മലപ്പുറം: പൊന്നാനിയെ പൊന്നാപുരം കോട്ടയാക്കാൻ യു.ഡി.എഫും അട്ടിമറി ലക്ഷ്യമിട്ട് എൽ.ഡി.എഫും സ്വാധീനം ശക്തമാക്കാൻ എൻ.ഡി.എയും കച്ച മുറുക്കിയതോടെ, തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീറും വാശിയും പ്രകടം. പരമാവധി വോട്ടർമാരെ നേരിട്ട് കാണുകയെന്ന ലക്ഷ്യത്തോടെ സ്നേഹസദസ്സെന്ന പേരിൽ ഓരോ പഞ്ചായത്തിലും നാല് ബൂത്തുകൾ ഉൾപ്പെടുത്തിയുള്ള പൊതുയോഗങ്ങളും തുറന്ന വാഹനത്തിലെ പ്രചാരണവുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനിയുടേത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ഹംസയുടെ വാഹന പ്രചാരണ പര്യടനങ്ങൾക്ക് ഇന്നലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ചിറവല്ലൂരിൽ തുടക്കമായി. ഒരു പഞ്ചായത്തിൽ കുറഞ്ഞത് എട്ടിടങ്ങളിലെങ്കിലും സന്ദർശനവും ചെറുപ്രസംഗങ്ങളുമായാണ് ഹംസയുടെ ഇനിയുള്ള ലക്ഷ്യം. കുടുംബ യോഗങ്ങളിലും തുറന്ന വാഹനത്തിലെ പര്യടനത്തിലുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ.
മൂന്ന് സ്ഥാനാർത്ഥികൾക്കുമായി അടുത്ത ആഴ്ച താരപ്രചാരകരും കളത്തിലിറങ്ങുന്നതോടെ പോര് കനക്കും. സമദാനിക്കായി 16ന് താനൂരിൽ കർണ്ണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ താരപ്രചാരകനുമായ ഡി.കെ.ശിവകുമാർ എത്തും. ഹംസയ്ക്കായി 18ന് താനൂർ ടൗൺ, ആലത്തിയൂർ, തൃത്താല തിരുത്തിപ്പാറ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 15ന് തൃശൂർ കുന്നംകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 19ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ കേന്ദ്രനേതാക്കളെത്തും.
പായസം കുടിച്ച് ഹംസ
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ വാഹന പ്രചാരണ പര്യടനത്തിന് പെരുമ്പടപ്പ് പഞ്ചായത്തിലെ ചിറവല്ലൂരിൽ ഇന്നലെ രാവിലെ തുടക്കമായി. നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലെ കല്ലൂർമ്മ, നന്നംമുക്ക്, ചങ്ങരംകുളം പോസ്റ്റ് ഓഫീസ് റോഡ്, കാഞ്ഞിയൂർ സെന്റർ, കുന്ന്, മൂച്ചിക്കടവ്, പെരുമുക്ക്, പന്താവൂർ, അട്ടേക്കുന്ന്, ആലംങ്കോട് സൂറത്ത് പള്ളി, കോക്കൂർ സെന്റർ, പാവിട്ടപ്പുറം, കിഴിക്കര സെന്റർ, ഒതളൂർ സെന്റർ എന്നിവിടങ്ങളിലാണ് ഉച്ചയ്ക്കു മുമ്പ് സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കിയത്. കൊന്നപ്പൂക്കൾ നൽകിയും ചുവപ്പ് ഷാളണിയിച്ചും പടക്കം പൊട്ടിച്ചും ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പെരുമുക്കിൽ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവച്ച് സി.പി.എമ്മിൽ ചേർന്ന പ്രവർത്തകരെ സ്ഥാനാർത്ഥി ഷാളണിയിച്ച് സ്വീകരിച്ചു. നന്നമുക്ക് പഞ്ചായത്തിലെ മൂച്ചിക്കടവിലെ സ്വീകരണ കേന്ദ്രത്തിൽ എഴുത്തുകാരനും കവിയുമായ കുമാർ പി. മുക്കുതല വരച്ച കെ.എസ് ഹംസയുടെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. പര്യടനത്തിനിടെ മുക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ വിവാഹസദ്യക്കിടെ എത്തിയ കെ.എസ്. ഹംസയെ വരൻ എം.കെ പ്രജീഷും വധു ശ്രുതിയും ചേർന്ന് പായസം നൽകി സ്വീകരിച്ചു. മൂന്ന് ദിവസത്തിനകം വാഹനപ്രചാരണം പൂർത്തിയാക്കി പൊതുയോഗങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.16ന് ചെമ്മാട് നടക്കുന്ന പൊതുയോഗത്തിൽ പോളിറ്റ് ബ്യൂറോയംഗം സുഭാഷിണി അലി പങ്കെടുക്കും. 19ന് പൊന്നാനി കുണ്ടുകടവിലും തിരൂരിലും വളാഞ്ചേരിയിലും നടക്കുന്ന യോഗത്തിൽ പോളിറ്റ് ബ്യൂറോയംഗം എം.എ. ബേബി പങ്കെടുക്കും. 20ന് ആതവനാടിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.
സ്നേഹസദസ്സുമായി സമദാനി
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ നിന്ന് രാവിലെ ഒമ്പതിന് ആരംഭിച്ച സ്നേഹസദസ്സുകൾ വൈകിട്ട് ഏഴിന് തിരൂരിലാണ് സമാപിച്ചത്. മോസ്‌കോ, തിരുനിലം, വട്ടപ്പറമ്പ്, മങ്കേരി, വെണ്ടല്ലൂർ, നടുവപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം 11ന് കോട്ടപ്പുറം അങ്ങാടിയിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറുവരെ കുറ്റിപ്പുറം പഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ സ്‌നേഹസദസിൽ പങ്കെടുത്തു. കുറഞ്ഞത് നാല് ബൂത്തുകൾ ഉൾപ്പെടുത്തിയുള്ള സ്നേഹസദസിൽ കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും നിയമങ്ങളുമാണ് ചൂണ്ടിക്കാട്ടുന്നത്. വോട്ടഭ്യർത്ഥനയും ചെറുപ്രസംഗവുമാണ് സ്ഥാനാർത്ഥിയുടേത്. ഇന്ന് വളാഞ്ചേരി, വൈലത്തൂർ, പൊന്നാനി, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ രമേശ് ചെന്നിത്തല പങ്കെടുക്കും. 19ന് പരപ്പനങ്ങാടി മുതൽ പടിഞ്ഞാറേക്കര വരേയും 22ന് പൊന്നാനി കാപ്പിരിക്കാട് മുതൽ പെരുമ്പടപ്പ് വരെയും യുവജന റാലി നടക്കും.
കുടുംബ സംഗമങ്ങളിൽ നിവേദിത
കുറ്റിപ്പുറം ശിവക്ഷേത്രത്തിന് സമീപം കുടുംബ യോഗത്തോടെ ആയിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ തുടക്കമായത്. തവനൂർ, കോട്ടക്കൽ നിയോജക മണ്ഡലങ്ങളിലായി പത്തോളം കുടുംബ സംഗമങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം മുന്നോട്ടുപോവുന്നത്. ന്യൂനപക്ഷ വിരുദ്ധരെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങൾക്ക് മറുപടിയുമേകുന്നുമുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് പ്രവർത്തകരും തുടക്കമിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |