തൃശൂർ : ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ അക്ഷയ് ആണ് (25) മരിച്ചത്. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം.
മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. വൈകിട്ട് ഏഴുമണിയോടെ നടന്ന ആക്രമണത്തിൽ ആറുപേർക്കാണ് കുത്തേറ്റത്. ഇതിൽ നാലുപേരെ തൃശൂർ എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരിച്ച അക്ഷയ്യ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ സഹിൽ, മൂർക്കനാട് സ്വദേശി കരിക്കപറമ്പിൽ പ്രജിത്ത് , കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടിൽ സന്തോഷ് , തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ആക്രമിക്കാനെത്തിയ സംഘത്തിലെ അംഗങ്ങൾ മാരകായുധങ്ങൾ കൈയിൽ കരുതിയിരുന്നതായി നാട്ടുകാർ പറഞ്ഞു അക്ഷയ്യുടെ മൃതദേഹം മാപ്രാണം ലാൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |