□ബി.ജെ.പി കളം പിടിക്കുന്നു
ന്യൂഡൽഹി : കേരളത്തിലെ പാർട്ടിയുടെ അടിത്തറയിൽ വിള്ളൽ വീണുവെന്നും, അടിസ്ഥാന വോട്ടുകൾ പലയിടങ്ങളിലും ബി.ജെ.പിയിലേക്ക് ഒഴുകിയെന്നും സി.പി.എം കേന്ദ്ര കമ്മിറ്രിയുടെ വിലയിരുത്തൽ.
കേന്ദ്രത്തിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്ന ജനവികാരമാണ് തോൽവിക്ക് പ്രധാന കാരണം. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കിയത് കാരണം സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെ മുടങ്ങിയത് തിരിച്ചടിച്ചു. അതേസമയം . ക്ഷേത്രങ്ങളെയും മത-സാമൂഹ്യ സംഘടനകളെയും ഉപയോഗിച്ചായിരുന്നു ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തനം. ചില പ്രത്യേക സമുദായങ്ങളിലേക്ക് കടന്നുകയറാൻ കേന്ദ്ര പദ്ധതികൾ ഉപയോഗിക്കപ്പെട്ടു. അത് തടയാൻ പാർട്ടിക്ക് സാധിച്ചില്ല. ഇക്കാര്യങ്ങൾ മുൻഗണന നൽകി തിരുത്തും.
സ്വയംവിമർശനമെന്ന് പറഞ്ഞും, തിരുത്തലിന് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുമാണ് കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് .മുകൾത്തട്ടിലെ നേതാക്കളുടെ മുതൽ താഴെത്തട്ടിലുള്ളവരുടെ വരെ ധിക്കാരപരമായ പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങളും, മോശം പ്രവണതകളും അവസാനിപ്പിക്കണം.
□ചോർച്ച ചെറുതല്ല
2019ൽ പാർട്ടിയുടെ വോട്ടുവിഹിതം 35.10 ശതമാനമായിരുന്നത് ഇത്തവണ 33.35 ശതമാനമായി ചുരുങ്ങി. 1.75 ശതമാനത്തിന്റെ കുറവ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40.2 ശതമാനമായിരുന്നു വോട്ടുവിഹിതം. പത്തു വർഷത്തെ കണക്ക് നോക്കുമ്പോൾ ഏഴു ശതമാനം വോട്ടിന്റെ ഇടിവ്. പത്തു വർഷത്തിനിടെ യു.ഡി.എഫിന് 3.98 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
□ബി.ജെ.പിക്ക്
ഇരട്ടി വളർച്ച
2019നേക്കാൾ വോട്ടു വിഹിതത്തിൽ 3.64 ശതമാനത്തിന്റെ വർദ്ധനയാണ് എൻ.ഡി.എ മുന്നണിക്കുണ്ടായത്. പത്തു വർഷത്തെ കണക്ക് നോക്കുമ്പോൾ ഇരട്ടി വളർച്ചയുണ്ടായി. 2014ൽ 10.08 ആയിരുന്നത് ഇത്തവണ 19.2 ശതമാനമായി . തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണം കോൺഗ്രസിന്റെ അടിസ്ഥാന വോട്ടർമാരിൽ ഒരു വിഭാഗത്തിന്റെയും, ഒരു വിഭാഗം ക്രൈസ്‌തവരുടെയും വോട്ടുകളാണ്. സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകളും പലയിടങ്ങളിലും ബി.ജെ.പിയിലേക്ക് പോയെന്നത് വസ്‌തുതയാണ്. ആറ്റിങ്ങലിലും ആലപ്പുഴയിലും ഇത് പ്രകടമായിരുന്നു.
യോഗത്തിനും
വിമർശനം
എസ്.എൻ.ഡി.പി യോഗ നേതൃത്വം ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലീം ലീഗുമായി ചേർന്ന് എൽ.ഡി.എഫിനെതിരെ കടുത്ത പ്രചാരണം നടത്തി. ക്രിസ്ത്യൻ സഭയിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി. ക്രൈസ്‌തവർക്കിടയിൽ വളരുന്ന മുസ്ലീം വിരുദ്ധത ബി,ജെ.പി മുതലെടുക്കുകയാണ്. സഭാ നേതാക്കളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
□മുസ്ലീം പ്രീണനമില്ല
മുസ്ലീം സമുദായത്തോടുള്ള പാർട്ടിയുടെ സമീപനം മതേതര ജനാധിപത്യത്തിൽ അധിഷ്‌ഠിതമാണ്. മുസ്ലീം പ്രീണനമല്ല. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗം സംശയാസ്‌പദമായ വേഷം കെട്ടുന്നു. ഇതിനെ തുറന്നു കാട്ടാൻ പാർട്ടി ഉചിതമായ നടപടിയെടുക്കണമെന്നും കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |