SignIn
Kerala Kaumudi Online
Saturday, 27 July 2024 9.15 AM IST

പുരാണങ്ങളിൽ ശിവന്റെ ആഭരണം, ദിനോസറിനെക്കാൾ വലുത്, ലോകത്തിലെ ഏറ്റവും വലിയ പാമ്പോ ഈ 'വാസുകി'

vasuki

4.7 കോടി വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ഭീമൻ പാമ്പിനെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന കണ്ടെത്തൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്ന് 2005ലാണ് ഈ പാമ്പിന്റെ കശേരുക്കൾ കിട്ടിയത്. രൂപം കൊണ്ട് ആദ്യം മുതലയാണെന്നാണ് ഗവേഷകർ കരുതിയത്. പിന്നീട് നടത്തിയ വിദഗ്ദ്ധ പഠനത്തിലാണ് ഇന്നത്തെ പെരുമ്പാമ്പുമായി സാമ്യമുള്ളതരം ഒന്നാണെന്ന് മനസിലായത്. 'വാസുകി ഇൻഡിക്കസ്' എന്നാണ് ഈ ഭീമൻ പാമ്പിന് പേര് നൽകിയത്.ഭാരതീയ വിശ്വാസപ്രകാരം നാഗരാജാവായ വാസുകിയുടെ പേരാണ് ഈ വലിയ പാമ്പിന് നൽകിയത്. കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 50 അടി വരെ പരമാവധി നീളമുണ്ടായിരുന്നതായാണ് സൂചന.

ദിനോസറിനെക്കാൾ വമ്പൻ

മാംസാഹാരികളായ ദിനോസറുകളിലെ സൂപ്പർ താരമായ ടിറാനോസോറസ് റെക്‌സ് എന്ന ടി റെക്‌സിന് മൂക്ക് മുതൽ വാലറ്റം വരെ ഏതാണ്ട് 40 അടി ആണ് നീളം. എന്നാൽ വാസുകി ഇൻഡിക്കസിന് 40 അടി മുതൽ 50 അടി വരെയാണ് നീളം കണക്കാക്കുന്നത്.

ഐ.ഐ.ടി റൂർക്കിയിലെ ദേബജിത്ത് ദത്ത, പാലിയന്റോളജിസ്‌റ്റ് സുനിൽ ബാച്‌പെയ് എന്നിവർക്ക് ഗുജറാത്തിലെ പാനന്ദോ ലിഗ്‌നൈറ്റ് ഖനിയിൽ നിന്ന് ലഭിച്ച 27 കശേരുക്കളാണ് വാസുകി ഇൻഡിക്കസിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. കൃത്യമായി അടുക്കിയ നിലയിൽ തന്നെയായിരുന്നു ഈ കശേരുക്കൾ. 'പാമ്പിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ അനാക്കൊണ്ടയേയും പെരുമ്പാമ്പിനെയും പോലെ ഇരയെ വരിഞ്ഞുമുറുക്കി പിടിക്കുന്നതായിരുന്നു വാസുകി ഇൻഡിക്കസിന്റെയും രീതി. വളരെ സാവധാനമായിരുന്നു സഞ്ചാരം. അന്തരീക്ഷ താപനില കൂടുതലായിരുന്നതിനാൽ ചതുപ്പുകളുടെ സമീപമായിരുന്നു ഇവയുടെ താമസം.' ദേബജിത്ത് ദത്ത പറയുന്നു.

ഏകദേശം രണ്ടര ഇഞ്ച് നീളവും നാലിഞ്ച് വീതിയുമുള്ളവയായിരുന്നു വാസുകിയുടെ കശേരുക്കൾ. ഏകദേശം 2200 പൗണ്ട് അഥവാ 1000 കിലോയോളം ഇവയ്‌ക്ക് ഭാരമുണ്ടായിരുന്നു. അപാര വലുപ്പമായതിനാൽ പെരുമ്പാമ്പിനെപ്പോലെ മരത്തിലൊന്നും കയറാൻ വാസുകി ഇൻഡിക്കസിന് ആയിരുന്നില്ല. ഇത്രയധികം കശേരുക്കൾ ലഭിച്ചതിനാൽ ഇവ ഇല്ലാതായ സമയം ചൂടേറിയ കാലമായിരുന്നു. അന്ന് 28ഡിഗ്രി ശരാശരി ചൂടുണ്ടായിരുന്നതായി കണക്കാക്കുന്നു.

area

ടൈറ്റാനോബോവയെക്കാൾ വലുതോ?

വാസുകി ഇൻഡിക്കസിന് ലോകത്തിൽ ഇന്നുവരെ കണ്ടെത്തിയ ഏറ്റവും വലിയ പാമ്പായ ടൈറ്റാനോബോവയെക്കാളും വലുപ്പമുണ്ടോ എന്നതിൽ കൃത്യമായ ഉത്തരം ഗവേഷകർക്ക് പറയാൻ കഴിയുന്നില്ല. 45 അടി മുതൽ 50 അടിവരെയാണ് ടൈറ്റാനോബോവയുടെ വലുപ്പം. 100 മില്യൺ വർഷം മുൻപ് വടക്കുകിഴക്കൻ കൊളംബിയയിൽ ജീവിച്ച പാമ്പാണ് ടൈറ്റാനോബോവ. 1135 കിലോയോളം ഭാരമുണ്ട്. ഇതിലും വലുപ്പമുണ്ട് വാസുകി ഇൻഡിക്കസ് എന്നാണ് നിലവിലെ സൂചന. വാസുകി ഇൻഡിക്കസ് ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ തന്നെയാണ് കണ്ടുവന്നിരുന്നത്. ഇന്ന് ലോകത്ത് ഏറ്റവും വമ്പൻ പാമ്പ് റെറ്റിക്കുലേറ്റ് പൈത്തൺ ആണ്. 20 അടി അഞ്ച് ഇഞ്ചാണ് ഇതിന്റെ നീളം.

ആദിമകാലത്ത് ഭൂമിയിൽ നിലനിന്ന ഗോണ്ട്വാനാലാന്റ് എന്ന സൂപ്പർ ഭൂഖണ്ഡത്തിലെ ഗോണ്ട്വാനൻ പാമ്പുകൾ അടങ്ങിയ മാറ്റ്‌സോഐഡ് എന്ന വംശനാശം സംഭവിച്ച കുടുംബത്തിലെ അംഗമാണ് വാസുകി ഇൻഡിക്കസ്.

bodyparts

പുരാണകഥയിലെ വാസുകി

കശ്യപമുനിയുടെയും കദ്രുവിന്റെയും മകനാണ് വാസുകി. പാതാളത്തിൽ താമസിക്കുന്ന നാഗരാജാവാണ്. അമൃതിനുവേണ്ടി പാലാഴി മഥനം നടത്തിയപ്പോൾ കയറായി ഉപയോഗിച്ചത് വാസുകിയെയാണ്. ശിവന്റെ കഴുത്തിലെ ഹാരം വാസുകിയാണ്.

ഇന്ത്യയിൽ ഉത്ഭവിച്ച വാസുകി ഇൻഡിക്കസ് പിന്നീട് തെക്കൻ യൂറോപ്പ് വഴി ആഫ്രിക്കയിലെത്തി. 56 മില്യൺ മുതൽ 34 മില്യൺ വ‌ർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. ശ്വാസമെടുക്കുന്നതിന് വളരെ ഉയരത്തിൽ അതിന്റെ തലഭാഗം ഉയർത്തേണ്ടിയിരുന്നു. ഇവയുടെ ആഹാരം എന്തായിരുന്നു എന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇപ്പോഴത്തെ പെരുമ്പാമ്പുകൾ വേട്ടയാടും പോലെ തന്നെ പെട്ടെന്ന് ചാടിവീണ് ശ്വാസംമുട്ടിച്ച് കൊന്ന് ഭക്ഷിക്കുന്നതായിരുന്നു ഇവയുടെ ആഹാരരീതി എന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASUKI INDICUS, SNAKE, FOUND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.