കോഴിക്കോട്: വേനൽച്ചൂട് കൂടുമ്പോഴും വിട്ടുകൊടുക്കാതെ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവം. കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം ബേപ്പൂരിൽ പ്രചാരണം നടത്തി.
ബേപ്പൂർ മണ്ഡലത്തിലെ വിവിധ വ്യവസായ തൊഴിൽശാലകളിലാണ് എളമരം കരീം സന്ദർശനം നടത്തിയത്. ബേപ്പൂരിന്റെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന എളമരം കരീമിന് മികച്ച സ്വീകരണമാണ് നൽകിയത്.
രാവിലെ ആദ്യമെത്തിയത് രാമനാട്ടുകര ഭാരത് സ്റ്റോറിലായിരുന്നു. പിന്നീട് നഗരത്തിലെ വലിയ വ്യാപാര സമുച്ചയമായ സുരഭിമാളിലും മര വ്യവസായ കേന്ദ്രമായ ഹിൽവുഡിലും വാഹന വിതരകേന്ദ്രമായ ഇറാം മോട്ടേഴ്‌സിലും സന്ദർശനം. ഫറോക്ക് ചുങ്കത്തെ വി കെ സി സ്മാർട്ടക്കും സന്ദർശിച്ചു. തൊഴിലാളികളോട് കുശലം പറഞ്ഞും സെൽഫിയെടുത്തുമാണ് മടങ്ങിയത്. ചാലിയം, രാമനാട്ടുകര, റഹ്മാൻ ബസാർ, ഫറോക്ക്, ചെറുവണ്ണൂർ എന്നിവിടങ്ങളിൽ ചില വീടുകളും സന്ദർശിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ പുലർച്ചെ പുതിയാപ്പ ഹാർബറിലെത്തി. മത്സ്യ തൊഴിലാളികൾ നിലവിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ എം.കെ. രാഘവന് മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ, രാഹുൽ ഗാന്ധിക്ക് കീഴിൽ മത്സ്യ തൊഴിലാളികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നും സബ്‌സിഡിക്ക് പുറമെ പുതിയ ന്യായ് പദ്ധതി തന്നെ ആരംഭിക്കുമെന്നും എം.കെ. രാഘവൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് പറഞ്ഞു . ലക്ഷകണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്നു എം. ടി. രമേശ്.
സ്‌പൈസസ് ബോർഡ് ഓഫീസിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. ബി.ജെ.പി ചേവരമ്പലം ഏരിയ കമ്മിറ്റിയിലെ 93ാം ബൂത്ത് ഓഫീസ് എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു. തൊണ്ടയാട് നടന്ന കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ തലശ്ശേരി നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കുറ്റ്യാടി മണ്ഡലത്തിൽ പ്രചാരണം നടത്തി.എൻ. ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി മണ്ഡലത്തിൽ പ്രചാരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |