പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലെ ആറ് മെക്കാനിക്കുകൾക്ക് ഡെങ്കിപ്പനി ബാധിച്ചതിന് കാരണം ഗാരേജിലെ മലിനജലം. ചെളിയും മാലിന്യവും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ നിന്ന് ജോലി ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാർ. മഴ പെയ്താൽ കക്കൂസ് മാലിന്യമടക്കം ഒഴുകി ഗാരേജിനുള്ളിലെത്തും. നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടമട്ടില്ല. ജീവനക്കാർ ഭക്ഷണം കഴിക്കുന്നത് പോലും ഈ മലിനജലത്തിന് സമീപമിരുന്നാണ്. സർവീസുകൾ മുടങ്ങാതിരിക്കാൻ മാലിന്യത്തിൽ ഇരുന്നും കിടന്നും ജോലി ചെയ്യുകയാണ് മെക്കാനിക്കുകൾ.
നാട് മുഴുവൻ പകർച്ചവ്യാധിയെ ചെറുക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് നഗരമദ്ധ്യത്തിൽ നിരവധി യാത്രക്കാർ എത്തുന്ന ഡിപ്പോയിൽ ഇത്തരത്തിൽ ഗാരേജ് പ്രവർത്തിക്കുന്നത്.
ബസ് റിപ്പർ ചെയ്യാൻ വെള്ളം വറ്റിക്കണം
മഴയിൽ മെയിന്റനൻസ് റാമ്പിൽ അരപ്പൊക്കത്തോളം വെള്ളം ഉയരും. ഇവിടെയാണ് ബസ് റിപ്പയർ ചെയ്യുന്നത്. മോട്ടോർ വച്ച് റാമ്പിലെ വെള്ളം വറ്റിച്ചാണ് പണി ചെയ്യുക. പുതിയ സ്റ്റാൻഡ് നിർമ്മിച്ചപ്പോൾ മുതൽ ഇതാണ് അവസ്ഥ.
നിർമ്മാണത്തിൽ അശാസ്ത്രീയത
മലിനജലം ഒഴുകിപ്പോകുന്ന ട്രെയിനേജ് പാത നിറഞ്ഞും വെള്ളം ഗാരേജിലേക്ക് കയറും. ബസുകൾ പാർക്ക് ചെയ്യുന്ന യാർഡിനേക്കാൾ താഴ്ചയിലാണ് വർക്ക് ഷോപ്പും ഗാരേജും. ഇത് കാരണം ട്രെയിനേജ് കവിഞ്ഞ് വെള്ളം ഗാരേജിലെത്തും. കക്കൂസ് മാലിന്യമടക്കം ഇതിലുണ്ട്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളം കയറാൻ കാരണം.
"ജോലി ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് അഴുക്ക് വെള്ളത്തിൽ കിടന്നാണ് ബസ് റിപ്പയർ ചെയ്യുന്നത്. ഇത്രയും വൃത്തികെട്ട സ്ഥലത്തിരുന്നാണ് ഭക്ഷണം കഴിയ്ക്കുന്നത്. ദുർഗന്ധവുമുണ്ട്. നിരവധി ശാരീരിക പ്രശ്നങ്ങളും ഞങ്ങൾ നേരിടുന്നു. "
മെക്കാനിക്കൽ ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |