കൊല്ലം: ഈ വർഷത്തെ കർക്കടകവാവ് ബലി ആഗസ്റ്റ് 3ന് പുലർച്ചെ മുതലാണെന്ന് അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം ജില്ലാ കമ്മിറ്റി അറിയിച്ചു. രണ്ട് ദിവസം കറുത്തവാവ് വന്നാൽ ആദ്യദിവസം അസ്‌തമയ സമയത്ത് ആറ് നാഴികനേരം അമാവാസി തിഥി വന്നാൽ അന്ന് പ്രഭാതത്തിൽ ശ്രാദ്ധം ചെയ്യണമെന്നാണ് ജ്യോതിഷവിധി. അസ്‌തമയത്തിന് മുമ്പ് മൂന്നേമുക്കാൽ നാഴികയെങ്കിലും പ്രഥമതിഥി ലഭിച്ചാൽ അതിന്റെ തലേദിവസം ശ്രാദ്ധമെന്നും അതിന്റെ തലേന്ന് ഒരിക്കലെന്നും മറ്റൊരു ജ്യോതിഷനിയമം കൂടിയുണ്ട്. കലണ്ടറിൽ കറുത്തവാവ് ഞായറാഴ്ചയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് സംശയമുണ്ടാകാം. ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജ്യോതിഷ നിയമങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ദേവസ്വം ബോർഡുകൾ കർക്കടകവാവ് ബലികർമ്മം ശനിയാഴ്ചയാണെന്ന് പ്രസ്താവിച്ചതും ഈ ജ്യോതിഷ നിയമങ്ങൾ അനുസരിച്ചാണ്. പ്രസിഡന്റ് അശോകൻ പട്ടാഴി, മോഹൻ ചേരൂർ, രക്ഷാധികാരി അനിൽ വെളിച്ചപ്പാടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |