SignIn
Kerala Kaumudi Online
Friday, 12 July 2024 6.44 AM IST

താമസിക്കുന്നത് 10 ദശലക്ഷം മുസ്ലീങ്ങൾ, താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിക്കാൻ കാരണമുണ്ട്; നിയന്ത്രണവുമായി വേറെയും മുസ്ലീം രാജ്യങ്ങൾ

hijab

താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചത് വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യത്തിന്റെ പാർലമെന്റ് ഹിജാബ് നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയത് തന്നെയാണ് വിഷയം ചർച്ചയാകാൻ കാരണം. മതേതര ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനുള്ള മദ്ധ്യ - ഏഷ്യൻ രാഷ്ട്രത്തിന്റെ ഏറ്റവും പുതിയ നീക്കമാണിത്.

പുതിയ നിയമം


കഴിഞ്ഞ ദിവസമാണ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചത്. കഴിഞ്ഞ മേയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം പാർലമെന്റിന്റെ അധോസഭ ശരിവച്ചത്. ഈ മാസം പത്തൊമ്പതിനാണ് നിയമഭേദഗതി മജിലിസി മില്ലിയുടെ പരിഗണനയ്ക്ക് വന്നത്. ഇതിനുപിന്നാലെയാണ് നിരോധനം ശരിവച്ചത്.

ഇതുകൂടാതെ താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോൻ മുപ്പത്തിനാല് നിയമങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള അവധി ദിനങ്ങളുമായും ആഘോഷങ്ങളുമായുമൊക്കെ ബന്ധപ്പെട്ട് ഭേദഗതി വരുത്തുകയും, സംസ്‌കാരത്തിന് യോജിക്കാത്ത വിദേശ വസ്ത്രങ്ങളുടെ ഇറക്കുമതി, വിൽപ്പന, പ്രമോഷൻ, അത്തരം വസ്ത്രങ്ങൾ ധരിക്കൽ എന്നിവ നിരോധിക്കുകയും ചെയ്‌തു.

thajikkistan

ഈദ്, നവ്‌റോസ് സമയങ്ങളിൽ കുട്ടികൾക്ക് പണം സമ്മാനമായി നൽകുന്നത് നിരോധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ ബന്ധുക്കളുടെയും അയൽവാസികളുടെയുമൊക്കെ വീടുകളിൽ പോകുകയും മുതിർന്നവരെ ആശീർവദിക്കുകയും ചെയ്യാറുണ്ട്. ഈ വേളയിൽ മുതിർന്നവർ പണമടക്കമുള്ള സമ്മാനങ്ങൾ നൽകാറുണ്ട്. ഇതാണ് നിരോധിച്ചത്. പുതിയ നിയമം അനുസരിച്ച്, നിയമ ലംഘനം നടത്തുന്നവർക്ക് അറുപതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ പിഴ ചുമത്തും.

എതിർപ്പുമായി നിരവധി പേർ


ഏകദേശം 10 ദശലക്ഷത്തോളം മുസ്ലീങ്ങൾ താമസിക്കുന്ന രാജ്യത്തെ പൊതുസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾക്ക് അനൗദ്യോഗിക നിരോധനമുണ്ടെന്നതാണ് മറ്റൊരു കാര്യം. ഈ നീക്കം നിരവധി പൗരന്മാരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് അവർ വാദിക്കുന്നത്

women

'നമ്മുടെ സ്വന്തം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമാണ്. എന്ത് വസ്ത്രം ധരിക്കണമെന്ന് ഒരു നിയമം അനുശാസിക്കരുത് '- എന്നാണ് വിമർശകർ പറയുന്നത്.


ഹിജാബ് നിരോധനത്തെ അഫ്‌ഗാനിസ്ഥാനിലെ ഇസ്ലാമിക പണ്ഡിതന്മാരുടെയും പുരോഹിതരുടെയും യൂണിയൻ, അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ (CAIR) എന്നിവയും അപലപിച്ചു. ഹിജാബ് നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും, മതപരമായ വസ്ത്രങ്ങൾക്കുള്ള അത്തരം വിലക്കുകൾക്ക് ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന ഒരു രാജ്യത്തും സ്ഥാനമില്ലെന്നും സി എ ഐ ആർ ഡയറക്ടർ കോറി സെയ്ലർ പ്രതികരിച്ചു.


നിരോധനത്തിന് പിന്നിൽ

മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യം എന്തുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ലോകമെമ്പാടുമുള്ളവർ ചോദിക്കുന്നത്. ഇതിനുള്ള മറുപടിയും താജിക്കിസ്ഥാൻ നൽകിയിട്ടുണ്ട്. പൈതൃക മൂല്യങ്ങളും ദേശീയ സംസ്‌കാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന് താജിക്ക് പ്രസിഡന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.

താജികിസ്ഥാന്റെ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌, പൊതുവിടങ്ങളിൽ മതത്തിന്റേതായ ഇടപെടലുകളും ദൃശ്യപരതും കുറയ്‌ക്കുക എന്നാതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇമോമാലി റഹ്‌മോൻ വ്യക്തമാക്കി.

1994 മുതൽ രാജ്യത്തിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന ഇമോമാലി റഹ്‌മോൻ സോവിയറ്റ് അനുഭാവികളുടെ ഭാഗമായിരുന്നു. അവർ മതേതരത്വത്തിൽ വിശ്വസിക്കുന്നവരാണ്. ഹിജാബ് നിരോധനത്തിന് മുമ്പുതന്നെ, താജിക്കി സംസ്‌കാരവും വസ്ത്രധാരണവും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ശ്രമങ്ങൾ നടത്തിയിരുന്നു. താജിക് ദേശീയ വസ്ത്രങ്ങൾ ധരിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് 2017 സെപ്തംബറിൽ സെൽ ഫോൺ ഉപയോക്താക്കൾക്ക് സർക്കാർ സന്ദേശങ്ങൾ നൽകിയിരുന്നു.


മറ്റ് നിയന്ത്രണങ്ങൾ

ഹിജാബ് നിരോധനം ഇപ്പോൾ ഔദ്യോഗികമായി. ഇതിനുമുമ്പും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ താജിക്കിസ്ഥാൻ നിരവധി നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 2007ൽ താജിക് വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥികൾക്ക് ഇസ്ലാമിക വസ്ത്രങ്ങളും പാശ്ചാത്യ ശൈലിയിലുള്ള മിനിസ്‌കേർട്ടുകളും നിരോധിച്ചു. ഒടുവിൽ എല്ലാ പൊതുസ്ഥാപനങ്ങളിലേക്കും നിരോധനം വ്യാപിപ്പിച്ചു.

hijab-ban

2015 ൽ പ്രസിഡന്റ് ഹിജാബിനെതിരെ രംഗത്തെത്തിയിരുന്നു. 2018 ൽ 'താജിക്കിസ്ഥാനിൽ ശുപാർശ ചെയ്യുന്ന വസ്ത്രങ്ങളുടെ 'ഗൈഡ്ബുക്ക്' നിലവിൽ വന്നു. സ്ത്രീകൾ ഓരോ സാഹചര്യങ്ങളിൽ ധരിക്കേണ്ട വസ്ത്രങ്ങളെപ്പറ്റിയും ഇതിൽപ്പറയുന്നുണ്ട്. കൂടാതെ വസ്ത്രധാരണത്തിനുള്ള സ്വീകാര്യമായ മെറ്റീരിയൽ, നീളം, ആകൃതി എന്നിവ പട്ടികയിൽ വിവരിക്കുന്നു. ശവസംസ്‌കാര ചടങ്ങുകളിൽ കറുത്ത വസ്ത്രങ്ങൾ നിരോധിച്ചു; പകരം ഇത്തരം അവസരങ്ങളിൽ വെള്ള ശിരോവസ്ത്രമുള്ള നീല വസ്ത്രം ശുപാർശ ചെയ്യുന്നു.

കുറ്റിത്താടിയും രാജ്യം അനൗദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആയിരക്കണക്കിന് പുരുഷന്മാരെ പൊലീസ് തടഞ്ഞുവയ്ക്കുകയും, അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി താടി വടിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്ലാമിക പ്രാർത്ഥനകൾ പ്രത്യേക സ്ഥലങ്ങളിൽ മാത്രം പരിമിതപ്പെടുത്താൻ രാജ്യത്ത് നിയമങ്ങളുണ്ട്.

ഹിജാബിന് നിയന്ത്രണമേർപ്പെടുത്തിയ മുസ്ലീം രാജ്യങ്ങൾ

ഹിജാബ് നിരോധിക്കുന്ന ഒരേയൊരു മുസ്ലീം രാജ്യമല്ല താജിക്കിസ്ഥാൻ. പൊതുയിടങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുന്നതിനെപ്പറ്റി കസാക്കിസ്ഥാൻ ആലോചിക്കുന്നതായി കഴിഞ്ഞ ഒക്ടോബറിൽ വാർത്തകൾ വന്നിരുന്നു.

കൊസോവോ, അസർബൈജാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ പൊതുവിദ്യാലയങ്ങളിലും സർവകലാശാലകളിലും സർക്കാർ ഉദ്യോഗസ്ഥർക്കും ബുർഖയും ഹിജാബും നിരോധിച്ചിട്ടുണ്ട്. പൊതുസുരക്ഷ ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും ഇത്തരം നിയമം പാസാക്കിയത്.

എന്നിരുന്നാലും, ഹിജാബ് ധരിക്കുന്നതിൽ നിന്ന് ആളുകളെ നിരോധിക്കുന്ന ഇത്തരം വിലക്കുകൾ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെയും മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷന്റെയും ലംഘനമാണെന്നും പലരും വാദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIJABBAN, TAJIKISTAN, MUSLIMCOUNTRIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.