കൊച്ചി: കേരളത്തിനും കൊച്ചിക്കും കാര്യമായ പരിഗണ ലഭിക്കാത്ത കേന്ദ്ര ബഡ്‌ജറ്റിൽ പൊതുവെ നിരാശ. ബഡ്‌ജറ്റ് പ്രസംഗത്തിൽ കൊച്ചി പരാമർശിക്കപ്പെട്ടില്ല. അനുബന്ധ രേഖകളിൽ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിഹിതം സംബന്ധിച്ചും വ്യക്തതയില്ല. വ്യവസായ, വാണിജ്യമേഖലാ പൊതുവെ സ്വാഗതം ചെയ്യുമ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾ അവഗണനയിൽ പ്രതിഷേധിച്ചു.
അവഗണിച്ചു: എം.പിമാർ
കേരളത്തിന് യാതൊന്നും നൽകാത്ത ബഡ്‌ജറ്റാണെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. കേരളത്തെ ഒരുരീതിയിലും പരിഗണിച്ചില്ല. ടൂറിസത്തിൽ സമ്പൂർണമായി അവഗണിച്ചു. നിരാശകരമായ ബഡ്‌ജറ്റാണെന്നും എം.പി പറഞ്ഞു.
കേരളത്തെ പൂർണമായി തഴഞ്ഞെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. റെയിൽവേ, കൊച്ചി മെട്രോ എന്നിവയിൽ അവഗണിച്ചു. കടലാക്രമണം രൂക്ഷമായ എറണാകുളത്തിന്റെ തീരപ്രദേശത്തെ സംരക്ഷിക്കാൻ പരിഗണന ലഭിക്കാത്തത്തത് പ്രതിഷേധാർഹമാണ്. ഫിഷറീസ്, ടൂറിസം സഹമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിട്ടും യാതൊരു പരിഗണനയും കിട്ടിയില്ലെന്നും ഹൈബി പറഞ്ഞു.
ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തിനും തുല്യതയെന്ന ഭരണഘടന തത്വങ്ങളെയും ബഡ്ജറ്റ് നിരാകരിച്ചതായി ജെബി മേത്തർ എം.പി പറഞ്ഞു.
ദോഷകരം: വ്യാപാരികൾ
ചെറുകിട, ഇടത്തരം വ്യാപാരിസമൂഹത്തെ അവഗണിക്കുന്നതും വളഞ്ഞവഴിയിലൂടെ കുത്തകകൾക്കും ഓൺലൈൻ വ്യാപാരത്തിനും പ്രോത്സാഹനം ചെയ്യുന്നതാണ് ബഡ്‌ജറ്റെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ് പറഞ്ഞു. വ്യാപാരികൾക്ക് ആശാവഹമായ യാതൊന്നുമില്ല. കോർപ്പറേറ്റുകൾക്കും ഓൺലൈൻ വ്യാപാരത്തിനും കൂടുതൽ പ്രോത്സാഹനം നൽകുന്നത് ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് തിരിച്ചിടിയാകും.
പ്രചോദനം: ഡോ. ആസാദ് മൂപ്പൻ
ബഡ്‌ജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും സമഗ്രവികസനത്തിന് പ്രചോദനം നൽകുന്നതാണെന്ന് ആസ്റ്റർ ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയില്ലെങ്കിലും ബഡ്‌ജറ്റ് വിഹിതമായ 89,287 കോടി രൂപ മുൻവർഷത്തെക്കാൾ 12.5 ശതമാനം വർദ്ധിച്ചത് പ്രതീക്ഷ നൽകുന്നു.
എക്‌സ്‌റേ ട്യൂബുകളുടെയും ഫ്‌ളാറ്റ് പാനൽ ഡിറ്റക്ടറുകളുടെയും കസ്റ്റംസ് തീരുവയിൽ ഇളവ്, മൂന്ന് കാൻസർ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കൽ തുടങ്ങിയവ ആശ്വാസം നൽകും. ആരോഗ്യമേഖലയിൽ സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കാനും ഗ്രാമ, നഗര വിഭജനം പരിഹരിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിഗണന പോര: എം.എസ്.എം.ഇ
ബഡ്‌ജറ്റിൽ ചെറുകിട സൂക്ഷ്‌മ വ്യവസായ മേഖലയ്ക്ക് (എം.എസ്.എം.ഇ ) കാര്യമായ പരിഗണന ലഭിച്ചില്ലെന്ന് കേരള സ്‌റ്റേറ്റ് സ്‌മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പറഞ്ഞു.
തൊഴിൽ, നൈപുണ്യവികസനം, അടിസ്ഥാനസൗകര്യ വികസനം, ഊർജം തുടങ്ങിയവയ്ക്ക് മുൻഗണന നൽകിന്ന ബഡ്‌ജറ്റ് സ്വാഗതാർഹമാണെന്ന് പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി പി.ജെ. ജോസ് എന്നിവർ പറഞ്ഞു.
കൊള്ളാം: ഫിക്കി
സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ബഡ്‌ജറ്റാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ.എം.ഐ സഹദുള്ള പറഞ്ഞു. പൊതുമേഖലയിലെ ഊന്നൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, സ്ത്രീകൾ, കർഷകർ, എം.എസ്.എം.ഇകൾ എന്നിവയ്ക്ക് പിന്തുണ, സുസ്ഥിരതയും ഹരിത സമ്പദ്‌വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ എന്നിവ അഭിനന്ദനാർഹമാണ്. ചെമ്മീൻ കൃഷി, സംസ്‌കരണം, കയറ്റുമതി എന്നിവയ്ക്കായി തുക വർദ്ധിപ്പിച്ചത് അഭിനന്ദനാർഹമാണെങ്കിലും സമുദ്ര ഭക്ഷ്യോത്പന്ന മേഖലയിലെ ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |