തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.കഴിഞ്ഞ ദിവസം നിരീക്ഷണത്തിലുണ്ടായിരുന്ന അതിയന്നൂർ മരുതംകോട് സ്വദേശികളിലൊരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ രണ്ടു പേരും ആശുപത്രിയിലുണ്ട്. ഇവരുടെ സ്രവ പരിശോധനാഫലം ഇന്നെത്തും. മരുതംകോട് മേഖലയിലെ അഞ്ചു പേരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമാണ് ചികിത്സയിലുള്ളത്. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, മരുതംകോടുള്ള അഞ്ചു പേരുടെയും വൈറസിന്റെ ഉറവിടം പ്രദേശത്തെ കാവിൻകുളമാണെന്ന് ആരോഗ്യ വകുപ്പ് ഉറപ്പിച്ചു. പുകയില പോലുള്ള ലഹരിപൊടികൾ കുളത്തിലെ വെള്ളത്തിൽ കലർത്തി മൂക്കിലൂടെ വലിച്ചുകയറ്റിയതിലൂടെയാണ് വൈറസ് തലച്ചോറിലെത്തിയത്. കുട്ടികളെ മാത്രം ബാധിച്ചിരുന്ന ഈ രോഗം മുതിർന്നവരിലേക്ക് എങ്ങനെ എത്തിയെന്ന് അറിയാൻ വിശദമായ അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തിയത്. മരിച്ചയാൾക്ക് എങ്ങനെ രോഗമുണ്ടായെന്ന അന്വേഷണത്തിലാണ് രോഗം വരാൻ സാദ്ധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്.
അതിനാൽ മറ്റുള്ളവർക്ക് ലക്ഷണങ്ങളുണ്ടായപ്പോൾ ചികിത്സ ഉറപ്പക്കാനും, ജീവൻ രക്ഷിക്കാനുമായി. കുളത്തിലെ വെള്ളം ഇത്തരത്തിൽ മൂക്കിലേക്ക് വലിച്ചുകയറ്റിയവരുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പേരൂർക്കട സ്വദേശിക്ക് എങ്ങനെ രോഗം ബാധിച്ചത് വ്യക്തമായിട്ടില്ല. വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം ചെളിയിൽ നിന്നുള്ള അമീബ കലർന്ന വെള്ളത്തിൽ നിന്നാണ് രോഗമുണ്ടായതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
15പേർക്ക് രോഗം, പഠനം
കേരളത്തിൽ 15പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ടുചെയ്ത സാഹചര്യം പഠിക്കുന്നു. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് (ഐ.സി.എം.ആർ) പഠിക്കുന്നത്.ഇതിനായി പ്രത്യേക സംഘത്തെ ഐ.സി.എം.ആർ നിയോഗിച്ചു. രോഗബാധിതരിൽ രണ്ടുപേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. പകർച്ചവ്യാധി അല്ലെങ്കിലും 97ശതമാനത്തിലധികമാണ മരണ നിരക്ക്.
കോഴിക്കോട് രണ്ടാമത്തെ കുട്ടിയും ആശുപത്രി വിട്ടു
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാരപ്പറമ്പ് സ്വദേശിയായ നാലുവയസുകാരൻ ആശുപത്രി വിട്ടു. ജൂലായ് 13നാണ് കടുത്ത പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 ദിവസം ചികിത്സ തുടർന്നു. ആശുപത്രി വിട്ടെങ്കിലും ഒരാഴ്ച മരുന്നുകൾ തുടരേണ്ടി വരുമെന്നു ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. അബ്ദുൾ റൗഫ് പറഞ്ഞു. വീടിനു സമീപത്തെ കുളത്തിൽ കുളിച്ചിരുന്നു കുട്ടിക്ക് അവിടെ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് നിഗമനം. അതേസമയം രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ പീഡിയാട്രിക് ഐ.സി.യുവിൽ തുടരുകയാണ്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |