ന്യൂഡൽഹി: മാരകരോഗം ബാധിച്ച് മരണമുറപ്പായവർക്ക് ജീവൻരക്ഷാ സഹായം (ഉപകരണം) പിൻവലിക്കുന്നതിനുള്ള കരട് മാർഗരേഖ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. രോഗിയുടെ ആരോഗ്യ നില കണക്കിലെടുത്ത് വിദഗ്‌ദ്ധ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡാണ് തീരുമാനിക്കേണ്ടത്.
പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാൻ ഒക്‌ടോബർ 22വരെ കരട് വെബ്‌സൈറ്റിൽ ലഭ്യമാകും. ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കുന്നത് ദയാവധമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തിരിച്ചുവരവ് സാദ്ധ്യമല്ലാത്തവരെയാണ് പരിഗണിക്കുക. രോഗം മാനസികമായും ശാരീരികമായും കൂടുതൽ ബുദ്ധിമുട്ടിക്കുമെന്നും ജീവൻ രക്ഷാ ഉപകരണങ്ങൾ കൊണ്ട് പ്രയോജനമില്ലെന്നും ഡോക്ടർ സർട്ടിഫൈ ചെയ്തിരിക്കണം. ഉപകരണങ്ങൾ പിൻവലിക്കേണ്ടത് രോഗിയുടെ താത്പര്യം പരിഗണിച്ചും സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിച്ചുമാവണം.
പരിഗണിക്കേണ്ട ഘട്ടങ്ങൾ
1 മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുമ്പോൾ
2 അവസ്ഥ കൂടുതൽ വഷളാകുമെന്ന മെഡിക്കൽ റിപ്പോർട്ട്
3 ഉപകരണങ്ങൾ തുടരേണ്ടെന്ന് രോഗി സമ്മതമറിയിക്കുമ്പോൾ
മെഡിക്കൽ ബോർഡ്
അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, വ്യത്യസ്‌ത ചികിത്സാവിഭാഗങ്ങളിൽ നിന്നുള്ള പ്രധാന ഡോക്‌ടറും രണ്ട് വിദഗ്ദ്ധരും അടങ്ങിയ പ്രൈമറി ബോർഡ്. ഇവരുടെ തീരുമാനം ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ നിയമിച്ച, അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള മൂന്ന് വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ സെക്കൻഡറി മെഡിക്കൽ ബോർഡ് സാധൂകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |