ജക്കാർത്ത: ഇൻഡോനേഷ്യയിൽ 36കാരിയെ പെരുമ്പാമ്പ് വിഴുങ്ങി. ചൊവ്വാഴ്ച രാവിലെ സൗത്ത് സുലവേസി പ്രവിശ്യയിലെ സിതെബ ഗ്രാമത്തിലെ വനത്തിലായിരുന്നു സംഭവം. സഹോദരനെ കാണാൻ പുറപ്പെട്ട സിരിയാതി എന്ന യുവതിയെയാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലുള്ള പെരുമ്പാമ്പ് ആക്രമിച്ചത്.
30 അടി നീളമുള്ള ഭീമൻ പാമ്പ് യുവതിയുടെ കാലിൽ പിടിമുറുക്കുകയായിരുന്നു. യുവതിയെ വരിഞ്ഞുമുറുക്കി കൊന്ന ശേഷം വിഴുങ്ങി. യുവതി തിരിച്ചു വീട്ടിൽ എത്താതെ വന്നതോടെ ഭർത്താവ് അന്വേഷിച്ചിറങ്ങി. യുവതി തന്റെ വീട്ടിൽ എത്തിയില്ലെന്ന് സഹോദരനും അറിയിച്ചു. ഇതോടെ യുവതി സഞ്ചരിച്ച വനമേഖലയിൽ തെരച്ചിൽ ആരംഭിച്ചു. കുറ്റിച്ചെടികൾക്കിടെയിൽ യുവതിയുടെ ചെരുപ്പുകൾ ഭർത്താവ് കണ്ടെത്തി.
അടുത്ത് തന്നെ അസാധാരണമാംവിധം വയറുവീർത്ത ഭീമൻ പാമ്പിനെയും കണ്ടു. പാമ്പിന്റെ വായിൽ യുവതിയുടെ കാൽ കണ്ടതോടെ ഭർത്താവ് ഭയന്നു വിറച്ചു. ഇദ്ദേഹം നാട്ടുകാരെ വിവരമറിയിക്കുകയും പാമ്പിനെ കൊന്ന് യുവതിയുടെ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. യുവതിയുടെ മൃതദേഹം സംസ്കരിച്ചു.
വീണ്ടും !
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇൻഡോനേഷ്യയിൽ മനുഷ്യനെ റെറ്റിക്കുലേറ്റഡ് പൈത്തൺ വിഴുങ്ങുന്നത്. ജൂൺ 6ന് സൗത്ത് സുലവേസിയിൽ തന്നെ 45കാരിയെ 16 അടി നീളമുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ വിഴുങ്ങിയിരുന്നു. സൗത്ത് ഈസ്റ്റ് സുലവേസി (2023), ജാംബി (2022), മുനാ ദ്വീപ് (2018), വെസ്റ്റ് സുലവേസി (2017) എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ. 20 - 28 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 145 കിലോഗ്രാം വരെ ഭാരമുണ്ടാകും. 1912ൽ സുലവേസിയിൽ കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |