#ആറുനില ഫ്ളാറ്റ് അഗ്നിക്കിരയായി
# മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു
# താഴേക്ക് ചാടിയവർ തലപിളർന്ന് മരിച്ചു
ഹെൽപ് ലൈൻ +965-65505246
കുവൈറ്റ്സിറ്റി: പ്രവാസി മലയാളിയുടെ കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 മലയാളികൾ അടക്കം 49 പേർക്ക് ദാരുണാന്ത്യം. കത്തിക്കരിഞ്ഞതിനാൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.25 മലയാളികൾ മരിച്ചെന്നും സൂചനയുണ്ട്. പ്രാണരക്ഷാർത്ഥം മുകൾ നിലകളിൽ നിന്ന് താഴേക്ക് ചാടിയവർ വീണ് തല ചിതറി മരിച്ചു. മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടുലക്ഷം രൂപവീതം നൽകും.
കൊല്ലം ശൂരനാട് നോർത്ത്ഷെമീർ (30),കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു (30), തൃക്കരിപ്പൂർ പിലിക്കോട് എരവിൽ തെക്കുമ്പാടെ കേളു പൊന്മലേരി (55), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ആകാശ് എസ്. നായർ (32), പത്തനംതിട്ട വാഴമുട്ടം പി.വി. മുരളീധരൻ (54),പുനലൂർ നരിക്കൽ സാജൻ ജോർജ് (28), ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി (കൊല്ലം), സജു വർഗീസ്( കോന്നി), രഞ്ജിത്ത് കുണ്ടടുക്കം (ചെർക്കളം), ചാത്തന്നൂർ ആദിച്ചനല്ലൂർ ലൂക്കോസ് (48) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
50ലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴുപേരുടെ നില ഗുരുതരം. മറ്റു രാജ്യക്കാരായ ചില തൊഴിലാളികളുമുണ്ട്. മരണ സംഖ്യ ഉയർന്നേക്കും. തെക്കൻ കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിൽ തിരുവല്ല നിരണം സ്വദേശി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻ. ബി.ടി.സി കമ്പനിയുടെ ക്യാമ്പിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.
ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 4.30 (ഇന്ത്യൻ സമയം രാവിലെ 7ന്) ആയിരുന്നു സംഭവം. 195 പേരാണ് ആറുനില കെട്ടിടത്തിൽ താമസിച്ചിരുന്നത്. രക്ഷാപ്രവർത്തനം അതിവേഗം നടത്തി.താഴത്തെ നിലയിൽ സുരക്ഷാ ജീവനക്കാരന്റെ മുറിക്ക് സമീപത്ത് നിന്നാണ് തീപടർന്നത്. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് വ്യാപിച്ചതോടെ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാകാം കാരണമെന്നു കരുതുന്നു. സുരക്ഷാ ജീവനക്കാരൻ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സംഭവിച്ചതാണെന്നും അഭ്യൂഹമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടത്തോടെ തൊഴിലാളികളെ പാർപ്പിച്ചിരുന്നു.ലിഫ്ട് സൗകര്യവും ഉണ്ടായിരുന്നില്ല. കുവൈറ്റ് ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ - സബാഹ് സ്ഥലം സന്ദർശിച്ചു. കെട്ടിട ഉടമയെയും കാവൽക്കാരനെയും ജീവനക്കാരെ പാർപ്പിച്ച കമ്പനി ഉടമകളെയും അറസ്റ്റ് ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടു.
ഉറക്കത്തിലെത്തിയ ദുരന്തം
നല്ല ഉറക്കത്തിലായിരുന്നു മിക്കവരും. ചൂടേറ്റും ശ്വാസംമുട്ടിയും ഉണർന്നപ്പോഴേക്കും ചുറ്റും തീവലയായിരുന്നു. താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർ പടിക്കെട്ടുകളിൽ വെന്തു മരിച്ചു.
പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. ജനാലകളിൽ നിന്ന് താഴേക്ക് ചാടിയവരും മരിച്ചു. ചിലർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വിദേശകാര്യ സഹമന്ത്രി
കുവൈറ്റിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ വൈകിട്ട് അടിയന്തര ഉന്നതതല യോഗം ചേർന്നു.രാത്രിയോടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗിനെ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കുവൈറ്റിലേക്ക് അയച്ചു.
ഇന്ത്യക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. അംബാസഡർ ആദർശ് സ്വൈക അപകട സ്ഥലവും ചികിത്സയിലുള്ള ഇന്ത്യക്കാരെയും സന്ദർശിച്ചു. ഹെൽപ് ലൈൻ നമ്പർ: +965-65505246.
`ദുരന്തത്തിന് ഇരയായവർക്കൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ദുരിത ബാധിതരെ സഹായിക്കാൻ കുവൈറ്റ് അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും.'
- പ്രധാനമന്ത്രി നരേന്ദ്ര മോദി
`വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.'
- എസ്. ജയശങ്കർ,
വിദേശകാര്യ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |