സോൾ : മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴത്തെ വിശേഷിപ്പിക്കുന്നത്. മാമ്പഴത്തിന്റെ രുചിയിലെ ഐസ്ക്രീമിനും ജാമിനും മിഠായികൾക്കുമൊക്കെ ആരാധകർ ഏറെയാണ്. സ്മൂത്തി, ജ്യൂസ്, ഷേക്ക്, സാലഡ് എന്നിങ്ങനെ മാമ്പഴം കൊണ്ടുള്ള വിഭവങ്ങൾക്ക് ആവശ്യക്കാർ നിരവധിയാണ്.
മാമ്പഴത്തിന്റെ ജനപ്രീതി കണക്കിലെടുത്ത് അതിഗംഭീരമായ ഒരു മാംഗോ ബുഫെ അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലുള്ള ലോട്ടെ ഹോട്ടൽ. ഒരാൾക്ക് 1,35,000 വോൺ (8,257 രൂപ ) ആണ് ഇവിടുത്തെ രാജകീയ മാംഗോ ബുഫെയ്ക്ക് ഈടാക്കുന്നത്.
ശൈത്യകാലത്ത് സ്ട്രോബറി ബുഫെയും ഇവിടെ അവതരിപ്പിക്കാറുണ്ട്. സമ്മർ സീസൺ എത്തിയതോടെയാണ് മാമ്പഴത്തിന്റെ സമയം തെളിഞ്ഞിരിക്കുന്നത്. നല്ല ഫ്രഷ് പഴുത്ത മാമ്പഴമാണ് ബുഫെയിലെ വിഭവങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്.
മാമ്പത്തിന്റെ തീമിൽ ഒരുക്കിയ ടേബിളിലേക്കാണ് വിഭവങ്ങളെല്ലാം എത്തിക്കുന്നത്. റിഫ്രഷിംഗ് വെൽക്കം ഡ്രിങ്കിലൂടെയാണ് തുടക്കം. മാംഗോ ക്രീം കേക്ക്, മാംഗോ പുഡ്ഡിംഗ്, മാംഗോ മീൽ - ഫേയ തുടങ്ങി ഡെസേർട്ടുകളുടെ നീണ്ട നിരയാണ് കസ്റ്റമേഴ്സിന് മുന്നിലുള്ളത്. മാമ്പഴത്തിനുള്ളിൽ വിളമ്പുന്ന ഐസ്ക്രീമാണ് മറ്റൊരു ഹൈലൈറ്റ്. സ്പൈസി റൈസ് കേക്ക്സ്, ലാമ്പ് റിബ്സ്, സാൻവിച്ച് അടക്കം മറ്റ് പത്തിലേറെ ഓപ്ഷനുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |