പാട്ടുകൾക്കെതിരായുള്ള സംഗീതജ്ഞൻ ഇളയരാജയുടെ പകർപ്പവകാശ പരാതികളെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്റെ കവിതകളടക്കമുള്ളവയുടെ ചില വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അതിന്റെ പകർപ്പവകാശം താൻ ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.
''വിണ്ണൈതാണ്ടി വരുവായ', 'നീ താനേ എൻ പൊൻവസന്തം' എന്നിവ ഞാൻ എഴുതിയ കവിതകളുടെ പേരുകളാണ്. അവ പിന്നീട് സിനിമകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എഴുതിയ വരികൾ സിനിമാ പേരുകളായി ഉപയോഗിച്ചപ്പോൾ ആരും എന്റെ സമ്മതം വാങ്ങിയിരുന്നില്ല. ഞാൻ അതേക്കുറിച്ച് ആരോടും ചോദിച്ചിട്ടുമില്ല. വൈരമുത്തു നമ്മളിൽ ഒരാൾ, തമിഴ് ഭാഷ നമ്മുടെ ഭാഷ എന്നുകരുതിയാണ് മറ്റുള്ളവർ എന്റെ കവിത ഉപയോഗിക്കുന്നത്.'- ഇളയരാജയെ പരോക്ഷമായി വിമർശിച്ച് വൈരമുത്തു വ്യക്തമാക്കി.
ഒരു പാട്ട് എന്നാൽ ഈണം മാത്രമല്ല, അതിലെ വരികൾ കൂടിയാണെന്ന് ഇതേ വിഷയത്തിൽ നേരത്തെ വൈരമുത്തു പ്രതികരിച്ചിരുന്നു. തുടർന്ന് വൈരമുത്തുവിനെതിരെ ഭീഷണിയുമായി ഇളയരാജയുടെ സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരൻ രംഗത്തെത്തുകയും ചെയ്തു. ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നായിരുന്നു ഗംഗൈ അമരന്റെ ഭീഷണി.
അടുത്തിടെ, മലയാളത്തിലെ പണംവാരിപ്പടമായ മഞ്ഞുമ്മൽ ബോയ്‌സിനെതിരെ പകർപ്പകാശ ലംഘന പരാതിയുമായി ഇളയരാജ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ' കൺമണി അൻപോട്' ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ചാണ് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്.
കൺമണി അൻപോട് ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്നാണ് ഇളയരാജ നോട്ടീസിൽ പറഞ്ഞത്. ടൈറ്റിൽ കാർഡിൽ പരാമർശിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |