അമ്പലപ്പുഴ : ട്രോളിംഗ് നിരോധന കാലയളവിൽ, പരമ്പരാഗത വള്ളങ്ങളിൽ പോയി കടലിൽ നിന്ന് പിടിച്ചുകൊണ്ടുവരുന്ന മീനുകൾക്ക് ന്യായവില കിട്ടാത്തത് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നു. ട്രോളിംഗ് നിരോധന കാലമായിട്ടും മത്തിയൊഴികെയുള്ളവയ്ക്ക്
പ്രതീക്ഷിച്ച വില ലഭിച്ചില്ല. എന്നാൽ, തീരത്തുനിന്ന് തീരെ വിലകുറച്ചെടുത്ത മത്സ്യം തീ വിലക്കാണ് വിപണിയിൽ വിറ്റഴിച്ചത്. ചെറുകിട കച്ചവടക്കാരും ഇടനിലക്കാരുമാണ് നേട്ടമുണ്ടാക്കുന്നത്. ചാകരയിലെ പ്രധാന ഇനമായ ചെമ്മീനിന്റെ വിലയിടിവാണ് മത്സ്യത്തൊഴിലാളികൾക്ക് വൻ തിരിച്ചടിയായത്. ചെമ്മീന്റെ മൊത്തവില കിലോയ്ക്ക് നൂറു രൂപയിൽ താഴെ വരെയെത്തി. എന്നാൽ, 250 രൂപയ്ക്കാണ് ചില്ലറവിപണിയിൽ വിറ്റത്. ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയതാണ് വിലയിടിയാൻ കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
ട്രോളിംഗ് നിരോധനം ഇനി ഒരാഴ്ചകൂടിയേയുള്ളൂ. അതുകഴിഞ്ഞ് ബോട്ടുകൾ കടലിൽ ഇറക്കാൻ തുടങ്ങിയാൽ മീനിന്റെ വില ഇനിയും താഴും.
കരയിൽ നിൽക്കുന്നവർ കാര്യക്കാർ !
1.ജില്ലയുടെ തീരത്ത് നിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ ദിവസേന എത്തുന്നത്.
2.നിരവധി പൊന്തുവലക്കാരുടെ മീനും ഇവിടെയാണ് ലേലം ചെയ്യുന്നത്.
3.പതിനായിരങ്ങൾ ഇന്ധനത്തിന് ചെലവാക്കി കടലിനോട് മല്ലടിച്ചാണ് മീനെത്തിക്കുന്നത്
4. മീൻ തീരത്തെത്തുമ്പോൾ കുടയും ചൂടി കരയിൽ നിൽക്കുന്നവരാണ് വില നിശ്ചയിക്കുന്നത്
കൊഴുവ, പൊടിമീൻ വില (കിലോയ്ക്ക്)
ഹാർബറിൽ: ₹40
വഴിയോര തട്ടുകളിൽ : ₹ 200
ഏറെ പ്രതീക്ഷയോടെ പുലർച്ചെ നാലുമണിയോടെ കടലില്‍ പോയി വള്ളങ്ങൾ മീനുമായി തോട്ടപ്പള്ളി ഹാർബറിൽ എത്തുമ്പോൾ ആവശ്യക്കാർ ഇല്ലാത്ത അവസ്ഥയാണ്
- മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |