SignIn
Kerala Kaumudi Online
Tuesday, 04 June 2024 7.59 AM IST

മലയാള സിനിമയെ വിറപ്പിച്ച 'പാവം ക്രൂരൻ'; ടി ജി രവിക്ക് 80-ാം പിറന്നാൾ

tg-ravi

1970 - 80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് മലയാള സിനിമയെ വിറപ്പിച്ച നടൻ ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥൻ. നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്നുവെങ്കിലും വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
1944 മേയ് 16ന് തൃശൂർ ജില്ലയിലെ മൂർക്കനിക്കര ഗ്രാമത്തിൽ ടി.ആർ. ഗോവിന്ദൻ എഴുത്തച്ചൻ കല്യാണി എന്നിവരുടെ മകനായി ജനിച്ച ടി ജി രവി തൃശൂർ സെന്റ് തോമസ് കോളജിലാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. 1969 ൽ കേരള സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങില്‍ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.

പഠനകാലത്ത് തന്നെ കലാ കായിക രംഗത്ത് സജീവമായിരുന്നു. 1972ൽ തൃശൂരിലെ 'ശിൽപി' തിയറ്ററിൽ 'തേര്' എന്ന നാടകത്തിൽ പ്രേംജി, ഇബ്രാഹിം വേങ്ങര തുടങ്ങിയ പ്രശസ്ത നടന്മാരോടൊപ്പം അഭിനയിച്ചു നല്ലൊരു നാടക സംവിധായകൻ കൂടിയായ ടി.ജി. രവി പാളയം എന്ന നാടകം സംവിധാനം ചെയ്തിട്ടുണ്ട്. നടൻ ജഗന്നാഥ വർമ്മ, ബിജുമേനോന്റെ അച്ഛൻ ബാലകൃഷ്ണ പിള്ള, ഗാന രചയിതാവ് ജി.കെ പള്ളത്ത്, മുല്ലനേഴി എന്നിവരും സുഹൃത്തുക്കളായിരുന്നു.


തൃശൂർ ആകാശവാണിയിൽ ഇടനേര ജോലി ചെയ്യുന്ന സമയത്ത് സാഹിത്യകാരനും തിരക്കഥാകൃത്തുമായ തിക്കോടിയനെ കണ്ടുമുട്ടിയത് ചലച്ചിത്ര ലോകത്തേക്ക് ഒരു വഴിത്തിരിവായി. ഉത്തരായനം എന്ന ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്രരംഗത്തെത്തി. ഈ രംഗത്തെ താല്‍‌പ്പര്യം മുന്‍നിര്‍ത്തി അദ്ദേഹം സ്വന്തമായി തുഷാര ഫിലിംസ്' എന്ന ബാനറിൽ 'പാദസരം' (1978), 'ചോര ചുവന്ന ചോര', 'ചാകര' തുടങ്ങിയ സിനിമകൾ നിർമ്മിച്ചു. ജി. ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത 'ചോര ചുവന്ന ചോര' യില്‍ നായക വേഷം ചെയ്തെങ്കിലും ചിത്രം ഒരു പരാജയമായിരുന്നു.

1980 ൽ ജയൻ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തിൽ വില്ലന്‍ കഥാപാത്രമായി രംഗപ്രവേശം ചെയ്തു. തുടർന്ന് അക്കാലത്തെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു. ഭരതൻ സംവിധാനം ചെയ്ത പറങ്കിമല (1981) എന്ന സിനിമയിൽ തൃശൂർ ഭാഷാശൈലിയിൽ സംസാരിയ്ക്കുന്ന 'കുഞ്ഞിപ്പാലു' എന്ന വില്ലനായി ടി. ജി. രവി മികച്ചപ്രകടനം കാഴ്ച്ചവച്ചു. ആ വേഷം ടി. ജി. രവിയെ പ്രശസ്ഥനാക്കി. അക്കാലത്തെ സ്ത്രീകളുടെ പേടി സ്വപ്നമായിരുന്ന ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്.

1990കളുടെ തുടക്കത്തിൽ പൂര്‍ണസമയ ചലച്ചിത്ര പ്രവർത്തനങ്ങളിൽ നിന്നും വിരമിച്ചു. 1993ൽ ഇറങ്ങിയ ഭൂമിഗീതം (കമൽ), അവൻ അനന്ത പത്മനാഭൻ (പ്രകാശ് കോളേരി), ധ്രുവം (ജോഷി) എന്നിവയാണ് ആ ഘട്ടത്തിലെ അവസാന സിനിമകൾ. തുടർന്ന് റബ്ബർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 'സൺ‌ടെക് ടയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം നടത്തി. സിബി മലയിൽ 2006 ൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിലൂടെ കാൽ നൂറ്റാണ്ടിനുശേഷം ടി ജി രവി വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്. ഈ നാട്, സന്ധ്യമയങ്ങും നേരം, ജംബുലിംഗം, എൻ.എച്ച് 47 തുടങ്ങിയവയാണ് അക്കാലത്ത് എത്തിയ ചിത്രങ്ങൾ.

പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പുണ്യാളൻ അഗർബത്തീസ്, ഇയോബിന്റെ പുസ്തകം, സു സു സുധി വാത്മീകം, പ്രീസ്റ്റ്, പൊറിഞ്ചു മറിയം ജോസ്, തൃശ്ശൂർ പൂരം എന്നി സിനിമകളിൽ ശ്രദ്ധയമായ കഥാപാത്രങ്ങളെയാണ് അവതിരിപ്പിച്ചിട്ടുള്ളത്. സ്കൂൾ കാലഘട്ടത്തിൽത്തന്നെ അഭിനയലോകത്തെത്തിയ അദ്ദേഹം നാടകത്തിലും സിനിമയിലുമായി 50 വർഷം പിന്നിട്ടു. മൂർക്കനിക്കര സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ച കാലം മുതൽ ഇപ്പോൾ ഏകദേശം 250-ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച വില്ലൻ പരിവേഷമുള്ള ടി.ജി. രവിയുടെ ഉള്ളിൽ ഒരു സാധുവായ മനുഷ്യനുണ്ട്. വിവാഹ വീടുകളില്‍ ചെന്നാല്‍ എന്നോട് കുശലം പറയാന്‍ പോലും അധികം പേര്‍ വരാതായി കുറ്റവാളിയെപ്പോലെ മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ വലിയ വല്ലാത്ത സങ്കടം തോന്നിയിട്ടുണ്ട്‌.


പ്രാഞ്ചിയേട്ടനിലെ ഉതുപ്പാനെ പോലെ വെളുപ്പിനു മുതൽത്തന്നെ മദ്യത്തെ ആശ്രയിച്ചുകഴിയുന്ന കഥാപാത്രത്തെ പോലെ ടി.ജി. രവിയെക്കുറിച്ച് കരുതിയാൽ തെറ്റി. മദ്യവും സിഗരറ്റും ജീവിതത്തിൽ നിന്ന് അകന്നിട്ട് 40 വർഷത്തിലേറെയായി -രവി പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റായിരുന്നിട്ടുണ്ട്.


ദേവസ്വം പ്രസിഡന്റായിരുന്ന സമയത്ത് ബോര്‍ഡിന്റെ ഏതോ പരിപാടിയുടെ സമ്മാനദാന ചടങ്ങില്‍ സമ്മാനം ഏറ്റുവാങ്ങാന്‍ സ്ത്രീകള്‍ വേദിയിലേക്ക് കയറിവരാതിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യകാല സിനിമകളില്‍ വില്ലന്‍ കഥാപാത്രമായി മാത്രം എത്തിയിരുന്ന അദ്ദേഹത്തിന്റെ അഭിനയമികവാണ് പ്രേക്ഷകരെ അത്രമാത്രം ഭയപ്പെടുത്തിയതെന്ന് പിന്നീട് കാലം തെളിയിച്ചു.


2006 ൽ മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിഴല്‍ രൂപം എന്ന സീരിയലിന് ലഭിച്ചിരുന്നു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡായ ചലച്ചിത്ര പ്രതിഭ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഡോ.വി കെ സുഭദ്രയാണ് ഭാര്യ. മക്കള്‍ ശ്രീജിത്തും രഞ്ജിത്തും. ശ്രീജിത്ത് രവി സിനിമയില്‍ സജീവമാണ്.
ഭാര്യ ഡോ: സുഭദ്രയുടെ മരണം ഒരിക്കൽ കേരളം ചർച്ച ചെയ്ത വിഷയമായിരുന്നു.

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക്‌ മെഡിക്കൽ എത്തിക്സ്‌ കമ്മിറ്റി അനുവാദം നൽകാതിരുന്നതിനെ തുടർന്ന്‌ അവർ മരണപ്പെടുകയായിരുന്നു. അമൃത ഹോസ്പിറ്റലിലായിരൂന്നു സർജറി തിരുമാനിച്ചത്‌. ഡോണറിന്റെ ലിവറും ശരിയായി. എന്നാൽ മെഡിക്കൽ എത്തിക്സ്‌ കമ്മിറ്റിയുടെ മുന്നിൽ എത്തിയപ്പോൾ പുറത്തു നിന്നുള്ള ഡോണറുടെ ലിവർ ശരിയാവില്ലെന്ന്‌ അവർ പറഞ്ഞു. അതേ തുടർന്ന്‌ ശസ്ത്രക്രിയ നടത്താനാവാതെ അവർ മരണത്തിനു കീഴടങ്ങി. ദക്ഷിണാഫ്രിക്കയിലെ ബോഡ്സ്വാനയിലാണ്‌ ഇപ്പോൾ ടി ജി രവി. മൂത്തമകൻ രഞ്ജിത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗമാണ്‌ ഇപ്പോൾ അദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TG RAVI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.