SignIn
Kerala Kaumudi Online
Thursday, 18 July 2024 9.20 AM IST

മടക്കമില്ലാത്ത യാത്രയ്ക്കായി അവർ ജന്മനാട്ടിലെത്തി

പെരിന്തൽമണ്ണ/തിരൂർ: കുവൈറ്റിലെ മാൻഗഫ് തീപിടിത്ത ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ യാത്രാമൊഴി നൽകി ജില്ല. പുലാമന്തോൾ സ്വദേശി ബാഹുലേയൻ, തിരൂർ സ്വദേശി നൂഹ് എന്നിവരാണ് കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച മലപ്പുറം സ്വദേശികൾ. വൈകീട്ട് 3.45നാണ് 36കാരനായ ബാഹുലേയന്റെ മൃതദേഹം വസതിയിലെത്തിച്ചത്.പുലാമന്തോൾ തിരുത്ത് കുറുമ്പ ക്ഷേത്ര മൈതാനത്ത് അഞ്ചോടെ പൊതു ദർശനത്തിന് വെച്ചു. ജില്ലാ കലക്ടർ വി.ആർ.വിനോദ്, എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, ഇ.ടി.മുഹമ്മദ് ബഷീർ, മറ്റ് എം.എൽ.എമാർ തുടങ്ങി വിവിധ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചു. ആറിന് ശാന്തിതീരത്തെത്തിച്ച് സംസ്കാരം നടത്തി.

സ്വന്തം സ്വപ്നങ്ങളും വീട്ടുകാരുടെ പ്രതീക്ഷകളും യാഥാർത്ഥ്യമാക്കുവാൻ പ്രവാസ ലോകം തിരഞ്ഞെടുത്ത പ്രിയപ്പെട്ടവന്റെ ചേതനയറ്റ മടക്കം വീട്ടുകാരിലും നാട്ടുകാരിലും ഒരുപോലെ ദുഃഖമുളവാക്കി. വീടെന്ന സ്വപ്നവും ഭാര്യയുടെയും മാതാപിതാക്കളുടെയും സഹോദരിയുടെയും പുഞ്ചിരിക്കുന്ന മുഖവും മാത്രം കാണാൻ ആഗ്രഹിച്ചവൻ ആർത്തിരമ്പിയ അഗ്നിബാധയിൽ ചേതനയറ്റു. കുവൈത്തിലെ അഗ്നിബാധയിൽ 45 ഇന്ത്യാക്കാരടക്കം 50 പേരുടെ ജീവനുകളിൽ ഹോമിക്കപ്പെട്ടത് പുലാമന്തോളിലെ സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന വേലായുധന്റെ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ബാഹുലേയനയാണ്.
തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ചാണ് 36കാരനായ ബാഹുലേയൻ മരിച്ചത്. 2011 മുതൽ 2017വരെ കൺസ്യൂമർ ഫെഡിലെ ദിവസവേതന ജീവനക്കാരനായിരുന്നു ബാഹുലേയൻ. 2013ൽ പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ചാണ് വീട് നിർമ്മാണം തുടങ്ങിയത്. 2019ൽ വീടുപണി പൂർത്തിയാക്കി. കഴിഞ്ഞ മാർച്ചിൽ അവധിക്കെത്തിയ ശേഷം തിരികെപ്പോകുമ്പോഴും കടങ്ങൾ തീർത്ത് മനസ്സമാധാനത്തോടെ ഉറങ്ങണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാഹുലേയൻ കെ.എസ്.യുവിന്റെ മുൻ മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസിന്റെ മുൻ മണ്ഡലം സെക്രട്ടറിയുമായിരുന്നു. 2019ലാണ് പ്രവീണയുമായുള്ള വിവാഹം കഴിഞ്ഞത്. മുൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തംഗം വേലായുധന്റെയും ഓമനയുടെയും മകനാണ്. തുഷാര ഏക സഹോദരിയാണ്.

കണ്ണീരോടെ നാട്

തിരൂർ കൂട്ടായി സ്വദേശി നൂഹിന്റെ മൃതദേഹം വൈകീട്ട് നാലോടെ വീട്ടിലെത്തിച്ചപ്പോൾ കൂടി നിന്നവർക്ക് തേങ്ങലടക്കാനായില്ല. വീട്ടുവളപ്പിൽ തന്നെയാണ് പൊതുദർശനത്തിന് വെച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പൊന്നാനി പാർലമെന്റ് നിയുക്ത എം.പി അബ്ദുൽ സമദ് സമദാനി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, തിരൂർ എം.എൽ.എ കുറക്കോളി മൊയ്തീൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സൈനുദ്ദീൻ, ബി.ജെ.പി ദേശീയ സമിതി അംഗം കെ.ജനചന്ദ്രൻ മാസ്റ്റർ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താർ ഹാജി, ബി.ജെ.പി ദേശീയ സമിതി അംഗം പി.ടി.ആലി ഹാജി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുല്ലക്കുട്ടി, അഡ്വ.നസറുള്ള, തിരൂർ തഹസിൽദാർ ഷീജ, സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, തിരൂർ ഡി.വൈ.എസ്.പി പി.പി.ഷംസ്,അഡ്വ.ഷബീന, തറമ്മൽ ആമിനമോൾ എന്നിവരും വീട്ടിലെത്തിയിരുന്നു.

വൈകീട്ട് അഞ്ചിന് കൂട്ടായി റാത്തീബ് ജുമാ മസ്ജിദിൽ ഖബറടക്കി. ഒരുമാസം മുമ്പാണ് കുവൈറ്റിലെ എൻ.ബി.ടി.സി കമ്പനിയിൽ നൂഹ് ജോലിയ്‌ക്കെത്തിയത്. 12 വർഷം ഗൾഫിൽ മത്സ്യ ബിസിനസ് നടത്തിയ അദ്ദേഹം ചില പ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനായ നൂഹ് നാട്ടിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. മൂന്ന് മാസം ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 25നാണ് ജോലി തേടി വീണ്ടും കുവൈറ്റിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.