കൊല്ലം: കൃഷിയിടങ്ങളിലെ വളപ്രയോഗവും കീടനാശിനി തളിക്കലും ഡ്രോൺ സഹായത്തോടെ നടപ്പാക്കി, കൃഷിയിൽ ഹൈടെക്ക് ആകാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാന തലത്തിൽ 50 സ്ത്രീകൾക്ക് ഇതിനോടകം, ഡ്രോൺ പറത്താനുള്ള പരിശീലനവും ലൈസൻസും ലഭിച്ചു. ജില്ലയിൽ നിലമേൽ ജെ.എൽ.ജി ഗ്രൂപ്പിൽ ഉൾപ്പെട്ട കുടുംബശ്രീ അംഗത്തിനാണ് ലൈസൻസുള്ളത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ, 20 ഏക്കർ കൃഷിയിടത്തിലെ വളമീടിൽ, കീടനാശിനി പ്രയോഗം എന്നിവ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാനാകും. കൃഷി ചെയ്യുന്നവർക്കായി കുടുംബശ്രീയിൽ ജോയിന്റ് ലയബിലിറ്റി (സംഘകൃഷി) ഗ്രൂപ്പുകളുണ്ട്. ഇവരിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് ചെന്നൈയിൽ എട്ട് ദിവസത്തെ പരിശീലനത്തിനു ശേഷം ലൈസൻസ് നൽകിയത്. കുടുംബശ്രീ സംസ്ഥാനമിഷനും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും ചേർന്ന് നാലു ദിവസത്തെ പരിശീലനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. ഡ്രോണിന്റെ രൂപഘടന, പ്രവർത്തന സമയത്ത് പാലിക്കേണ്ട വ്യക്തിഗത സുരക്ഷ തുടങ്ങി ഉപകരണത്തിന്റെ മുഴുവൻ വശങ്ങളും പഠിപ്പിച്ച ശേഷമായിരുന്നു ലൈസൻസ് വിതരണം.
വളം - കീടനാശിനി പ്രയോഗം ഹൈടെക്ക്
കുടുംബശ്രീ കൃഷിയിടങ്ങൾക്ക് പുറമേ, സ്വകാര്യ കൃഷിയിടത്തിലും ഡ്രോൺ ഉപയോഗിച്ച് വരുമാനമുണ്ടാക്കാം
ഇതിന് നിശ്ചിത തുക ഈടാക്കും
പ്രവർത്തനം പ്രത്യേക ആപ്പ് തയ്യാറാക്കി
കേന്ദ്രസർക്കാരിന്റെ 'നമോ ഡ്രോൺ ദീദി' പദ്ധതി പ്രകാരം യന്ത്രം സൗജന്യമായി നൽകും
സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം കൃഷിയിടങ്ങളിലേക്ക്
ഡ്രോൺ പറത്താൻ ലൈസൻസ്
സംസ്ഥാനത്ത് - 50 പേർക്ക്
ജില്ലയിൽ - 01
ജൈവവളങ്ങളും ജൈവ കീടനാശിനികളും പ്രയോഗിക്കുന്നതിനായിരിക്കും മുൻഗണന. കുറഞ്ഞ ഭൂമിയിൽനിന്ന് കൂടുതൽ വിളവുണ്ടാക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |