഹം സേവനമനുഷ്‌ടിച്ചു.

മഹാ വീർ ചക്ര

39 മാസക്കാലം കൊറിയയിൽ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും സേവനമനുഷ്‌ഠിച്ചതിന് രംഗരാജിന് കേന്ദ്ര സർക്കാർ മഹാ വീർ ചക്ര പുരസ്‌കാരം നൽകി. സൈനിക സേവനത്തിനിടെ ഒസ്‌മാനിയ സർവകലാശാലയിൽ നിന്നും പബ്ളിക് ഹെൽത്തിൽ അദ്ദേഹം പിഎച്ച്‌ഡിയും നേടി. 1966ൽ വിരമിച്ച ശേഷം എയിംസ് ഡൽഹിയിൽ നിന്ന് എപിഡെമോളജിയിൽ വൈദഗ്ദ്ധ്യം നേടി. യുണിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയിലും പ്രവർത്തിച്ച ഡോക്‌ടർ അഫ്‌ഗാനിസ്ഥാനിലെ വസൂരി നിർമ്മാർജ്ജനത്തിലും പങ്കാളിയായി. 92 വർഷത്തെ ജീവിതത്തിനൊടുവിൽ 2009 മാർച്ച് 23ന് അദ്ദേഹം വിടവാങ്ങി. ദക്ഷിണ കൊറിയയിലെ നിരവധി സ്‌കൂളുകളിൽ ഡോ. രംഗരാജിന്റെ ചിത്രങ്ങൾ ആദരവോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊറിയയിലെ ഭാവിതലമുറയും ആ ഇന്ത്യൻ ഡോക്‌ടറെ നന്ദിയോടെ ഓർക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR RANGARAJ, KOREA WAR, SOUTHKOREA, DOCTOR, MILITARY, INDIANARMY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.