SignIn
Kerala Kaumudi Online
Saturday, 19 October 2024 8.35 PM IST

ശ്രദ്ധിക്കുക; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്‌ട്രോക്കിനുള്ള സാദ്ധ്യത ഏറെ

Increase Font Size Decrease Font Size Print Page
stroke

സ്‌ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്‌കാഘാതം അഥവാ ബ്രെയിന്‍ അറ്റാക്ക് എന്നാല്‍ തലച്ചോറിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് സ്തംഭിച്ചു പോകുന്ന അവസ്ഥയാണ്. ഇങ്ങനെ വരുന്നത് ആ ഭാഗത്തേക്കുള്ള രക്തയോട്ടത്തിലെ വ്യതിയാനങ്ങള്‍ മൂലമാണ്. ഇത് രണ്ടു രീതിയില്‍ വരാം.

രക്തക്കുഴല്‍ ബ്ലോക്ക് വന്ന് ആ ഭാഗത്തെ ബ്രെയിന്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന ischemic സ്‌ട്രോക്ക്, രണ്ടാമത് രക്തക്കുഴല്‍ പൊട്ടി തലയ്ക്ക് അകത്ത് രക്തസ്രാവം വന്ന് ബ്രെയിന്‍ വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്ന hemorrhagic സ്‌ട്രോക്ക്. രക്തക്കുഴല്‍ ബ്ലോക്ക് ആയിവരുന്ന ischemic സ്‌ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് കൂടുതല്‍ മനസിലാക്കാം. രക്തക്കുഴല്‍ ബ്ലോക്ക് ആയി സ്‌ട്രോക്ക് വന്നാല്‍ ഓരോ സെക്കന്റിലും തലച്ചോറിലെ 32000 കോശങ്ങള്‍ നശിക്കുന്നു. ഓരോ മിനിറ്റിലും 18 ലക്ഷത്തോളം കോശങ്ങള്‍ നശിക്കുന്നു.

ഇത് സ്ഥിരമായുള്ള ഒരു നാശമായതിനാല്‍, ആ കോശങ്ങളുടെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, കൈയ്യുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന കോശങ്ങളാണെങ്കില്‍, സമയം പോകുംതോറും ഒരു വശത്തെ കൈയ്യുടെ ചലനം സ്ഥിരമായി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥ വരാം. ഈ രീതിയില്‍ പല ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാം. സ്വന്തം പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യുവാന്‍ സാധിക്കാതെ കിടപ്പാകുന്ന അവസ്ഥയിലേക്ക് നയിക്കാം.

സ്‌ട്രോക്ക് ആണെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് രക്തക്കുഴല്‍ ബ്ലോക്ക് മാറ്റി കൂടുതല്‍ കോശങ്ങള്‍ നശിക്കുന്നത് തടയുവാനുള്ള ചികിത്സ നടത്തിയാല്‍ സ്‌ട്രോക്ക് മൂലം വരുന്ന ബുദ്ധിമുട്ടുകള്‍ നല്ല രീതിയില്‍ നിയന്ത്രിക്കുവാനും ക്രമേണ ഫിസിയോതെറാപ്പി വഴിയും മറ്റും സാധാരണ ജീവിതത്തിലേക്ക് നല്ലൊരു പരിധിവരെ തിരിച്ചു വരുവാനും സാധിക്കുന്നു.

സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രാധാന്യമേറിയ ഘടകം സമയമാണ്. അതുകൊണ്ട് രോഗം സ്‌ട്രോക്ക് ആണെന്ന് എത്രയും വേഗം തിരിച്ചറിയുകയും, എത്രയും പെട്ടെന്ന് ചികിത്സ നല്‍കുകയും വേണം. ഇത് ആദ്യം തിരിച്ചറിയേണ്ടത് രോഗിക്ക് അടുത്തുള്ളവരാണ്. ഇതിനുള്ള അവബോധം പൊതുജനങ്ങള്‍ക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്‌ട്രോക്ക് തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സൂത്രവാക്യം ആണ് BE-FAST.

B - BALANCE, നില്‍ക്കുമ്പോഴോ നടക്കുമ്പോഴോ ബാലന്‍സ് പോകുക.
E - EYE, കണ്ണിന്റെ കാഴ്ചക്കോ ചലനത്തിനോ പെട്ടന്ന് തകരാറുവരിക.
F - FACE അഥവാ മുഖത്തിന് കോട്ടം വരുന്ന അവസ്ഥ.
A - ARM, അഥവാ കൈകാലുകളുടെ ചലനശേഷി കുറയുകയോ ഒട്ടും അനക്കാന്‍ പറ്റാതാകുക .
S - SPEECH, സംസാര ശേഷി നഷ്ട്ടപ്പെടുന്ന അവസ്ഥ.
T - TIME, മേല്‍ പറഞ്ഞ ബുദ്ധിമുട്ടുകള്‍ വന്നാല്‍ എത്രയും പെട്ടന്ന് അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ചികിത്സ നല്‍കുന്ന സാഹചര്യം ഉണ്ടാക്കുക.

ഇനി രണ്ടാമത്തെ പ്രധാന ഘടകം ഇതിനു പെട്ടെന്ന് നല്‍കേണ്ട ചികിത്സയാണ്. തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഇതിനു വേണ്ട ടെസ്റ്റുകള്‍, പ്രധാനമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക. ഇതിന് ശേഷം രോഗനിര്‍ണ്ണയത്തിനും തലച്ചോറിന്റെ അവസ്ഥ മനസ്സിലാക്കി ചികിത്സ plan ചെയ്യുവാനും CTഅല്ലെങ്കില്‍ MRI സ്‌കാന്‍ ചെയ്യുന്നു. തലയിലേക്ക് പോകുന്ന രക്തക്കുഴലുകളുടെ അവസ്ഥ മനസ്സിലാക്കാനുള്ള ആന്‍ജിയോഗ്രാം ടെസ്റ്റും CT അല്ലെങ്കില്‍ MRI scan ഉപയോഗിച്ച് ചെയുന്നു. അത് കൊണ്ട് രോഗിയെ ഈ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ പെട്ടന്ന് എത്തിക്കേണ്ടതാണ്. 30 മുതല്‍ 60 മിനുട്ടില്‍ ഇതിന്റെ റിസള്‍ട്ട് അറിഞ്ഞ് മറ്റു ചികിത്സ തുടങ്ങുന്നു.


ചികിത്സ

ചെറിയ രക്തക്കുഴലാണ് ബ്ലോക്ക് ആയതെങ്കില്‍ IV thrombolysis എന്ന ചികിത്സ നല്‍കുന്നു- കയ്യിലെ രക്തകുഴല്‍ വഴി രക്തക്കട്ട അലിയിച്ചു ബ്ലോക്ക് മാറ്റാനുള്ള ഇന്‍ജക്ഷന്‍ നല്‍കുന്ന ചികിത്സയാണിത്. രോഗിയെ ICUല്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ചെയ്യേണ്ട ചികിത്സയാണിത്.

ബ്ലോക്ക് വലിയരക്തകുഴലിനെയാണ് ബാധിച്ചതെങ്കില്‍ മെക്കാനിക്കല്‍ ത്രോംബക്ടമി എന്ന നൂതന ചികിത്സ നല്‍കുന്നു. ഇത് കയ്യിലെയോ കാലിലെയോ രക്തക്കുഴല്‍ വഴി തലയിലെ രക്തക്കുഴലിലേക്ക് ചെറിയ ഉപകരണങ്ങള്‍ കടത്തി രക്തകട്ട വലിച്ചെടുത്ത് ബ്ലോക്ക് മാറ്റുന്ന സങ്കീര്‍ണ്ണമായ ചികിത്സയാണ്. ഈ ചികിത്സകള്‍ പക്ഷാഘാതം എന്ന രോഗത്തിന്റെ ചികിത്സയില്‍ വന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിലാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ പുരോഗതി മൂലം ഈ ചികിത്സകളില്‍ പല രീതിയിലുള്ള വികസനവും വന്നുകൊണ്ടിരിക്കുന്നു. ഇന്ന് സ്‌കാന്‍ വഴി തലച്ചോറിന്റെ അവസ്ഥ മനസ്സിലാക്കി, മസ്തിഷ്‌കാഘാതം വന്ന് 24 മണിക്കൂര്‍ വരെ ഇത്തരം ചികിത്സ നല്‍കാന്‍ സാദ്ധ്യതയുണ്ട്.


ഈ രണ്ടു ചികിത്സകളും സാധ്യമല്ലെങ്കില്‍ മാത്രം ഗുളികകളും മറ്റു മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സ നല്‍കുന്നു. അടിയന്തിരമായി നല്‍കുന്ന ഇത്തരം ചികിത്സക്ക് ശേഷം ഫിസിയോതെറാപ്പി പോലുള്ള മറ്റു ചികിത്സകളും കുറച്ചു കാലത്തേക്ക് വേണ്ടി വരും. ചില ഘട്ടങ്ങളില്‍ തലയിലെ സമ്മര്‍ദ്ദം കുറയ്ക്കുവാനോ രക്തസ്രാവം എടുത്ത് മാറ്റുവാനോ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. കൃത്യമായ ചികിത്സ കഴിവതും വേഗം നല്‍കാന്‍ സാധിച്ചാല്‍ സ്‌ട്രോക്ക് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നല്ല രീതിയില്‍ ഒഴിവാക്കുവാനോ കുറയ്ക്കുവാനോ സാധിക്കും.


സ്‌ട്രോക്ക് വരാതിരിക്കാന്‍ ചെയ്യേണ്ടതെന്ത്?

സ്‌ട്രോക്ക് കൂടുതല്‍ കാണുന്നത് പ്രായമായവരിലും പലവിധ ജീവിതശൈലി രോഗങ്ങളായ diabetes, hypertension ഉള്ളവരിലും പുകവലി, മദ്യപാനം തുടങ്ങിയ ലഹരി പദാര്‍ത്ഥം ഉപയോഗം ഉള്ളവരിലുമാണ്. ഇതെല്ലാം ഒഴിവാക്കി ആരോഗ്യപരമായ ജീവിതം നയിക്കാനായാല്‍ സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യത കുറവാണ്. ഇനി വരികയാണെങ്കില്‍, മുമ്പ് പറഞ്ഞപോലെ പെട്ടന്ന് തിരിച്ചറിഞ്ഞു സ്‌ട്രോക്ക് ചികിത്സ ലഭ്യമായ കേന്ദ്രങ്ങളില്‍ പെട്ടന്ന് എത്തിക്കേണ്ടതാണ്.

ഈ സൗകര്യങ്ങള്‍ ഉള്ള കേന്ദ്രങ്ങളെ സമഗ്ര സ്‌ട്രോക്ക് ചികിത്സാ കേന്ദ്രങ്ങള്‍ എന്ന് പറയുന്നു. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ആശുപത്രി അടുത്ത് ഇല്ലെങ്കില്‍ മാത്രം മറ്റു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളെയോ മറ്റ് ആശുപത്രികളെയോ സമീപിച്ച് രോഗനിര്‍ണ്ണയം നടത്തി സ്‌ട്രോക്ക് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള മാര്‍ഗ്ഗം തേടേണ്ടതാണ്.

ഡോ. പ്രവീൺ എ
DNB (റേഡിയോ ഡയഗ്നോസിസ്) DM (ന്യൂറോ ഇമേജിംഗ് ആൻഡ് ഇൻ്റർവെൻഷണൽ ന്യൂറോറഡിയോളജി)
സീനിയർ കൺസൾട്ടൻ്റ് - ന്യൂറോറഡിയോളജി ആൻഡ് ഇൻ്റർവെൻഷണൽ റേഡിയോളജി
എസ്‌യുടി ആശുപത്രി, പട്ടം, തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, WHAT IS A STROKE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.