ശ്രീനഗർ: കാർഗിലിൽ നുഴഞ്ഞു കയറിയ പാക് സെെന്യത്തെ തുരത്തി ഇന്ത്യൻ സേന നേടിയ വിജയത്തിന്റെ 25-ാം വാർഷികാഘോഷത്തിൽ സെെനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്രാസിലെ യുദ്ധ സ്മാരകത്തിലായിരുന്നു ചടങ്ങ്. കാർഗിലിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണെന്നും ഓരോ സെെനികന്റെയും ത്യാഗത്തെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. സേനയുടെ ആഭിമുഖ്യത്തിൽ ഇന്നലെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
വീരമൃത്യു വരിച്ച സൈനികരുടെ വിധവകളുമായി പ്രധാനമന്ത്രി സംസാരിക്കും. അതിർത്തിയിൽ സേനാനീക്കം സുഗമമാക്കാനുള്ള ഷിൻകു ലാ ടണലിന്റെ നിർമ്മാണത്തിനും മോദി തുടക്കം കുറിക്കും. 15,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമ്മു - പടും - ദാർച്ച റോഡിൽ 4.1 കിലോമീറ്റർ നീളത്തിലാണ് ഇരട്ട തുരങ്കം നിർമ്മിക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാം. ലോകത്ത് ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കമാണിത്.
ഇന്ത്യയുടെ സംയമനം മുതലെടുത്ത് അതിർത്തി കയ്യേറിയും നിഴൽ യുദ്ധങ്ങൾ നടത്തിയുമുള്ള പാകിസ്ഥാൻ പ്രകോപനങ്ങൾ സ്വാതന്ത്ര്യാനന്തരം ഏറെയുണ്ട്. അക്കൂട്ടത്തിൽ ചുട്ടമറുപടി നൽകിയ, ലോക യുദ്ധ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത ഒന്നാണ് കാർഗിൽ യുദ്ധം. വ്യത്യസ്‌ത ഭാഷയും വ്യത്യസ്‌ത സംസ്‌കാരങ്ങളുമുള്ള ഇന്ത്യ എന്ന വികാരത്തെ ഒന്നിച്ചു നിറുത്തുന്ന നമ്മുടെ ധീരസൈനികർ നേടിത്തന്ന വിജയത്തിന് അഥവാ വിജയ ദിവസമാണിന്ന്. 1999 മേയ് മുതൽ രണ്ട് മാസം നീണ്ടുനിന്ന് യുദ്ധത്തിൽ 527 ജവാൻമാരാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |