ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാന് വീരമൃത്യു. ഒരു ജവാനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ബീഹാർ സ്വദേശി അജയ് കുമാർ ഝായാണ് (43) വീരമൃത്യു വരിച്ചത്. കലാപം നിലനിൽക്കുന്ന ജിരിബാമിലെ മോങ്ബംഗിൽ ഇന്നലെ രാവിലെ 9.30 ഓടെ സായുധരായ അക്രമികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ശനിയാഴ്ച നടന്ന വെടിവെയ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കെത്തിയ സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘം മോങ്ബംഗ് ഗ്രാമത്തിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. സായുധരായ അക്രമികൾ പതിയിരുന്ന് ആക്രമിക്കുകയും സേന തിരിച്ചടിക്കുകയും ചെയ്തു. ഇതിനിടെ സേനാംഗങ്ങൾക്ക് വെടിയേൽക്കുകയായിരുന്നു. അജയ് കുമാർ ഝായുടെ തലയിലാണ് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവർ ചികിത്സയിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.പിന്നിൽ കുക്കി കലാപകാരികളാണെന്നാണ് റിപ്പോർട്ട്. അടുത്തിടെയായി ജിരിബാമിൽ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ അപലപിച്ച മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് ജവാന് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ മാസം കുക്കി, മെയ്‌തി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 70 വീടുകളും പൊലീസ് ഔട്ട്‌പോസ്റ്റുകളും അഗ്നിക്കിരയായി. കഴിഞ്ഞ വർഷം മേയിൽ കുക്കി-മെയ്‌തി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം പല മേഖലകളിലും തുടരുകയാണ്. കലാപത്തിൽ നിരവധിയാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 67,000 പേർ ഭവനരഹിതരായി.
ആയുധങ്ങൾ പിടിച്ചെടുത്തു
അതിനിടെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ നടന്ന പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി മണിപ്പൂർ പൊലീസ് അറിയിച്ചു. എ.കെ 56 റൈഫിൾ, സെൽഫ് ലോഡിംഗ് റൈഫിൾ, തദ്ദേശീയമായി നിർമ്മിച്ച എസ്.എൽ.ആർ, നിരവധി പിസ്റ്റളുകൾ, ഹാൻഡ് ഗ്രനേഡുകൾ, 25 വെടിയുണ്ടകൾ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |