തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് ചികിത്സ നൽകുന്നത്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകൾക്കും ഈ രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്.
മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവിൽ ആറുപേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യ രോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് രോഗം വരാൻ സാദ്ധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങളായ തലവേദന, കഴുത്തിന് പിന്നിലുണ്ടായ വേദനയും ഉണ്ടായപ്പോൾ തന്നെ നട്ടെല്ലിലെ സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. 2 പേർക്ക് രോഗം സംശയിക്കുപ്പെടുന്നുമുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്. ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം ചെളിയിൽ നിന്നുള്ള അമീബ കലർന്ന വെള്ളത്തിൽ നിന്നാകാം രോഗം ഉണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് വിശദമായി പരിശോധിക്കും. കുളത്തിലെ വെള്ളവുമായി ഏതെങ്കിലും രീതിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 24ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പങ്കെടുത്ത് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 33 പേർ കുളത്തിലെ ജലവുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |