കുട്ടനാട്: കുവൈറ്റിലെ അബ്ബാസിയയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കൽ പരേതനായ തോമസ് വർഗീസ് -റെയ്ച്ചൽ ദമ്പതികളുടെ മകൻ മാത്യു (42), ഭാര്യ ലിനി എബ്രഹാം (37), മക്കളായ ഐറിൻ (14), ഐസക് (8) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി രണ്ടാം നിലയിലായിരുന്നു തീപിടിത്തം. എ.സിയിൽ നിന്നുളള ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരുമാസത്തെ അവധി ആഘോഷങ്ങൾക്കുശേഷം ഇവർ നാട്ടിൽ നിന്ന് മടങ്ങിയെത്തി മണിക്കൂറുകൾക്കകമാണ് ദുരന്തത്തിനിരയായത്. കുവൈറ്റിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവരസാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനായിരുന്നു മാത്യു. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു തലവടി അർത്തിശ്ശേരി പുത്തൻപറമ്പ് കുടുംബാംഗമായ ലിനി എബ്രഹാം. ഐസക് ഭവൻസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഐറിൻ. ഇതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഐസക്.
സ്കൂൾതുറപ്പിന് മുന്നോടിയായി ഒരു മാസത്തെ അവധിയിൽ നാട്ടിലെത്തിയ ഇവർ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുവൈറ്റിലേക്ക് മടങ്ങിയത്. വൈകുന്നേരത്തോടെ കുവൈറ്റിലെ താമസസ്ഥലത്തെത്തി ഉറങ്ങാൻ കിടന്നതായിരുന്നു. താമസിച്ച ഫ്ളാറ്റിനകത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തീ ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വിളിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ വാതിൽ തകർത്ത് പുറത്തെത്തിച്ചപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾക്കായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡറുമായും വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കൊടിക്കുന്നിൽ സുരേഷ് എം.പിയും ബന്ധപ്പെട്ടു. മൃതദേഹങ്ങൾ ഇന്ന് വൈകുന്നേരത്തോടെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സംസ്കാരം നീരേറ്റുപുറം പടിഞ്ഞാറേചിറ മാർത്തോമാപള്ളിയിൽ നടക്കും. മാത്യുവിന്റെ സഹോദരങ്ങൾ : ഷീബ. ജീമോൻ, ഷീജ. പി.കെ.എബ്രഹാം - ലില്ലി ദമ്പതികളുടെ മകളാണ് ലിനി. സഹോദരൻ : ലിജോ എബ്രഹാം (അയർലൻഡ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |