ചെറുവത്തൂർ: മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി കരയിലും വിവിധ ഹാർബറുകളിലും നിർത്തിയിട്ട യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങാൻ തയാറായി. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധന കാലാവധി ജൂലായ് 31ന് അർദ്ധരാത്രിയോടെ പൂർത്തിയാകുന്നതോടെ, ചാകര പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങുന്നത്.
രണ്ടു മാസത്തോളമായി കാര്യമായ ജോലിയും കൂലിയുമില്ലാതെ കഴിയുകയായിരുന്നു, കടലിനെ ആശ്രയിച്ചു കഴിയുന്ന തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളും അനുബന്ധ തൊഴിലാളികളും. ട്രോളിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി സ്വന്തം നാട്ടിലേക്ക് പോയ സമീപ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങി. ഗോവ, കർണാടക, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടക്കര, തൈക്കടപ്പുറം എന്നീ മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും കടലിൽ പോകുന്ന ബോട്ടുകളിലെ വലിയൊരു വിഭാഗം തൊഴിലാളികളും.
ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയും വലകൾ നന്നാക്കിയും തുറമുഖത്ത് തയ്യാറാകുകയാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത രീതിയിൽ യാനങ്ങളിൽ കടലിലിറങ്ങുന്നതും മീൻപിടുത്തവും നിരോധിച്ചിട്ടില്ല. എന്നാൽ വളരെ ചെറിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളാണ് പരമ്പരാഗത രീതിയിൽ മത്സ്യബന്ധനത്തിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ കടൽ വിഭവങ്ങളുടെ ലഭ്യതക്കുറവ് മീനുകളുടെ വൻ വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ ഇഷ്ടഭോജ്യമായ മത്തിക്കും അയിലക്കുമൊക്കെ സർവ്വകാല റിക്കാർഡും ഭേദിച്ച് കിലോവിന് 300ന് മുകളിലേക്കെത്തിയിരുന്നു. നിരോധനം നീങ്ങുന്നതോടെ കൂടുതൽ ബോട്ടുകൾ കടലിലിറങ്ങുകയും കൂടുതൽ മത്സ്യങ്ങൾ കരയിലെത്തുകയും ചെയ്യുന്നതോടെ കടൽ മത്സ്യങ്ങളുടെ വിലക്കയറ്റത്തിന് ശമനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.
200 ബോട്ടുകൾ
ജില്ലയിൽ 200 ബോട്ടുകളാണ് കടലിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ ചെറുവത്തൂർ മടക്കരയും നീലേശ്വരം തൈക്കടപ്പുറവും കേന്ദ്രീകരിച്ചാണ് ഭൂരിപക്ഷം ബോട്ടുകളും ഓപ്പറേറ്റ് ചെയ്യുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വള്ളങ്ങളിൽ കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വള്ളം നിറയെ ചെമ്മീൻ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ശുഭ പ്രതീക്ഷയോടെയാണ് കടലിലിറങ്ങുന്നത്.
മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |