SignIn
Kerala Kaumudi Online
Thursday, 25 July 2024 11.16 PM IST

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ, ബദൽ നയങ്ങൾ ശാക്തീകരിക്കാം 

ngo

കേരള എൻ.ജി.ഒ യൂണിയന്റെ അറുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട്ട് തിരശ്ശീലയുയരുകയാണ്. ഒരു വർഷക്കാലം നീണ്ട വിപുലമായ പ്രവർത്തനങ്ങളുടെ വിജയകരമായ പരിസമാപ്തിക്കു ശേഷമാണ് എൻ.ജി.ഒ യൂണിയൻ,​ മൂന്നു ദിവസം നീളുന്ന സംസ്ഥാന സമ്മേളനത്തിലേക്കെത്തുന്നത്. ദൈനംദിന സമര,​ സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം നിരവധി സേവന,​ സന്നദ്ധ പ്രവർത്തനങ്ങളും ഇക്കാലയളവിൽ യൂണിയന് ഏറ്റെടുക്കാനായി.

അതിദരിദ്രരുടെ വിഭാഗത്തിൽ നിന്ന് 60 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചു നൽകാനും,​ആരോഗ്യ സേവനങ്ങൾക്കായി 15 ആംബുലൻസുകൾ കൈമാറാനും,​ തിരുവനന്തപുരത്ത് 'തണൽ ഷോർട്ട് സ്റ്റേ ഹോം" ആരംഭിക്കാനും,​ പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കി പരിപാലിക്കാനും വജ്രജൂബിലിയുടെ ഭാഗമായി സാധിച്ചത് സംഘടനയ്ക്ക് അഭിമാനം പകരുന്ന പ്രവർത്തനങ്ങളാണ്. സാന്ത്വന പ്രവർത്തനങ്ങൾക്കായി രണ്ടായിരം വളണ്ടിയർമാരെ പരിശീലിപ്പിച്ചു. ആയിരം സർക്കാർ ഓഫീസുകൾ തെരഞ്ഞെടുത്ത് കാര്യക്ഷമതാ സ്ഥാപനങ്ങളാക്കുന്ന പ്രവർത്തനവും ഏറ്റെടുത്തു.

വെട്ടിക്കുറയ്ക്കൽ,​

നിരോധനം


കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നമ്മുടെ രാജ്യത്ത് നടപ്പാക്കിവരുന്ന നവ ലിബറൽ നയങ്ങൾ മറ്റു മേഖലകളെയെന്ന പോലെ സിവിൽ സർവീസിനെയും തകർത്തുകൊണ്ടിരിക്കുന്നു. നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പായ പെൻഷൻ കവർന്നെടുത്ത് സർക്കാർ സർവീസിനെ അനാകർഷകമാക്കിയതിനു പുറമേ തസ്തികകൾ വെട്ടിക്കുറച്ചും നിയമന നിരോധനം ഏർപ്പെടുത്തിയും സിവിൽ സർവീസിനെ കൃശവത്കരിക്കുന്നു! കേന്ദ്ര സർവീസിലെ നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്രത്തിലെ 40,46,921 അംഗീകൃത തസ്തികകളിൽ 30,63,893 എണ്ണത്തിൽ മാത്രമാണ് ജീവനക്കാരുള്ളത്. ഇന്ത്യൻ റെയിൽവേയിൽ മാത്രമുണ്ട്,​ മൂന്നു ലക്ഷത്തിലേറെ ഒഴിവുകൾ.

5.77 ലക്ഷം തസ്തികയുള്ള പ്രതിരോധ മേഖലയിലെ സിവിൽ വിഭാഗത്തിൽ രണ്ടേകാൽ ലക്ഷത്തിലേറെ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. സൈന്യത്തിലെ സ്ഥിര നിയമനങ്ങൾ അവസാനിപ്പിച്ച് അഗ്നിപഥ് എന്ന പേരിൽ കരാർ നിയമനം ഏർപ്പെടുത്തി.


വാജ്പേയി സർക്കാർ 2004-ൽ നടപ്പാക്കുകയും കോൺഗ്രസും ബി.ജെ.പിയും ചേർന്ന് നിയമനിർമ്മാണം നടത്തി ക്രമവത്കരിക്കുകയും ചെയ്ത പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ജീവനക്കാരും അദ്ധ്യാപകരും പ്രക്ഷോഭത്തിലാണ്. ജീവനക്കാരുടെ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് തുടർന്ന കേന്ദ്രസർക്കാർ സമ്മർദ്ദങ്ങൾക്കൊടുവിൽ പദ്ധതിയുടെ പരിഷ്‌കരണം സംബന്ധിച്ച് ശുപാർശ സമർപ്പിക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിച്ചെങ്കിലും ഗുണപരമായ മാറ്റമൊന്നും ഉണ്ടായില്ല. എന്നു മാത്രമല്ല,​ പദ്ധതിയെ ശക്തിപ്പെടുത്തുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയുമാണ്. ഇത്തരം നടപടികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ തന്നെ ദുരുപയോഗപ്പെടുത്തുന്നു.

ഇടത് ജനപക്ഷ

ബദൽനയം


കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന കമ്പോള നയങ്ങളിൽ നിന്ന് വ്യത്യസ്തമായി,​ ജനപക്ഷ ബദൽ നയമാണ് കേരളത്തിൽ ഇടതു സർക്കാർ പ്രാവർത്തികമാക്കുന്നത്. ക്ഷേമവും വികസനവും എല്ലാവരിലും,​ എല്ലായിടത്തും ഒരുപോലെ എത്തിക്കുക എന്നതാണ് ഈ നയത്തിന്റെ കാതൽ. ബദൽ നയങ്ങളുടെ നിർവഹണം ഫലപ്രദമാക്കുന്നതിന് സിവിൽ സർവീസിനെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചു വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഈ മേയ് 31 വരെ വിവിധ തസ്തികകളിലായി 2808 റാങ്ക് ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചു. 88,852 നിയമന ശുപാർശകൾ നൽകി. 2022- 23 കാലയളവിൽ രാജ്യത്തു നടന്ന ആകെ പി.എസ്.സി നിയമനങ്ങളുടെ നാല്പത് ശതമാനവും കേരളത്തിലാണെന്ന് യു.പി.എസ്.സിയുടെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു.

നിയമനങ്ങളിലും തസ്തിക സൃഷ്ടിക്കലിലും മാത്രമല്ല,​ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. യു.ഡി.എഫ് സർക്കാർ അടിച്ചേല്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പുനഃപരിശോധനയ്ക്കായി നിയമിച്ച സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികളിലേക്ക് കടക്കുകയും ചെയ്തു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിച്ചു മാത്രമേ പങ്കാളിത്ത പെൻഷനെന്ന വിപത്തിൽ നിന്ന് സ്ഥായിയായ മോചനം സാദ്ധ്യമാകൂ എന്നിരിക്കെ അതിനായുള്ള ഇടപെടൽ തുടരുന്നതിനൊപ്പം,​ പെൻഷൻ ഉറപ്പുനൽകുന്ന ബദൽ പദ്ധതി സംബന്ധിച്ച നിർദ്ദേശം ഈ വർഷത്തെ ബ‌ഡ്‌ജറ്റിൽ പ്രഖ്യാപിച്ചതും സിവിൽ സർവീസിനോടുള്ള പ്രതിബദ്ധത കൊണ്ടാണ്.

യു.ഡി.എഫിന്റെ

അട്ടിമറികൾ

ജീവനക്കാരുടെ ആനുകൂല്യങ്ങൾ അട്ടിമറിക്കുക എന്നത് എക്കാലത്തെയും യു.ഡി.എഫ് സർക്കാരുകളുടെ അജൻഡ ആയിരുന്നു. സമയബന്ധിത ശമ്പള പരിഷ്‌കരണം ഒന്നിലേറെ തവണയാണ് യു.ഡി.എഫ് അട്ടിമറിച്ചത്. ക്ഷാമബത്ത കുടിശികയാക്കി നിഷേധിക്കാനും ലീവ് സറണ്ടർ അട്ടിമറിക്കാനും നിരവധി പ്രാവശ്യം തയ്യാറായി. ശമ്പള വിതരണവും പലകുറി അട്ടിമറിച്ചു. ശമ്പളം കൊടുത്തില്ലെങ്കിൽ തൂക്കിലിടുമോ എന്നായിരുന്നു 2002-ലെ ചോദ്യം. 32 ദിവസത്തെ പണിമുടക്കിലൂടെയാണ് അന്ന് സിവിൽ സർവീസിനെ സംരക്ഷിച്ചു നിറുത്തിയത്. 2013 ഏപ്രിൽ മുതൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരായ പണിമുടക്കു പോരാട്ടത്തിന് എൻ.ജി.ഒ യൂണിയൻ നേതൃത്വം നൽകി.

മോദി തുടരുന്ന

സ്വേച്ഛാധിപത്യം

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി പ്രകടമാക്കുന്ന ജനവിധിയാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. തിരഞ്ഞെടുപ്പിനെ അടിമുടി വർഗീയവത്കരിക്കുന്ന പ്രചാരണം അഴിച്ചുവിട്ടിട്ടും,​ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ചൊൽപ്പടിക്കു നിറുത്തി,​ മുഖ്യമന്ത്രിമാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാൻ ശ്രമിച്ചിട്ടും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നേടാനായില്ല. അവരുടെ ഹിന്ദു രാഷ്ട്ര നിർമ്മാണ ദൗത്യത്തിന് താത്കാലിക തിരിച്ചടി നൽകാനും ജനാധിപത്യ ശക്തികളുടെ യോജിപ്പിനും ജനവിധി കാരണമായെങ്കിലും,​ സാമ്പത്തിക- രാഷ്ട്രീയ നയങ്ങളുടെ കാര്യത്തിൽ ഒരു പിന്നോട്ടുപോക്ക് മൂന്നാം മോദി സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് അമിതാധികാര- സ്വേച്ഛാധിപത്യ താത്പര്യങ്ങൾ നടപ്പാക്കിയ രണ്ടാം മോദി സർക്കാരിന്റെ നയങ്ങൾ അതേപടി പിന്തുടരുന്നതാകും പുതിയ സർക്കാരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. കുവൈറ്റിൽ തീപിടിത്ത ദുരന്തത്തിന് ഇരയാവരെ സന്ദർശിക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും സംസ്ഥാന സർക്കാർ നിയോഗിച്ച ആരോഗ്യവകുപ്പ് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച മോദി സർക്കാരിന്റെ നടപടി നൽകുന്ന സൂചന അതാണ്.

ബദലുകളോട്

കേന്ദ്ര ശത്രുത

സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഹിതം അനുവദിക്കുന്നതിന് ഉപാധിയായി നവ ലിബറൽ നയങ്ങൾ നടപ്പിലാക്കണമെന്നാണ് നിർദ്ദേശം. കേരളം പോലെ ബദൽ നയങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കടുത്ത പ്രതിസന്ധിയാണ് കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യാൻ കഴിയാത്തവിധം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നു. പ്രതിമാസ ശമ്പള വിതരണം പോലും അട്ടിമറിക്കാനാണ് ശ്രമം. ഇതിനെല്ലാം പുറമെയാണ് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ കടന്നുകയറിയുള്ള നിയമനിർമ്മാണത്തിലൂടെ വകുപ്പുകളെ അസ്ഥിരീകരിക്കുന്ന നടപടികൾ. ഒരുകാലത്ത് പൂർണമായും കേന്ദ്രഫണ്ട് വിനിയോഗിച്ച് സംസ്ഥാനങ്ങൾ മുഖേന നടപ്പാക്കിയിരുന്ന പദ്ധതികൾക്ക് വിഹിതം വെട്ടിക്കുറയ്ക്കുന്നതിനാൽ അവയുടെ നിർവഹണത്തിനായി നിയോഗിക്കപ്പെട്ട സംസ്ഥാന വകുപ്പുകൾ പ്രതിസന്ധിയിലാവുകയാണ്.

പൊതുസേവന രംഗത്തെ ഇല്ലായ്മ ചെയ്യുന്ന നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ടുപോവുക മാത്രമാണ് മാർഗം. അതോടൊപ്പം ജനപക്ഷ നയങ്ങൾ നടപ്പാക്കുകയും,​ അവയുടെ നിർവഹണത്തിന് സർക്കാർ സർവീസിനെ ശക്തിപ്പെടുന്ന ബദൽനയങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള പ്രക്ഷോഭവും ഏറ്റെടുക്കേണ്ടതുണ്ട്. അഴിമതി വിമുക്തവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കി ജനവിശ്വാസമാർജ്ജിച്ച് മുന്നോട്ടു പോവുക എന്നതും സിവിൽ സർവീസിന്റെ ഉത്തരവാദിത്വമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NGO
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.