SignIn
Kerala Kaumudi Online
Thursday, 20 June 2024 7.31 AM IST

വിദ്വേഷം പറഞ്ഞപ്പോൾ വാരാണസിയിൽ മോദിപോലും വെള്ളം കുടിച്ചു, 400 സീറ്റുകിട്ടാൻ രാമക്ഷേത്രവും ബിജെപിയെ പിന്തുണച്ചില്ല

modi

ന്യൂഡൽഹി: വികസനം പറഞ്ഞപ്പോൾ കൂടെനിന്നു, എന്നാൽ വിദ്വേഷവും വർഗീയതയും പച്ചയ്ക്ക് വിളമ്പിയപ്പോൾ എതിരായി. രാജ്യത്ത് എൻഡിഎ മുന്നണിക്ക് സീറ്റ് കുറഞ്ഞതിന് പ്രധാന കാരണം ഇതുതന്നെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. നാനൂറ് സീറ്റിൽ കുറയാത്ത ഒന്നുകൊണ്ടും തൃപ്തരായിരുന്നില്ല എൻഡിഎയും മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപിയും. അതിന് ഉതകുന്ന വിഷയങ്ങൾ അവർ പ്രചാരണത്തിനായി കണ്ടെത്തി. തങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്ന അജണ്ടകളിലേക്ക് എതിരാളികളെ എത്തിക്കാൻ അവർ കഴിയുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ബിജെപിയുടെ തന്ത്രം ഇക്കുറി വിലപ്പോയില്ല. എന്നുമാത്രമല്ല നേരിട്ടല്ലെങ്കിലും തങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ബിജെപിയെക്കൊണ്ട് പലതവണ പറയിപ്പിക്കാനും പ്രതിപക്ഷത്തിനായി. പ്രതിപക്ഷം ഉന്നയിച്ച പല ചോദ്യങ്ങൾക്കും എൻഡിഎ ഉത്തരം പറയാൻ നിർബന്ധിതരാവുകയും ചെയ്തു. വീമ്പിളക്കി തിരഞ്ഞെടുപ്പിനെത്തിയവർ നിരങ്ങി നീങ്ങുന്നതും കാണേണ്ടിവന്നു.

മോദി ഗ്യാരന്റി, പക്ഷേ

ബിജെപിക്കും എൻഡിഎയ്ക്കും നിരവധി നേതാക്കന്മാരുണ്ടായിട്ടും ബിജെപിയുടെ പ്രചാരണം കിടന്നുകറങ്ങിയത് മോദിയെന്ന സൂപ്പർ ഹീറോയ്ക്ക് ചുറ്റുമായിരുന്നു. വന്ദേഭാരത് ഉൾപ്പടെ നിരവധി കാര്യങ്ങൾ അവർ നേട്ടങ്ങളായി ജനങ്ങൾക്ക് മുന്നിലേക്കിട്ടു. ഒപ്പം മോദിയുടെ ഗ്യാരണ്ടി എന്ന മുഖ്യ പ്രചാരണ മുദ്രാവാക്യവും. പൊതുസമ്മേളനങ്ങളിൽ എന്നുമാത്രമല്ല റേഡിയോയിലും ടിവിയിലും ഇതുതന്നെ നിറഞ്ഞുനിന്നു. എന്നാൽ മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചും ഇല്ലാത്ത കുറ്റങ്ങൾ പോലും ചുമത്തി പ്രതിപക്ഷ നേതാക്കളെ ജയിലാക്കുന്നതും മാത്രമായിരുന്നു പ്രതിപക്ഷത്തിന് ഉയർത്തിക്കാണിക്കാനുണ്ടായിരുന്നത്. ഒരുമയില്ലാത്തവരുടെ കൂട്ടം എന്ന് വിളിച്ച് പ്രതിപക്ഷത്തിനെ ചൊടിപ്പിക്കാനും മോദിയും കൂട്ടരും മറന്നില്ല. ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ച് പ്രധാനമന്ത്രിമാരുണ്ടാവും എന്നായിരുന്നു മോദിയുടെ പരാമർശം.

കാർഡ് മാറ്റി, പക്ഷേ..

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. പോളിംഗ് ശതമാനത്തിൽ വൻ കുറവുണ്ടായത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അവർ ഭയന്നു. അതോടെ അതുവരെയുള്ള കാർഡ് അവർ മാറ്റി. മുസ്ലീം വിഭാഗത്തിനെതിരെ രാജ്യത്തെ പ്രധാനമന്ത്രി തന്നെ പരസ്യമായി രംഗത്തെത്തുന്നതാണ് പിന്നെ കാണാൻ കഴിഞ്ഞത്. കോൺഗ്രസ് വിജയിച്ചാൽ അവർ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യുമെന്നും പിന്നാക്ക വിഭാഗക്കാർക്ക് നൽകിവരുന്ന സംവരണം കോൺഗ്രസുകാർ മുസ്ലീങ്ങൾക്ക് നൽകുമെന്നും മോദി പറഞ്ഞു. ഇതിന് എരിവ് പകരുന്നതുപോലെ രാജ്യത്തെ മുസ്ലീങ്ങളുട‌െ ജനസംഖ്യ വർദ്ധിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ സ്ത്രീകളുടെ താലിമാലപോലും സുരക്ഷിതമല്ലെന്നും മോദി ആഞ്ഞടിച്ചു.

തിരഞ്ഞെടുപ്പിനിടെ പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വെവ്വേറെ ബഡ്ജറ്റുകൾ തയ്യാറാക്കുമെന്നുള്ള പ്രസ്താവനകൾ കൂടിയായതാേടെ പ്രചാരണം തനി വർഗീയ ലവലിലേക്ക് കടന്നു. നടപടിയെടുക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനും അനങ്ങിയില്ല. അവസാന ഘട്ട തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ആറ്റന്‍ബറോയുടെ സിനിമ വരുംമുമ്പ് ഗാന്ധിജിയെ ആർക്കും അറിയില്ലായിരുന്നു എന്ന പരാമർശം കൂടിയായതോടെ തിരിച്ചടി പൂർണമായി.

രാമനും തുണച്ചില്ല

ഉത്തരേന്ത്യയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാവില്ലെന്ന് വ്യക്തമായതോടെയാണ് ബിജെപിയും എൻഡിഎയും ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. കേരളത്തിൽ ഉൾപ്പടെ നിരവധി തവണയാണ് മോദി എത്തിയത്. തമിഴ്‌നാട് കൈപ്പിടിയിലൊതുക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. മാത്രമല്ല ഉത്തർപ്രദേശ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി പിന്നാക്കം പേവുകയും ചെയ്തു. ബിജെപിയുടെ പ്രസ്റ്റീജായിരുന്നു രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബിജെപി പിന്നിലാണ്. ഇപ്പോഴത്തെ റിപ്പോർട്ടനുസരിച്ച് ഇവിടെ അരലക്ഷം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി പിന്നിലുള്ളത്. സമാജ്‌വാദി പാര്‍ട്ടിയുടെ അവദേഷ് പ്രസാദ് ആണ് മുന്നിലുളളത്.

നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. ഹിന്ദുവോട്ട് ഏകീകരണമായിരന്നു ഇതിലൂടെ ബിജെപി ലക്ഷ്യം വച്ചത്. പക്ഷേ അതുണ്ടായില്ലെന്ന് വ്യക്തം. വാരാണസിയിൽ മോദിപോലും ഒരുഘട്ടത്തിൽ പിന്നിലായിരുന്നു. വിജയിച്ചെങ്കിലും മോദിയുടെ ഭൂരിപക്ഷം വൻതോതിൽ കുറയുകയും ചെയ്തു.

modi

അഗ്നിവീർ തിരിച്ചടിച്ചു

എൻഡിഎയ്ക്ക് ഉത്തരേന്ത്യയിൽ തിരിച്ചടി നൽകിയതിൽ പ്രധാനസ്ഥാനം അഗ്നിവീറിനുമുണ്ട്. ഉത്തർപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിൽ യുവാക്കളുടെ ആശ്രയമായിരുന്നു സൈനിക സേവനം. പക്ഷേ, അഗ്നിവീർ നടപ്പാക്കിയതോടെ യുവാക്കളുടെ മാത്രമല്ല സൈനികരാവാൻ യുവാക്കൾക്ക് പരിശീലനം നൽകിവന്നിരുന്ന ആയിരക്കണക്കിന് പേരെയും ബാധിച്ചു. ഇത് എൻഡിഎയോടും ബിജെപിയോടും എതിർപ്പ് വർദ്ധിക്കുന്നതിന് കാരണമായി. ഇവരെല്ലാം മാറിചിന്തിച്ചതോടെ ബിജെപിക്ക് കാര്യങ്ങൾ കടുകട്ടിയായി. അവസരം കോൺഗ്രസ് നന്നായി മുതലാക്കുകയും ചെയ്തു.

അറസ്റ്റും തിരിച്ചടിയായി

അന്വേഷണ ഏജൻസികളെക്കൊണ്ട് പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണം നടത്തുന്നതും അവരെ അറസ്റ്റുചെയ്യുന്നതും ബിജെപിക്കെതിരെയുള്ള ജനവികാരം വളരുന്നതിന് ഇടയാക്കിയിട്ടുണ്ട്. തങ്ങൾക്കൊപ്പം കൂടുന്നവരെ അറസ്റ്റിൽ നിന്നും കേസിൽ നിന്നും ഒഴിവാക്കുന്നതും പ്രതിപക്ഷം പ്രചരിപ്പിക്കുകയും ചെയ്തു. കേജ്‌രിവാളിന്റെ അറസ്റ്റ് ഇതിനെ സാധൂകരിക്കുന്നതായിരുന്നു.ഇലക്ടറൽ ബോണ്ട് ബിജെപി വൻതോതിൽ വാങ്ങിക്കൂട്ടിയെന്ന വിവരം പുറത്തുവന്നും എൻഡിഎയെ പ്രതിരോധത്തിലാക്കിയിരുന്നു. അഴിമതിക്കെതിരെ എന്ന മോദിയുടെയും എൻഡിഎയുടെയും പ്രതിച്ഛായയ്ക്ക് ഇത് കടുത്ത പ്രഹരമേൽപ്പിച്ചു. പ്രതിപക്ഷ നേതാക്കളുടെ ഫോൺചോർത്തലും തിരിച്ചടിക്ക് ആക്കംകൂട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NDA, BJP, INDIA, VOTE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.