ദുബായ്: ദുബായി ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പിൽ ഇത്തവണ ഭാഗ്യം തേടിയെത്തിയിരിക്കുന്നത് ഒരു ഇന്ത്യൻ വനിതയ്ക്കാണ്. നറുക്കെടുപ്പിലൂടെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് പഞ്ചാബ് സ്വദേശിനിയായ പായലാണ്. യുവതിയുടെ 3337 നമ്പരുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു മില്യൺ ഡോളറാണ് ( ഏകദേശം 8,32,00000 കോടി രൂപ) സമ്മാനത്തുക.
പായൽ ഈ മാസം മൂന്നിനാണ് ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഭർത്താവായ ഹാർനെക് സിംഗ് 16-ാം വിവാഹ വാർഷികത്തിന് സമ്മാനമായി നൽകിയ പണം ഉപയോഗിച്ചാണ് ടിക്കറ്റ് വാങ്ങിയതെന്നും പായൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കഴിഞ്ഞ മാസം 20ന് ഞങ്ങളുടെ വിവാഹവാർഷികമായിരുന്നു. ഭർത്താവ് എനിക്ക് സമ്മാനമായി തന്ന 1000 ദിർഹം ഉപയോഗിച്ചാണ് ടിക്കറ്റ് വാങ്ങിയത്. ഓൺലൈനിൽ നോക്കിയപ്പോൾ ഏറ്റവും കൂടുതൽ തവണ മൂന്ന് എന്ന് വന്ന ടിക്കറ്റ് ഞാൻ തിരഞ്ഞെടുക്കുകയായിരുന്നു' -പായൽ പറഞ്ഞു.
'കഴിഞ്ഞ 12 വർഷമായി ഞങ്ങൾ ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. കുടുംബത്തോടൊപ്പം യാത്രകൾ നടത്തുമ്പോഴെല്ലാം ഞാൻ ഭർത്താവിന്റെയും മക്കളുടെയും പേരിൽ ടിക്കറ്റുകൾ മാറിമാറി വാങ്ങുമായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ ദുബായ് എയർപോർട്ടിൽ നിന്നും ഞങ്ങൾ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.എന്നാൽ ഇത് ആദ്യമായാണ് ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഭർത്താവ് സമ്മാനിച്ച പണം കൊണ്ട് ഞങ്ങൾ കോടീശ്വരൻമാരായി' -പായൽ പറഞ്ഞു.
സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസത്തിനായി മറ്റിവയ്ക്കുമെന്ന് യുവതി പറഞ്ഞു. ഓസ്ട്രേലിയയിൽ താമസിക്കുന്ന തന്റെ സഹോദരനെ സഹായിക്കും. ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കും. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ടെന്നും യുവതി വ്യക്തമാക്കി.
ദമ്പതികൾക്ക് 14 വയസുളള ഇരട്ടകളായ ആൺകുട്ടികളുണ്ട്. ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്ന സമയത്ത് യുവതിയും കുടുംബവും പഞ്ചാബിലായിരുന്നു. ഡ്യൂട്ടി ഫ്രീ സംഘാടകർ വിവരം വിളിച്ചുപറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് ഹാർനെക് സിംഗും പറഞ്ഞു. മില്ലേനിയം മില്യണയറായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുളള 229-ാം വ്യക്തിയാണ് പായൽ.
1999 മുതലാണ് ദുബായിൽ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് നടന്നുവരുന്നത്. 5000 ടിക്കറ്റ് ഉടമകൾക്കാണ് ഒരു സമയം അവസരം ലഭിക്കാറുളളത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്നത് ഇന്ത്യൻ പൗരൻമാരാണെന്നും ഡ്യൂട്ടി ഫ്രീ സംഘാടകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |