SignIn
Kerala Kaumudi Online
Tuesday, 25 June 2024 7.13 AM IST

ഒരുലക്ഷം രൂപ ഇറക്കിയാൽ ലഭിക്കുക 12 ലക്ഷം; ചെറിയ വരുമാനക്കാർക്കും നിക്ഷേപിക്കാൻ ഏറ്റവും നല്ലത് സ്വർണം തന്നെ

gold

മുംബയ്: നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല., എന്നാൽ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ കുഴപ്പംകൊണ്ട് മാത്രമാണെന്നു പറഞ്ഞത് സാക്ഷാൽ ബിൽഗേറ്റ്സാണ്. സമ്പാദിക്കാൻ മാസംതോറും ലക്ഷങ്ങളുടെ വരുമാനം വേണമെന്നില്ല, ചെറിയ വരുമാനമുള്ളവർക്കും തീരെ മോശമല്ലാതെ സമ്പാദിക്കാൻ കഴിയും. പക്ഷേ, അല്പം ദീർഘ വീക്ഷണവും ദിശാബോധവും വേണമെന്നുമാത്രം. ഇല്ലെങ്കിൽ പിടിച്ചതും നിന്നതുമൊക്കെ പോകും.

നിക്ഷേപമാണ് ഇപ്പോൾ കൂടുതൽപ്പേരും തിരഞ്ഞെടുക്കുന്നത്. ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോൾ മുടക്കിയതിന്റെ രണ്ടും മൂന്നും ഇരട്ടി തിരിച്ചുകിട്ടുമെന്നതുതന്നെ കാരണം. വലിയ ടെൻഷനും വേണ്ട. സ്വർണം, റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി എന്നിവയിലാണ് കൂടുതൽ പേരും ഇപ്പോൾ പണമിറക്കുന്നത്. ഈ മൂന്നിനും ഗുണവും ദോഷങ്ങളുമുണ്ട്.

സ്വർണം

ഇപ്പോഴത്തെ എന്നല്ല എക്കാലത്തും നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷൻ സ്വർണം തന്നെയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. പുരാതനകാലം മുതൽതന്നെ സ്വർണം സമ്പത്തിന്റെ പ്രതീകമാണ്. നിർമ്മിതബുദ്ധിയുടെ ഇക്കാലത്തും അതിന് മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല സ്വർണത്തിന്റെ പെരുമയും വിശ്വാസ്യതയും കൂടുകയും ചെയ്തു. നിലവിൽ 190,000 ടൺ സ്വർണം ആഗോളതലത്തിൽ ലഭ്യമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ 20 വർഷമായി, ചില്ലറ നിക്ഷേപകർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് സ്വർണം എന്നാണ് അസറ്റ് പ്രൊട്ടക്ഷൻ സ്ഥാപനമായ ഔർമിന്റെ സഹസ്ഥാപകനായ സൂരജ് എച്ച്എസ് പറയുന്നത്.

പണപ്പെരുപ്പത്തിന്റെയും മറ്റും പേരിലുള്ള ചാഞ്ചാട്ടം വിപണിയിൽ ഉണ്ടാകുന്നില്ല എന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ നാൽപ്പതുവർഷത്തിനിടെ സ്വർണത്തിൽ നിക്ഷേപം നടത്തിയ ആർക്കും നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ സ്വർണത്തിന്റെ വില പ്രതിവർഷം 13.5 ശതമാനമാണ് വർദ്ധിച്ചത്. ഇന്നലെ ഒരുപവൻ സ്വർണത്തിന്റെ വിപണിവില 54640 രൂപയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ 2004-ൽ ഒരു ലക്ഷം രൂപയുടെ സ്വർണ നിക്ഷേപം നടത്തിയൊരാൾക്ക് അതിപ്പോൾ ഏകദേശം 12.5 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും. ഒരു ടെൻഷനും നൽകാതെയാണ് ഇത്രയും നേട്ടം ഉണ്ടായതെന്നും ഓർക്കണം.

റിയൽ എസ്റ്റേറ്റ്

സ്വർണംപോലെതന്നെ മികച്ചൊരു നിക്ഷേപമാണ് റിയൽ എസ്റ്റേറ്റും. കഴിഞ്ഞ ഇരുപതുവർഷത്തിനിടെ ഈ രംഗത്തും വൻ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സ്ഥങ്ങൾക്കും കെട്ടിടങ്ങൾക്കുമെല്ലാം കാര്യമായ തോതിൽ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൻ നഗരങ്ങളിലും സിറ്റികളിലും സമീപ പ്രദേശങ്ങളിലുമാണ് വില വർദ്ധിക്കുന്നത്. 2004ൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം റിയൽ എസ്റ്റേറ്റ് രംഗത്ത് നടത്തിയൊരാൾക്ക് ഇപ്പോൾ അത് 15.5 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ടാവും. പക്ഷേ, ഇങ്ങനെ വരുമാനം നേടണമെങ്കിൽ റിയൽ എസ്റ്റേറ്റ് രംഗത്തെക്കുറിച്ച് കാര്യമായ അറിവുണ്ടാവണം. അല്ലെങ്കിൽ തിരിച്ചടിയായിരിക്കും ഫലം. പെട്ടെന്നൊരു വർദ്ധന ഈ രംഗത്ത് ഉണ്ടായേക്കില്ലെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

'റിയൽ എസ്റ്റേറ്റിലെ വിജയത്തിന്റെ താക്കോൽ ക്ഷമയാണ്. പെട്ടെന്നുള്ള വർദ്ധനവ് പ്രതീക്ഷിക്കരുത്. തുടക്കത്തിൽ വൻ വരുമാനം ലഭിച്ചേക്കില്ലെങ്കിലും ദീർഘകാല നേട്ടങ്ങൾ ഉണ്ടാവും. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ സാദ്ധ്യതകളെക്കുറിച്ചുള്ള ശ്രദ്ധ വളരെ ആവശ്യമാണ്, കാരണം ഈ മേഖലകളുടെ പരിവർത്തനം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല' ക്ലാരവെസ്റ്റ് ടെക്‌നോളജീസിന്റെ സഹസ്ഥാപകൻ കരൺ ഷെട്ടി പറയുന്നു,

ഓഹരി വിപണി

ഏറെ ശ്രദ്ധവേണ്ട ഒന്നാണ് ഓഹരി വിപണി. നേട്ടം ഉറപ്പില്ലെന്ന് മാത്രമല്ല ചിലപ്പോൾ തിരിച്ചടികളും ഉണ്ടാവും. വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിഞ്ഞ് ഓഹരികൾ വിറ്റും വാങ്ങിയും നന്നായി കളം നിറഞ്ഞ് കളിച്ചില്ലെങ്കിൽ പ്രതീക്ഷിച്ചപോലുള്ള ഒരുനേട്ടവും ഉണ്ടാവില്ല. ഈ രംഗത്തുള്ള വിശ്വസ്തരുടെ ഉപദേശം സ്വീകരിക്കുന്നതും നന്നാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, INVESTMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.