പി.എസ്.സി പരീക്ഷാ നിയമനം കാത്തുകഴിയുന്ന ഉദ്യോഗാർത്ഥികളെ വലയ്‌ക്കുകയും, യഥാസമയം കൈക്കൊള്ളേണ്ട തീരുമാനങ്ങൾ മനപ്പൂർവ്വം വൈകിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കേറ്റ കനത്ത പ്രഹരമായിരുന്നു വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അദ്ധ്യാപക നിയമനത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. കോടതിയുടെ താക്കീതിൽ ഭയന്നാകാം പരാതിക്കാരായ നാലുപേർക്കും ഉടൻ തന്നെ നിയമനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.
നിർദ്ദേശം നടപ്പിലാക്കിയില്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉൾപ്പെടെ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി ജസ്റ്റിസുമാരായ വിക്രംനാഥും സതീഷ്‌ചന്ദ്രശർമ്മയും മുന്നറിയിപ്പ് നൽകിയിരുന്നു. പി. അവിനാഷ്, റാലി പി.ആർ, ജോൺസൺ ഇ.വി, ഷിമ എം. എന്നിവർക്ക് നിയമനം നൽകുന്നതിനാണ് നിർദ്ദേശം നൽകിയത്. സുപ്രീംകോടതിയുടെ വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതായി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
പി.എസ്.സി ലിസ്റ്റിലുള്ള ഈ നാലുപേരുടെയും നിയമന ഉത്തരവ് ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് നൽകിയിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ചിലർ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിയമനം സമ്പാദിച്ചതിനെതിരെയാണ് 2017- ൽ നിലവിൽ വന്ന എച്ച്.എസ്.എ മലയാളം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അവിനാഷുൾപ്പെടെ നാലുപേർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അവിടെയും നീതി ലഭിക്കാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നാലുവർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2023 ഒക്ടോബറിൽ ഇവർ നാലുപേരെയും ഒരു മാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എന്നിട്ടും ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് ഇവർ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുകയായിരുന്നു. ഇതിനിടെ സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയാണ് അടിയന്തരമായി ഇവരെ നിയമിക്കാൻ ആവശ്യപ്പെട്ടത്.
പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഒഴിവുകൾ കണ്ടെത്തി യഥാസമയം നിയമനം നടത്തുന്നതിൽ പതിവായി വീഴ്‌ച സംഭവിക്കുന്നുണ്ട്. റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം കാത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്നത് തന്നെ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. പിൻവാതിൽ നിയമനം നടത്തുന്നതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കോമൺസെൻസ് മാത്രം മതിയാകും.കുത്തിയിരുന്നു പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടുന്നവർ ഒരു ജോലിക്കായി നീണ്ട കാത്തിരിപ്പ് നടത്തേണ്ടിവരുന്നു. ഒടുവിൽ ലിസ്റ്റ് കാലഹരണപ്പെടുകയും പ്രായപരിധി കടന്നുപോകുന്നത് നിസഹായരായി നോക്കിനിൽക്കേണ്ടിയും വരുന്നു. അഭ്യസ്തവിദ്യർ ഏറെയുള്ള നമ്മുടെ നാട്ടിൽ പി.എസ്.സി നിയമനങ്ങൾ കുറെക്കൂടി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. യുവജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യണമെന്നാണോ സർക്കാർ ചിന്തിക്കുന്നത്. സമയോചിതമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വീഴ്ച വരാതിരിക്കാൻ ശ്രമിക്കണം.
സംസ്ഥാനത്ത് നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ അവസ്ഥ പരിശോധിക്കാനും ഒഴിവുകൾ നികത്താനും അടിയന്തര ഇടപെടൽ ആവശ്യമായിരിക്കുന്നു. വിവേകപൂർണമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടവർ വിവേകശൂന്യരായി മാറരുതെന്ന വിലപ്പെട്ട ഗുണപാഠം ഈ വിഷയത്തിൽ അടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |