തൃശൂർ: കർക്കടകപ്പുലരിയിൽ കോരിച്ചൊരിയുന്ന മഴയെ കൂസാതെ വടക്കുന്നാഥനിൽ കരവീരൻമാർക്ക് വിരുന്നൂട്ടി. ചോറ് ശർക്കര, മഞ്ഞൾപൊടി എന്നിവ ചേർത്ത ഉരുളകളും പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം, തുടങ്ങിയ പഴവർഗങ്ങളും ആവോളം നൽകിയാണ് ക്ഷേത്രതിരുമുറ്റത്ത് കരിവീരൻമാരെ ഊട്ടിയത്. ഇന്നലെ പുലർച്ചെ മുതൽക്കേ ക്ഷേത്രത്തിന്റെ തെക്കെ തിരുമുറ്റത്ത് അണിനിരന്ന കൊമ്പൻമാരെയും പിടിയാനകളെയും കാണാനും സെൽഫിയെടുക്കാനും ആയിരങ്ങളാണെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി തകർത്ത് പെയ്യുന്ന മഴയെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരങ്ങൾ വടക്കുന്നാഥനിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിന് ശേഷം ആനയൂട്ട് ആരംഭിച്ചു. ഗുരുവായൂർ ല്കഷ്മിക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭക്തരും മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രത്യേകം തയ്യാറാക്കിയ ചോറുരുള നൽകി.
മന്ത്രി രാജൻ, എ.ഡി.ജി.പി പി. വിജയൻ, പി. ബാലചന്ദ്രൻ എം.എൽ.എ , കളക്ടർ വി.ആർ. കൃഷ്ണ തേജ, പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശൻ, മെമ്പർമാരായ മുരളീധരൻ, പ്രേംരാജ് ചൂണ്ടലത്, ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാർ, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ എന്നിവർ പങ്കെടുത്തു. വടക്കുന്നാഥ ക്ഷേത്രം അന്നദാന മണ്ഡപത്തിൽ നടന്ന അന്നദാനത്തിൽ 10,000 ഓളം പേർ പങ്കെടുത്തു. വൈകീട്ട് ഭഗവത് സേവയും ഉണ്ടായിരുന്നു.
61 ആനകൾ
പത്തോളം പിടിയാനകളടക്കം 61 ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. കൊച്ചിൻ ദേവസ്വം ശിവകുമാർ, ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ, രാജശേഖരൻ, അയ്യപ്പൻകുട്ടി, ദേവദാസ്, പാറമേക്കാവ് കാശിനാഥൻ, ശങ്കരംകുളങ്ങര ഉദയൻ, പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു, നന്തിലത്ത് ഗോപീകണ്ണൻ, ഗോവിന്ദ് കണ്ണൻ, മനിശ്ശേരി രാജേന്ദ്രൻ, ഊക്കൻസ് കുഞ്ചു, മച്ചാട് ഗോപാലൻ, കിരൺ നാരായണൻകുട്ടി, മധുരപ്പുറം കണ്ണൻ,പാമ്പാടി സുന്ദരൻ തുടങ്ങിയ ആനകൾ സ്ഥാനം പിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |