പൊന്നാനി : ബയോഫ്‌ളോക്ക് മത്സ്യകൃഷിക്ക് ജില്ലയിൽ താത്പര്യം കൂടുന്നു. ഏറെ സൂക്ഷ്മത വേണ്ടതും വലിയ ലാഭം നൽകുന്നതുമായ കൃഷി രീതിയാണിത്. നല്ല ബാക്ടീരിയ ഉപയോഗിച്ചാണ് ടാങ്കുകളിൽ മത്സ്യകൃഷി. നിലവിലുള്ള മത്സ്യകൃഷി രീതികളെക്കാൾ കുറഞ്ഞ സ്ഥലസൗകര്യം മതി. ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ വിളവ് ലഭിക്കും. ഉയർന്ന സാന്ദ്രതയുള്ള കൃത്രിമടാങ്കുകളിലാണ് മത്സ്യം ഉത്പാദിപ്പിക്കുക. ചെറിയ ടാങ്കുകളിലായി 2000 കിലോ മത്സ്യം വളർത്താൻ 150 മുതൽ 200 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും മതിയായ ജലവിതരണവും മതിയാകും. മലപ്പുറം ജില്ലയിൽ പൊന്നാനി, കുറ്റിപ്പുറം, പുറത്തൂർ, വെട്ടം, താനൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം തുടങ്ങി ഒൻപതു ക്ലസ്റ്ററുകളിലാണ് ജില്ലയിൽ ബയോഫ്‌ളോക് മത്സ്യകൃഷി നിലവിൽ നടക്കുന്നത്. വന്നാമി ചെമ്മീൻ, തിലോപ്പിയ, വരാൽ തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും ഈ രീതിയിൽ കൃഷി ചെയ്യുന്നത്. യൂണിറ്റിന് ചെലവ് വരുന്നത് സാധാരണ രീതിയിൽ ഏഴര ലക്ഷം രൂപയാണ് . എന്നാൽ എസ്.സി, എസ്.ടി. വിഭാഗത്തിനും വനിതകൾക്കും അറുപതു ശതമാനം സബ്സിഡി ലഭിക്കും.
നിലവിൽ ആദ്യത്തെ വർഷം മത്സ്യകുഞ്ഞുങ്ങളെയും ഒപ്പം തീറ്റയും ഗവൺമെന്റ് നൽകും. എന്നാൽ കരാർ അനുസരിച്ചു അടുത്ത വർഷങ്ങളിലും ഈ കൃഷി കർഷകർ തുടരണം. ഈ കൃഷി രീതിക്ക് ചുരുങ്ങിയത് അഞ്ചു ഡയമീറ്ററിന്റെ നാല് ടാങ്കോ അല്ലെങ്കിൽ പത്തു ഡയമീറ്ററിന്റെ രണ്ട് ടാങ്കോ ആണ് വേണ്ടത് . ഈ ടാങ്കിൽ ഫ്‌ളോക്ക് ഇട്ട് കൊടുക്കും. മണ്ണ്, ശർക്കര എന്നിവ ഉപയോഗിച്ചാണ് ഫ്‌ളോക്ക് നിർമ്മാണം. അതിൽ നിന്നും നല്ല ബാക്ടീരിയകളെ ഇരട്ടിപ്പിക്കും. കാർബൺ അളവ് നിലനിറുത്താനാണ് ശർക്കര ഉപയോഗിക്കുന്നത്.
ഏറെ ശ്രദ്ധ വേണം
ജില്ലയിൽ ഒരുപാട് പേർ ബയോഫ്ളോക്ക് രീതിയിൽ വരുമാനം നേടുന്നുണ്ട്.പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിക്ക് കീഴിലാണ് നടപ്പാക്കുന്നത്.
ഡോ. എൻ.വി. കൃപ, ജില്ലാ പ്രോഗ്രാം മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |