നൂഹ്: ഹരിയാനയിൽ ബസിന് തീപിടിച്ച് എട്ട് തീർത്ഥാടകർക്ക് ദാരുണാന്ത്യം. നൂഹിൽ കുണ്ടലി-മനേസർ-പൽവാൾ എക്സ്പ്രസ് ഹൈവേയിൽ ഇന്നലെ പുലർച്ചെ 1.30നായിരുന്നു സംഭവം. നിരവധിപേർക്ക് പൊള്ളലേറ്റു. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽനിന്ന് തീർത്ഥയാത്ര കഴിഞ്ഞുവരികയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. 60ഓളം പേർ ബസിലുണ്ടായിരുന്നെന്നാണ് വിവരം. ഇവരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. ശനിയാഴ്ച പുലർച്ചെ ബസിൽനിന്ന് പുകമണം ഉയർന്നതായി അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഇതിനിടെ തീ ഉയരുന്നത് കണ്ട മോട്ടർ സൈക്കിൾ യാത്രികൻ ബസിനെ പിന്തുടർന്ന് ഡ്രൈവറെ വിവരമറിയിച്ചു. പെട്ടെന്ന് ബസ് നിറുത്തിയെങ്കിലും തീ പടരുകയായിരുന്നു.
വിവരം അറിയിച്ചിട്ടും മൂന്നു മണിക്കൂറിനുശേഷമാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. പത്ത് ദിവസത്തെ തീർത്ഥാടനയാത്ര കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |