പാരീസ് : കാൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിഖ്യാത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പ്രശസ്തമായ പിയർ ആഞ്ചനിയോ പുരസ്കാരം ഏറ്റുവാങ്ങി.
ലോകത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകരെ ആദരിക്കുന്ന സ്വതന്ത്ര പുരസ്കാരം കാനിലെ നിറഞ്ഞ സദസിലാണ് സന്തോഷ് ശിവൻ സ്വീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകനാണ്. ആഞ്ചനിയോ സ്ഥാപന മേധാവി ഇമ്മാനുവേലും ബോളിവുഡ് നടി പ്രീതി സിന്റയും ചേർന്നാണ് സന്തോഷ് ശിവൻ എന്ന പേര് ആലേഖനം ചെയ്ത ലെൻസുകളടങ്ങുന്ന പുരസ്ക്കാരം സമ്മാനിച്ചത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന് റെഡ് കാർപ്പറ്റ് വരവേൽപ്പ് നൽകിയിരുന്നു. സന്തോഷ് ശിവന്റെ ഭാര്യ ദീപ, മകൻ സർവ്വജിത് എന്നിവരും സന്നിഹിതരായിരുന്നു.
അവിസ്മരണീയ നിമിഷം: സന്തോഷ് ശിവൻ
' എന്റെ ചലച്ചിത്ര ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമാണിത്. കാനിൽ ഇങ്ങനെ ആദരിക്കപ്പെടുന്നത് വിസ്മയകരമാണ്. എന്റെ അച്ഛനും അമ്മയും മുത്തശ്ശിയും അടുത്തിടെ വിടപറഞ്ഞ സഹോദരനും ഈ അഭിമാന നിമിഷത്തിൽ ചിരിതൂകുന്നുണ്ടാകാം. കേരളത്തിന്റെ പ്രകൃതിയും സംസ്ക്കാരവും മുത്തശ്ശിയിൽ നിന്നും അച്ഛനിൽ നിന്നും പകർന്നു കിട്ടി.അത് വലിയ ഊർജ്ജമായി. ഞാൻ ഒരു മോശം ഭർത്താവാണ്.കാരണം എപ്പോഴും സിനിമാ ചിത്രീകരണത്തിലാകും. ഭാര്യയും മകനും ഇവിടെ എത്തിയത് ആനന്ദകരമാണ്. സിനിമയുടെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ച മലയാളം സിനിമയെ ഓർക്കുന്നു. മലയാളത്തിൽ തുടങ്ങി തമിഴിലൂടെ ഹിന്ദിയിലും ഹോളിവുഡ്ഢിലും എത്തി. ഇത് വലിയ ബഹുമതിയാണ്. ആഞ്ചനിയോ കുടുംബത്തിനും നന്ദി പറയുന്നു.' - സന്തോഷ് ശിവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു
ആധുനിക സൂം ലെൻസിന്റെ സ്രഷ്ടാക്കളിൽ ഒരാളായ ഫ്രഞ്ച് എൻജിനിയർ പിയർ ആഞ്ചനിയോയുടെ പേരിൽ 2013 മുതൽ നൽകുന്ന ബഹുമതിയാണിത്. പ്രീതിയുടെ അരങ്ങേറ്റ ചിത്രമായ 'ദിൽ സേ'യുടെ (1998) ഛായാഗ്രഹണം സന്തോഷായിരുന്നു. സന്തോഷിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ദിൽ സേ.
ഇപ്പോൾ ലാഹോർ 1947 എന്ന ചിത്രത്തിന്റെ ഛായാഗ്രണത്തിലാണ്. തുടർന്ന് ശിവാജി എന്ന ചിത്രത്തിന്റെ ക്യാമറയും ചെയ്യും . കാശ്മീരി കവയിത്രി ഹബ്ബ ഖാത്തൂണിനെക്കുറിച്ചുള്ള സുനി എന്ന ചിത്രമാണ് സന്തോഷ് ഇനി സംവിധാനം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |